കൽപറ്റ - മലബാർ, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾക്കുചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ അലയൊലി കെട്ടടങ്ങുംമുമ്പ് വയനാട് വന്യജീവി സങ്കേതത്തിന്റെ അതിരുകളോടുചേർന്നു പരിസ്ഥിതിലോല മേഖല നിർണയിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരടു വിജ്ഞാപനം പുറപ്പെടുവിച്ചു. ജനുവരി 28 ലെ കരടുവിജ്ഞാപനം വയനാടിനെ വീണ്ടും സമരച്ചൂടിലേക്കു നയിക്കുമെന്നു ഉറപ്പായി. കരടുവിജ്ഞാപനത്തെക്കുറിച്ചു അറിഞ്ഞയുടൻ പ്രതിഷേധവുമായി നിരവധി സംഘടനകളാണ് രംഗത്തുവന്നത്. കരടുവിജ്ഞാപനം വയനാട്ടിൽ തെരഞ്ഞെടുപ്പുവിഷയമാകുമെന്നതിന്റെ സൂചനകളും ഉയർന്നു കഴിഞ്ഞു.
വന്യജീവി സങ്കേതത്തിന്റെ അതിരിൽനിന്നു പൂജ്യം മുതൽ 3.4 കിലോമീറ്റർ വരെ ചുറ്റളവിലുള്ള പ്രദേശമാണ് കരടുവിജ്ഞാപനത്തിൽ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തിയത്. 118.50 ചതുരശ്ര കിലോമീറ്ററാണ് കരടിൽ പറയുന്ന പരിസ്ഥിതിലോല മേഖലയുടെ ആകെ വിസ്തൃതി.
ഇതിൽ 99.5 ചതുരശ്ര കിലോമീറ്റർ വന്യജീവി സങ്കേതത്തിനു പുറത്താണ്. വടക്കേവയനാട് ഡിവിഷനിലെ തിരുനെല്ലി റിസർവിലുള്ള 8.89 ചതുരശ്ര കിലോമീറ്റർ പ്രദേശവും വടക്കേവയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽപ്പെട്ട 17.67 ചതുരശ്ര കിലോമീറ്റർ ഭൂമിയും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടും. മാനന്തവാടി താലൂക്കിൽ തിരുനെല്ലി, തൃശിലേരി, ബത്തേരി താലൂക്കിൽ പുൽപ്പള്ളി, ഇരുളം, കിടങ്ങനാട്, നൂൽപ്പുഴ എന്നിങ്ങനെ ആറു വില്ലേജുകളും 57 ജനവസകേന്ദ്രങ്ങളുമാണ് പരിസ്ഥിതി ലോല മേഖലാപരിധിയിൽ വരിക. തെക്കേവയനാട്ടിലെ പ്രധാന പട്ടണമായ ബത്തേരിയും വടക്കേവയനാട്ടിലെ ചെറുപട്ടണമായ കാട്ടിക്കുളവും ഇതിൽ ഉൾപ്പെടും. പരിസ്ഥിതിലോല മേഖലകളിൽ നിയമപരമായി ബാധകമാകുന്ന നിരോധനങ്ങളും നിയന്ത്രണങ്ങളും ഈ വില്ലേജുകളിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്നു ചൂണ്ടിക്കാട്ടുന്നവർ നിരവധിയാണ്.
ബത്തേരി, കുറിച്യാട്, മുത്തങ്ങ, തോൽപ്പെട്ടി റേഞ്ചുകൾ അടങ്ങുന്നതാണ് 1973 ൽ നിലവിൽവന്ന വയനാട് വന്യജീവി സങ്കേതം. ഇതിൽ തോൽപ്പെട്ടി മാനന്തവാടി താലൂക്കിലും മറ്റുള്ളവ ബത്തേരി താലൂക്കിലുമാണ്. 344 ചതുരശ്ര കിലോമീറ്ററാണ് സങ്കേതത്തിന്റെ വിസ്തൃതി. കാടും നാടും ഇടകലർന്നു കിടക്കുന്നതു സങ്കേതത്തിന്റെ സവിശേഷതയാണ്. ജനവാസകേന്ദ്രങ്ങൾ ഒഴിപ്പിച്ചെടുക്കാതെയാണ് വന്യജീവി സങ്കേത പ്രഖ്യാപനം നടത്തിയത്. കേന്ദ്രാവിഷ്‌കൃത സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയിൽ ജനവാസകേന്ദ്രങ്ങൾ ഒഴിപ്പിച്ചുവരികയാണ്. മനുഷ്യ-വന്യജീവി സംഘർഷം അതിരൂക്ഷമായ 14 ഗ്രാമങ്ങളെയാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയത്. കർണാടകയിലെ നാഗർഹോള, ബന്ദിപ്പുര, തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതങ്ങളുമായി അതിരിടുന്നതാണ് വയനാട് വന്യജീവി സങ്കേതം. 1992 ൽ സങ്കേതത്തെ പ്രൊജക്ട് എലിഫന്റിൽ ഉൾപ്പെടുത്തിയിരുന്നു.
വയനാട് വന്യജീവി സങ്കേതത്തിനുചുറ്റും പരിസ്ഥിതിലോല മേഖല പ്രഖ്യാപിക്കുന്നതിനു നീക്കം 2013 ൽ നടന്നിരുന്നു. ശക്തമായ പ്രതിഷേധമാണ് സമൂഹത്തിന്റെ വിവിധ തുറകളിൽ അക്കാലത്തു ഉയർന്നത്.
1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ മൂന്നാം വകുപ്പും പരിസ്ഥിതി സംരക്ഷണ ചട്ടങ്ങളിലെ അഞ്ച് (ഒന്ന്) പ്രകാരവും സംസ്ഥാന സർക്കാരിന്റെ ശിപാർശയനുസരിച്ച് കേന്ദ്ര സർക്കാർ വന്യമൃഗ സങ്കേതങ്ങൾക്കുചുറ്റും വിജ്ഞാപനം ചെയ്യുന്ന പ്രദേശങ്ങളാണ് പാരിസ്ഥിതിക ലോല മേഖലകൾ. ഈ മേഖലകളിൽ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾക്ക് നിരോധനമോ നിയന്ത്രണമോ ഉണ്ടാകും.
പാരിസ്ഥിതിക ലോല മേഖല പ്രഖ്യാപനം വയനാട് വന്യജീവി സങ്കേതത്തിന്റെ അതിരുകളിൽ ജനജീവിതം പ്രയാസകരമാകുമെന്നാണ് സമൂഹികപ്രവർത്തകരുടെയും മറ്റും അഭിപ്രായം. പാരിസ്ഥിതിക ലോല മേഖലകളിലെ പ്രവൃത്തികളെയും പദ്ധതികളെയും നിരോധിക്കേണ്ടത്, നിയന്ത്രിക്കേണ്ടത്, പ്രോത്സാഹിപ്പിക്കേണ്ടത് എന്നിങ്ങനെ മൂന്നായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തരംതിരിച്ചിട്ടുണ്ട്. ഇതനുസരിച്ച് സംവേദക മേഖലകളിൽ കരിങ്കൽ ക്വാറികൾ, ജലം, വായു, മണ്ണ്, ശബ്ദം എന്നിവ മലിനപ്പെടുത്തുന്ന വ്യവസായങ്ങൾ, വാണിജ്യാടിസ്ഥാനത്തിലുള്ള വിറക് ഉപയോഗം, വൻകിട ജലവൈദ്യുത പദ്ധതികൾ, സ്‌ഫോടക വസ്തുക്കളുടെ നിർമാണവും ഉപയോഗവും, വിമാനം, ഹോട്ട് എയർ ബലൂൺ എന്നിവ ഉപയോഗിച്ചുള്ള വിനോദസഞ്ചാരം, ഖര-ദ്രവ മാലിന്യ നിക്ഷേപം എന്നിവയ്ക്ക് നിരോധനം വരും.
മരംമുറി, ഈർച്ച മില്ല്, ഹോട്ടൽ-റിസോർട്ട് നിർമാണം, കാർഷിക വ്യവസ്ഥകളിലെ മാറ്റങ്ങൾ, വൈദ്യുതി കേബിൾ വലിക്കൽ, ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും പരിസരങ്ങൾ വേലികെട്ടിത്തിരിക്കൽ, വ്യാപാരസ്ഥാപനങ്ങളിൽ പോളിത്തീൻ സഞ്ചി ഉപയോഗം, റോഡ് വീതികൂട്ടൽ, രാത്രിയിലെ വാഹനഗതാഗതം, നദീതടങ്ങളുടെയും കുന്നിൻചരിവുകളുടെയും സംരക്ഷണം, വാഹന മലിനീകരണം എന്നിവ നിയന്ത്രണവിധേയമാകും. പ്രാദേശിക ജനസമൂഹം തുടർന്നുപോരുന്ന കൃഷി, മഴവെള്ള സംഭരണം, ജൈവകൃഷി, പാരമ്പര്യേതര ഊർജ സ്രോതസുകളുടെ ഉപയോഗം, ഹരിത സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയ്ക്കാണ് സംവേദക മേഖലകളിൽ പ്രോത്സാഹനം ലഭിക്കുക.