Sorry, you need to enable JavaScript to visit this website.

മസ്തിഷ്‌ക മരണ പ്രഖ്യാപനം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; സർക്കാരിന്റെ വിശദീകരണം തേടി

കൊച്ചി- ഒരു വ്യക്തിയെ മസ്തിഷ്‌ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കുന്നത് നിയമ വിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ. എസ്.ഗണപതി ഹൈക്കോടതിയിൽ പൊതു താൽപര്യ ഹരജി സമർപ്പിച്ച കേസിൽ സർക്കാരിന്റെ വിശദീകരണം തേടി. കഴിഞ്ഞ നാലു വർഷത്തെ മസ്തിഷ്‌ക മരണക്കേസുകളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഇതിനു പിന്നിലെ, അവയവക്കച്ചവട താത്പര്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.


മസ്തിഷ്‌ക കോശങ്ങൾ പ്രവർത്തിക്കുന്നില്ല എന്നതിന്റെ പേരിൽ മാത്രം ഒരാൾക്കു മസ്തിഷ്‌ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കുന്നത് നിയമപരവും ധാർമികവുമായി തെറ്റാണെന്ന് ഹരജിയിൽ പറയുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചാൽ പിന്നെ ജീവിതത്തിലേക്കു തിരിച്ചുവരവില്ലെന്നാണ് ട്രാൻസ്പ്ലാന്റ് സർജൻമാർ ആളുകളെ വിശ്വസിപ്പിക്കുന്നത്. ഇതു വസ്തുതാപരമായി തെറ്റാണ്. ശ്വസിക്കാനാവില്ല എന്നതു മാത്രമാണ് മസ്തിഷ്‌ക മരണം സംഭവിച്ച ഒരാൾക്കു സംഭവിക്കുന്നത്. ഇത്തരം ആളുകളുടെ ഹൃദയം സാധാരണ പോലെ പ്രവർത്തിക്കുകയും നാഡി മിടിപ്പ് നോർമൽ  ആയിരിക്കുകയും ചെയ്യും. ഇത്തരം ആളുകൾക്കു ദ്രാവക രൂപത്തിൽ ഭക്ഷണം നൽകാനാവും. അത് ശരീരം ആഗിരണം ചെയ്യുന്നുണ്ടെന്നും ഹരജിയിൽ പറയുന്നു. ഒരു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പത്തു മുതൽ പതിനഞ്ചു ലക്ഷം വരെയാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. പാൻക്രിയാസ് മാറ്റിവയ്ക്കലിന് പതിനഞ്ചു മുതൽ 20 ലക്ഷം വരെയാണ്. കരളിന് 20-30 ലക്ഷവും ഹൃദയത്തിന് 30-35 ലക്ഷവും ഈടാക്കുന്നു. അതായത് മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങൾ കൊണ്ട് ഒന്നര കോടി മുതൽ രണ്ടു കോടി രൂപ വരെ കച്ചവടമാണ് നടക്കുന്നതെന്നും ഹരജിക്കാരൻ ആരോപിച്ചു.

Latest News