കോട്ടയം- എന്‍.സി.പി ഇടതുമുന്നണി വിടില്ലെന്ന് ഏറെക്കുറെ വ്യക്തമായതോടെ പാലാ സീറ്റിന്റെ കാര്യത്തിലും ധാരണയായെന്നാണു സൂചനകള്‍. പാലാ വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ തന്നെയാണ് എന്‍.സി.പി ദേശീയ നേതൃത്വം. ഇന്നലെ ദല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ എന്‍.സി.പി സംസ്ഥാന നേതാക്കളെ കൂടാതെ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ പങ്കെടുത്തു. ഈ ചര്‍ച്ചയിലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് ആവര്‍ത്തിച്ചതെങ്കിലും നിലപാടില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ തയാറാണെന്നു വ്യക്തം.
മാണി സി. കാപ്പന് പാലായില്‍ മത്സരിക്കണമെന്നു തന്നെയാണ് ആഗ്രഹം. പക്ഷേ ഇടതു ഘടകകക്ഷിയായ ജോസ് പക്ഷത്തിന്റെ കടുത്ത എതിര്‍പ്പോടെ മത്സരിച്ചിട്ടും കാര്യമില്ലെന്നാണ് നേതാക്കളുടെ പക്ഷം. ഇതോടെയാണ്് വിട്ടുവീഴ്ച്ചയിലേക്ക് നീങ്ങുന്നത്. പാലാ ഉപേക്ഷിച്ചാല്‍ പകരം മുന്നോട്ടുവയ്ക്കുന്ന ഓഫറുകളിലാണ് എന്‍.സി.പി ഉറ്റുനോക്കുന്നത്്. രാജ്യസഭാ സീറ്റോ വിജയസാധ്യതയുള്ള സീറ്റോ കിട്ടിയാല്‍ മാണി സി. കാപ്പന്‍ പാല വിട്ടു കൊടുക്കാനുള്ള സാധ്യത തുറന്നുപറയുന്നുണ്ട്. സി.പി.എമ്മുമായുള്ള ചര്‍ച്ച വഴി കാപ്പന്‍ അനുനയ നിലപാടിലാണ് അല്ലെങ്കില്‍ മുന്നണിയില്‍ ഒറ്റപ്പെട്ട് തനിയെ പുറത്തു പോവേണ്ട അവസ്ഥ വരും. ശരദ് പവാറിനെ ധിക്കരിച്ച് മുന്നണി വിടാനും കഴിയില്ല.
മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് എന്‍.സി.പി കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുണ്ട്. പാലാ സീറ്റ് അനുവദിച്ചില്ലെങ്കില്‍ വിജയസാധ്യതയുള്ള മറ്റൊരു സീറ്റും രാജ്യസഭാ സീറ്റും വേണമെന്ന നിലപാടും എന്‍.സി.പിക്കുള്ളതിനാല്‍ ചര്‍ച്ചയില്‍ ഈ കാര്യമാവും ഉയര്‍ന്നുവരിക. കാപ്പന്‍ ഇതിനോട് യോജിച്ചെങ്കിലും വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് പുറത്തു വരുന്നത്. എന്നാല്‍ ജോസ് പക്ഷത്തിന് സീറ്റു വിട്ടുകൊടുക്കാനാണ് സി.പി.എം ശ്രമം. ഇത്തരത്തിലുളള ധാരണയോടെയാണ് ജോസ് പക്ഷം ഇടതുമുന്നണിയിലെത്തിയത്് തന്നെ.
എന്‍.സി.പിയിലെ പിളര്‍പ്പിനുളള ഘടകം ഇല്ലാതാവുന്നതോടെ കാപ്പന്‍ മുന്നണിയിലേക്ക് വന്നാല്‍ പാലായില്‍ സ്ഥാനാര്‍ഥി ആക്കാനിരുന്ന യു.ഡി.എഫിനും താല്‍ക്കാലിക തിരിച്ചടിയായി എന്‍.സി.പിയെ പിളര്‍ത്തി കാപ്പനെയും കൂട്ടരെയും മുന്നണിയില്‍ എത്തിക്കാമെന്നും അതുവഴി പാല നിലനിര്‍ത്താമെന്നുമായിരുന്നു യുഡിഎഫ് കണക്കുകൂട്ടല്‍. കാപ്പന്‍ മുന്നണിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി എന്‍ സി പിയില്‍ തുടരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പി.സി ജോര്‍ജിനെ തന്നെ മുന്നണിയില്‍ എത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഇനി പി.സി ജോര്‍ജിനെ മുന്നണിയില്‍ എത്തിച്ച് പാലായില്‍ മത്സരിപ്പിക്കും. അത് നേട്ടത്തെക്കാള്‍ ഏറെ കോട്ടമുണ്ടാക്കും. മുസ്‌ലിം വോട്ടുകള്‍ ഉള്‍പ്പെടെ മുന്നണിക്ക് നഷ്ടപ്പെടും.
പാലാ നേരത്ത ഉറപ്പിച്ച ജോസ് കെ. മാണി പാലാ സീറ്റിനു വേണ്ടി പരസ്യമായി വാദിച്ചില്ല. ജോസിനു തന്നെ കൊടുക്കണമെന്ന് മുന്നണിയും നേരത്തെ ഉറപ്പിച്ചിരുന്നു. ഇതോടെയാണ് കാപ്പന്‍ സീറ്റിനായി പിടിമുറുക്കിയത്്. പക്ഷേ ഇടതുമുന്നണി അതിനു മുന്നില്‍ കുലുങ്ങിയില്ല. പാലായിലെത്തിയ മന്ത്രി എം.എം മണി കാപ്പനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.