പതിവുപോലെ ആശങ്ക പങ്കുവെക്കാനാണ് സത്യന്റെ വിളി. എനിക്ക് ചോദിക്കാൻ മൽബുവല്ലേയുള്ളൂ എന്ന മുഖവുരയോടെ ആയിരിക്കും എപ്പോഴും തുടക്കം.
ഗൾഫ് നാട്ടിൽ മരിച്ചാൽ എന്താകുമെന്ന ആശങ്കയോടെ ജീവിക്കുന്നയാളാണ്. അതുകൊണ്ട് എപ്പോഴും ആശ്വസിപ്പിച്ചേ മറുപടി നൽകാറുള്ളൂ.
വിപ്ലവത്തിന്റെ നാട്ടിൽനിന്നാണ് കടൽ കടന്നതെങ്കിലും അന്ധവിശ്വാസങ്ങൾക്കും അതിരുവിട്ട ആചാരങ്ങൾക്കും ഒരു കുറവുമില്ല. ഫഌറ്റിൽനിന്ന് പുറത്തിറങ്ങുമ്പോൾ ആ കറുത്ത പൂച്ച അവിടെ ഇരിപ്പുണ്ടെങ്കിൽ തിരിച്ചു കയറി അര മണിക്കൂർ കഴിഞ്ഞേ വീണ്ടും ഇറങ്ങുകയുള്ളൂ.
മരുഭൂമിയിൽ വെച്ച് മരിക്കുകയെന്നതാണ് ഏറ്റവും വലിയ ഗതികേട്: ഒരിക്കൽ സത്യൻ പറഞ്ഞു. മൃതദേഹം നാട്ടിലെത്തണമെങ്കിൽ ആരൊക്കെ കഷ്ടപ്പെടണം, മെനക്കെടണം. നമ്മളെക്കൊണ്ട് എത്രപേർ ബുദ്ധിമുട്ടണം.
അത് എല്ലാവരും അങ്ങനെ തന്നെയല്ലേ സത്യാ. മരിക്കുന്നതോടെ നമ്മുടെ കർമം കഴിഞ്ഞില്ലേ. ബാക്കി ജീവിച്ചിരിക്കുന്നവരുടെ ചുമതലയും ബാധ്യതയുമല്ലേ?
നിങ്ങൾക്കിവിടെ വിശുദ്ധ ഭൂമിയല്ലേ.. അന്ത്യനിദ്ര ഇവിടെ കൊതിക്കുന്നവരല്ലേ നിങ്ങൾ. ഞാൻ അങ്ങനെയാണോ. എന്റെ ബോഡി നാട്ടിലെത്തി ആചാരപ്രകാരം തന്നെ ദഹിപ്പിക്കേണ്ടതല്ലേ.
ഇതാണ് സത്യന്റെ ഏറ്റവും വലിയ ആധി. കടൽ കടന്ന് പതിറ്റാണ്ടുകളായെങ്കിലും ഇതുവരെ അണയാത്ത ആശങ്ക.
മരിച്ചുപോയാൽ സഹായത്തിന് ആരെങ്കിലും ഉണ്ടാകുമോ. ബോഡി നാട്ടിലെത്തിക്കാൻ ആരാണ് മെനക്കെടുക. അവർക്കൊരു ബുദ്ധിമുട്ടാവില്ലേ. ജോലി ചെയ്യുന്ന കമ്പനിയുടെ സഹായം കിട്ടുമോ?
സത്യാ, മരിച്ചുകഴിഞ്ഞാൽ ഇതൊന്നും കാണാൻ നിങ്ങളില്ലല്ലോ. ബാക്കി നമ്മളൊക്കെ ചെയ്യില്ലേ. ആശ്വസിപ്പിച്ചാലും സത്യൻ പറയും
ആർക്കറിയാം?
മരണത്തിന്റെ കാര്യത്തിൽ എല്ലാ പ്രവാസികളും സമമാണ്. മൃതദേഹം നാട്ടിലെത്തണമെന്നും അവസാന നോക്ക് കാണണമെന്നും കൊതിക്കാത്ത കുടുംബങ്ങളുണ്ടാകുമോ?
അടുത്ത അവകാശിയുടെ സമ്മതം കിട്ടിയാലല്ലേ ഇവിടെ എന്തെങ്കിലും നടക്കുകയുള്ളൂ. അതിനു മതമൊന്നുമില്ല. എല്ലാ മതക്കാർക്കും ഗൾഫ് നാടുകളിൽ അന്ത്യനിദ്രക്ക് അവകാശമുണ്ട്.
അച്ചന്മാരുടെ നേതൃത്വത്തിൽ അന്ത്യശുശ്രൂഷ നൽകി മൃതദേഹം അടക്കം ചെയ്യുന്ന ഫോട്ടോകൾ പലതവണ സത്യന് അയച്ചു കൊടുത്തിട്ടുണ്ട്.
മൃതദേഹം നാട്ടിൽ ഉറ്റവരുടെ കൺമുന്നിലെത്തിച്ച ശേഷമേ സംസ്‌കരിക്കൂ എന്നു കൂടെ ജോലി ചെയ്യുന്നവരോടും ഒപ്പം താമസിക്കുന്നവരോടും ഉറപ്പ് വാങ്ങിയ അപൂർവം പ്രവാസികളിൽ ഒരാളാണ് സത്യൻ.
ഇയാൾക്കിതെന്തൊരു വസ്‌വാസാണെന്ന് ചോദിക്കും ഹമീദ്. ഓരോ ദിവസവും ഇയാൾ എങ്ങനെയായിരിക്കും തള്ളിനീക്കുന്നത്.
അത് എല്ലാ പ്രവാസികൾക്കും അങ്ങനെ തന്നെയാണ്. നാടുവിട്ടവന് നന്നായി ഉറങ്ങാൻ പറ്റിക്കൊള്ളണമെന്നില്ല.
ഒട്ടും കാര്യമില്ലാത്ത വസ്‌വാസുമായാണ് ഇപ്പോൾ രമേശന്റെ പുതിയ വിളി. ഒരു ഹുണ്ടിക്കാരനെ ഒരിക്കൽ ഫോണിൽ വിളിച്ചിട്ടുണ്ടുപോലും. അതിന്റെ പേരിൽ അന്വേഷണം ഉണ്ടാകുമോ എന്നാണറിയേണ്ടത്.
സത്യാ, ഹുണ്ടി വഴി പണം അയച്ചിട്ടുണ്ടോ.
ഇല്ല
പിന്നെന്തിനാ അയാളെ വിളിച്ചത്?
അതു പിന്നെ, റിയാൽ കുറേക്കഴിഞ്ഞ് കൊടുത്താലും മതി. അയാൾ പണം അയച്ചോളും എന്നു കേട്ടു. അത് അറിയാൻ വേണ്ടി വിളിച്ചതാ. അയച്ചിട്ടൊന്നുമില്ല.
എന്താ അയക്കാതിരുന്നത്?
അയക്കുന്ന റേറ്റിനേക്കാളും അധികം കൊടുക്കണം, കടമല്ലേ?
അയച്ചാലും അയച്ചില്ലെങ്കിലും പ്രശ്‌നമൊന്നുമില്ല. എത്രയോ പേർ അയക്കുന്നു. പ്രോത്സാഹിപ്പിക്കേണ്ട കാര്യമല്ല. നമുക്ക് ഇവിടെയും നാട്ടിലുമൊക്കെ ഇപ്പോൾ ബാങ്ക് അക്കൗണ്ടുകൾ നിർബന്ധമായിരിക്കേ, അക്കൗണ്ട് വഴിയേ അയക്കാവൂ. റേറ്റിൽ വലിയ വ്യത്യാസവുമില്ല.
ഞാൻ അയച്ചിട്ടില്ല. പക്ഷേ ആയിരത്തിലേറെ കോടിയുടെ ഹവാലയല്ലേ ഇപ്പോൾ പിടികൂടിയിരിക്കുന്നത്. ഞാൻ വിളിച്ചയാളും പേരുകേട്ട ഹുണ്ടിക്കാരനാണ്. അയാളുടെ ഫോണിലേക്കു വന്ന കോളുകൾ പരിശാധിച്ചാൽ ഉറപ്പായും ഞാൻ കുടുങ്ങും. അന്നേരം എന്തു ചെയ്യും?
വിളിച്ചയാളെ പിടിച്ചിട്ടൊന്നുമില്ലല്ലോ. സത്യൻ ധൈര്യായിട്ടിരുന്നോ. അന്വേഷണം വന്നാൽ നിങ്ങളുടെ ഫോണിൽനിന്ന് ഹുണ്ടിക്കാരനെ ഞാനാണ് വിളിച്ചതെന്നു പറഞ്ഞാ മതി. വസ്‌വാസിന്റെ ഉപ്പാപ്പ.