കോട്ടയം- കുടുതൽ സീറ്റിനായി വാദിക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വഴങ്ങേണ്ടതില്ലെന്നാണ് കോൺഗ്രസ് തീരുമാനം. ജില്ലയിൽ ആറു സീറ്റിൽ മത്സരിക്കാനും കോൺഗ്രസ് തീരുമാനിച്ചു.
കേരള കോൺഗ്രസ് ജോസഫിന് ജില്ലയിൽ അങ്ങേയറ്റം മൂന്നു സീറ്റ് നൽകാനാണ് പരിപാടി. ജില്ലയിൽ കാര്യമായ വേരുകളില്ലാത്ത പാർട്ടിയാണ് ജോസഫ് വിഭാഗമെന്ന് തദ്ദേശ തെരഞ്ഞെടുപ്പോടെ തെളിഞ്ഞ സാഹചര്യത്തിലാണിത്. ജോസഫ് ഗ്രൂപ്പിൽ 60 വയസ്സ് പിന്നിട്ട മുതിർന്ന നേതാക്കൾ മാത്രമാണ് ജോസഫ് ഗ്രൂപ്പിലുള്ളതെന്നും അതിനാൽ കൂടുതൽ സീറ്റ് നൽകിയിട്ട് ഒരുനേട്ടവും ഉണ്ടാകില്ലെന്നും കോൺഗ്രസ് നേതൃയോഗത്തിൽ അഭിപ്രായമുയർന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ 8 സീറ്റ് നൽകിയതിൽ ജില്ലാപഞ്ചായത്തിൽ 2 സീറ്റിൽ മാത്രമാണ് വിജയിക്കാനായതെന്നതും ചൂണ്ടികാണിക്കപ്പെട്ടു.
ജോസഫ് വിഭാഗത്തിന് കടുത്തുരുത്തി, ചങ്ങനാശ്ശേരി, പാലാ മണ്ഡലങ്ങൾ നൽകാമെന്നാണു ധാരണ. ഇതിൽ കടുത്തുരുത്തി സിറ്റിംഗ് സീറ്റാണ്.
ജോസഫ് വിഭാഗം 15 സീറ്റാണ് ആവശ്യപ്പെടുന്നത്. 12 കിട്ടുമെന്ന പ്രതീക്ഷയിലാണ് ജോസഫ്. പക്ഷേ ഏഴു സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ജോസഫിന് ഉറപ്പു നൽകിയിട്ടുണ്ട്. ജയസാധ്യത കൂടി കണക്കിലെടുത്ത് എട്ടു വരെ എന്നതിലാണ് അവർ നിൽക്കുന്നത്. എന്നാൽ 12 എണ്ണം ഉറപ്പാക്കിയ ശേഷം ജയസാധ്യതയുടെ അടിസ്ഥാനത്തിൽ വച്ചുമാറ്റം ആലോചിക്കാം എന്നാണു ജോസഫ് മറുപടി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. അതുകൊണ്ട് തന്നെ മുസ്‌ലിം ലീഗിന് കൂടുതൽ സീറ്റ് നൽകാനും യു.ഡി.എഫിൽ നീക്കമുണ്ട്. ഇത് അനുചിതമായ നിലപാടാണെന്നും ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ആറു സീറ്റുകളിൽ മത്സരിക്കണമെന്ന് ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ നടന്ന കോൺഗ്രസ് നേതൃയോഗത്തിലെ അഭിപ്രായം. തെരഞ്ഞെടുപ്പ് കാര്യം ചർച്ച ചെയ്യുന്നതിനായി ഇന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കോട്ടയത്ത് എത്തും. നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തും. 2016 ൽ കേരള കോൺഗ്രസ് (എം) മത്സരിച്ച കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ ഇത്തവണ കോൺഗ്രസ് മത്സരിക്കണമെന്നാണ് പൊതുനിർദേശം. ജില്ലയിലെ ഒൻപതു സീറ്റിൽ ആറിൽ കേരള കോൺഗ്രസും മൂന്നിൽ കോൺഗ്രസുമാണ് മത്സരിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും ജില്ലയിലെ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുമാണ് യോഗത്തിൽ പങ്കെടുത്തത്. ജില്ലയിലെ പ്രവർത്തകരുടെ അഭിപ്രായം യു. ഡി.എഫ്, കെ.പി.സി.സി നേതൃത്വത്തെ അറിയിക്കാമെന്ന് ഉമ്മൻചാണ്ടി ഉറപ്പുനൽകി.
എൽ.ഡി.എഫ് വിട്ടു വന്നാൽ പാലായിൽ മാണി സി. കാപ്പനെ യു.ഡി.എഫ് സ്ഥാനാർഥിയാക്കണമെന്നാണ് അഭിപ്രായം. കാപ്പൻ പാലായിൽ സ്ഥാനാർഥിയാകാൻ ഇടയുണ്ടെന്ന് പി.ജെ. ജോസഫ് സൂചന നൽകിയിട്ടുണ്ട്. പക്ഷേ എൻ.സി.പി പ്രശ്‌നം പരിഹരിച്ച് ഇടതുമുന്നണിയിൽ തന്നെ കാപ്പൻ തുടരുകയാണെങ്കിൽ പാലായിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തണം. പാലായിൽ പി.സി. ജോർജ് മത്സരിച്ചാൽ പിന്തുണയ്ക്കണമെന്നും അഭിപ്രായം ഉയർന്നു. ജോർജിനെ യു.ഡി.എഫിൽ എടുക്കുന്നതു സംബന്ധിച്ച് യോഗത്തിൽ അഭിപ്രായ ഭിന്നതയുണ്ടായി. ഒരു വിഭാഗം നേതാക്കൾ ജോർജിനെ അനുകൂലിച്ചു. എന്നാൽ ഈരാറ്റുപേട്ട, മുണ്ടക്കയം മേഖലയിലെ നേതാക്കൾ ശക്തമായി എതിർത്തു.