കോഴിക്കോട്- മുസ്‌ലിംലീഗില്‍ സുന്നി ഇടപെടല്‍ ശക്തമായതോടെ മുജാഹിദ് ആശയക്കാര്‍ തഴയപ്പെടുന്നു. പാര്‍ട്ടിയിലെ മിക്ക കാര്യങ്ങളിലും മുമ്പെന്നേത്താക്കാളും സുന്നി വിഭാഗം ഇടപെടുന്നത് ലീഗിലെ മുജാഹിദ് ആശയക്കാരായ നേതാക്കള്‍ക്ക് വിനയാകുകയാണ്. ലീഗ് അംഗമെന്ന നിലയില്‍ ഏതെങ്കിലും അധികാര സ്ഥാനത്തേക്ക് പരിഗണിക്കണമെങ്കില്‍ മുജാഹിദ് ആശയം വെച്ചു പുലര്‍ത്തരുതെന്ന സ്ഥിതിയുണ്ട്. ആശയക്കാരാണെങ്കിലും അത് പരസ്യമാക്കാന്‍ ഇപ്പോള്‍ നേതാക്കള്‍ മടിക്കുകയാണ്.
താല്‍പര്യമില്ലാത്തവരെ തഴയാന്‍ സുന്നി, മുജാഹിദ് ബന്ധങ്ങള്‍ ഉപയോഗിക്കുകയും ഇതിന് വഴങ്ങാന്‍ നേതൃത്വം നിര്‍ബന്ധിതരാകുകയും ചെയ്യുന്നുവെന്ന പരാതി ശക്തമാണ്.
ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള നേതാക്കളെ മുജാഹിദ് സംഘടനാ നേതൃത്വം നേരിട്ട് പരാതികള്‍ ധരിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും ഏതാനും സുന്നി നേതാക്കള്‍ നടത്തിയ പ്രതികരണത്തിലെ ആശങ്ക മുജാഹിദ് നേതാക്കള്‍ അറിയിക്കുകയുണ്ടായി.
കേരളത്തിലെ മുസ്‌ലിംലീഗ് സ്ഥാപിക്കുന്നതില്‍ മുജാഹിദ് വിഭാഗത്തിന് ശക്തമായ പങ്കുണ്ട്. കേരള നദ്‌വത്തുല്‍ മുജാഹിദീനും മുമ്പുള്ള ഐക്യ സംഘത്തിന്റെ നേതാക്കളായ കെ.എം. സീതിസാഹിബും കെ.എം. മൗലവിയും ലീഗിനെ കേരളത്തില്‍ കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ചവരാണ്. മുസ്‌ലിംലീഗിന്റെ ആദ്യ നിയമസഭാ കക്ഷി നേതാവ് സീതിസാഹിബായിരുന്നു. ലീഗിന് ലഭിച്ച ആദ്യത്തെ അധികാര സ്ഥാനമായ സ്പീക്കര്‍ പദവി വഹിച്ചതും അദ്ദേഹം. ബാഫഖി തങ്ങളെ പോലെ സുന്നി വിഭാഗത്തില്‍ സ്വാധീനം ചെലുത്താവുന്നവരെ ലീഗില്‍ കൊണ്ടുവന്നതും സീതിസാഹിബാണ്.
സുന്നിയായ ബാഫഖി തങ്ങള്‍ക്ക് പിറകെ സീതിസാഹിബും മുജാഹിദ് ആശയക്കാരനായ എം.കെ.ഹാജിക്ക് പിറകെ ഉമര്‍ ബാഫഖി തങ്ങളും ആരാധനകളില്‍ പങ്കെടുത്തിരുന്നതിനെ കുറിച്ച് ഒരു ചടങ്ങില്‍ പരാമര്‍ശിച്ച പണ്ഡിതന് ഒടുവില്‍ മാപ്പു പറയേണ്ടിവന്നു. മുജാഹിദ് ആശയക്കാരനെന്ന് കരുതുന്ന കെ.പി.എ. മജീദിനെ മഞ്ചേരി ലോക്‌സഭാസീറ്റില്‍ തോല്‍പിച്ചതില്‍ ഇതും ഒരു ഘടകമായിരുന്നു. അന്ന് എതിരാളിയായിരുന്ന സി.പി.എമ്മിലെ ടി.കെ.ഹംസ താന്‍ കാന്തപുരം സുന്നിയാണെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. ഏറ്റവും ഒടൂവില്‍ വേങ്ങരയില്‍ മത്സരിക്കുന്നതിന് ഇതും മജീദിന് അയോഗ്യതയായി. കാന്തപുരം സുന്നി വിഭാഗത്തിന്റെ സമ്മര്‍ദവും ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ബാധിക്കുന്നുണ്ട്. സ്ഥാനാര്‍ഥി സുന്നിയല്ലെങ്കില്‍ കാന്തപുരം വിഭാഗത്തിന്റെ എതിര്‍പ്പ് രൂക്ഷമാകുമെന്ന ഘടകവും പ്രവര്‍ത്തിക്കുന്നു.
മുജാഹിദ് ആശയക്കാരെന്ന് ഖ്യാതിയുള്ള പലരും നേരത്തെ ലീഗ് നേതൃത്വത്തില്‍ ഉണ്ടായിരുന്നു. നിയമസഭാംഗങ്ങളായ പി.സീതിഹാജി, എ.വി. അബ്ദുറഹിമാന്‍ ഹാജി തുടങ്ങിയവര്‍ മുജാഹിദ് രംഗത്ത് സജീവമായിരിക്കെ തന്നെ ലീഗിലും നേതൃതലത്തില്‍ പ്രവര്‍ത്തിച്ചു. ലീഗിനെതിരായ കാന്തപുരം വിഭാഗം സുന്നികളുടെ പ്രവര്‍ത്തനം തുടങ്ങിയത് കൊണ്ടോട്ടിയില്‍ സീതിഹാജിക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടാണ്. അന്ന് മുസ്‌ലിംലീഗ് നേതൃത്വവും അണികളും സീതിഹാജിക്കൊപ്പം നിന്നു.
കേരള നദ്‌വത്തുല്‍ മുജാഹിദീനും ഇ.കെ.വിഭാഗം സുന്നിയും മുസ്‌ലിംലീഗിനൊപ്പം നിലകൊള്ളുന്നവരാണ്. ഇവരെ അവഗണിച്ച് ലീഗ് നേതൃത്വത്തിന് മുന്നോട്ട് പോകാനാവില്ല. ഭൂരിപക്ഷം സുന്നികളായതിനാല്‍ അവരുടെ സ്വാധീനം വലുതാണ്. ലീഗിന് നേതൃത്വം നല്‍കുന്ന പാണക്കാട് തങ്ങള്‍ കുടുംബം സുന്നി സംഘടനകളുടെ നേതൃതലത്തിലും പ്രവര്‍ത്തിക്കുന്നു. മുസ്‌ലിംലീഗില്‍ മുജാഹിദ് സ്വാധീനം ശക്തമാണെന്ന പരാതി ഉയര്‍ത്തിയാണ് സമസ്ത സുപ്രഭാതം എന്ന പത്രം ആരംഭിച്ചത്.
മുജാഹിദ് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട ഏതാനും നേതാക്കളുടെ അഭിപ്രായത്തിനെതിരെ ഇ.കെ.വിഭാഗം സുന്നികള്‍ രംഗത്തുവന്നിട്ടുണ്ട്. കെ.പി.എ. മജീദ്,ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍ എന്നിവരാണ് എതിര്‍പ്പിന് ഇരയായവര്‍. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തെ കുറിച്ച് ഈ നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ഥം പുറത്തുവിട്ടിരിക്കുകയാണ്. ഇതേചൊല്ലി ബഷീറിനെതിരെ പ്രചാരണമുണ്ടായി. മുജാഹിദ് സംഘടനയുമായി ബന്ധപ്പെടുന്ന ആളല്ല ബഷീറെങ്കിലും മുജാഹിദ് പരിപാടികളില്‍ പങ്കെടുത്ത് നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍ സുന്നി വിഭാഗത്തെ പ്രകോപിപ്പിച്ചു. ഇതു കൂടി വെച്ചാണ് ഉത്തരവാദപ്പെട്ട നേതാക്കള്‍ തന്നെ രംഗത്തുവന്നത്. ഈ വിഷയം നേതാക്കള്‍ ചര്‍ച്ച ചെയ്തു പരിഹരിച്ചിരിക്കുകയാണ്.