വാക്ക്
ആകാശവാണിയിൽ പത്ത് ഇഷ്ടഗാനങ്ങൾ തെരഞ്ഞെടുത്ത് അവതരിപ്പിക്കേണ്ടിവന്നപ്പോൾ അവയിലേറെയും ബാബുരാജിന്റേതായിരുന്നുവെന്ന് എം.ടി വാസുദേവൻ നായർ എഴുതിയിട്ടുണ്ട്. മനഃപൂർവം ബാബുരാജിന്റെ ഗാനങ്ങൾ തെരഞ്ഞെടുക്കുകയായിരുന്നില്ല എം.ടി. അബോധപൂർവമായുള്ള തെരഞ്ഞെടുപ്പായിരുന്നു. ഈ അബോധത്തിനു സാമൂഹികമായ ഒരു തലമുണ്ടാവണം. അങ്ങനെ നോക്കുമ്പോൾ ഒരു പക്ഷേ, മലയാളി ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഗാനം 'താമസമെന്തേ' ആയിരിക്കാം.
സിനിമാഗാനങ്ങൾ കഥാസന്ദർഭങ്ങൾക്കനുസൃതമായി എഴുതപ്പെടുന്നവയാണ്. എന്നാൽ, ബന്ധപ്പെട്ട സിനിമ കാണാത്തവരുടെ മനസ്സിൽ പോലും അതു വളർത്തുന്ന വികാരം, പലപ്പോഴും സ്വന്തം ജീവിതത്തിലെ ചില സന്ദർഭങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും. മിക്കവാറും ഗൃഹാതുരത്വം ചുരത്തുന്ന ചില ഓർമ്മകൾ. അങ്ങനെ ഗാന-സംഗീത-സിനിമാ രചയിതാക്കൾ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത, തികച്ചും വൈയക്തികമായ ഒരു മാനം അതിനു വന്നുചേരുന്നു. ഇഷ്ടപ്പെട്ട ഗാനങ്ങൾ തെരഞ്ഞെടുക്കുമ്പോഴും ഈ വൈകാരികതയായിരിക്കും തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം. ഒരിക്കലും അതിനെ പൊതുമാനദണ്ഡങ്ങൾ കൊണ്ടളക്കാനാവുകയില്ലെന്നർഥം.
ഇങ്ങനെ ഓരോ ഗാനവും വിവരിച്ചുപോവുകയാണെങ്കിൽ ഒരു ആത്മകഥ തന്നെ എഴുതേണ്ടിവരും. കാരണം, പതിനായിരക്കണക്കിന് സിനിമാ ഗാനങ്ങൾ മലയാളത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. ഇവയിൽ പലതിനെയും സ്വന്തം ജീവിതാനുഭവങ്ങളുമായി ചേർത്തുവെച്ചാലോചിക്കാൻ തോന്നും. എന്നിട്ടും പലരും തെരഞ്ഞെടുക്കുന്നവ ഓരോ ജനുസ്സിൽ, ശ്രേണിയിൽ പെട്ടതാണെങ്കിൽ അവയ്ക്ക് സാമൂഹികമായ ഒരു മാനമുണ്ടെന്നു വിചാരിക്കണം. അത് സാമൂഹികാബോധമനസ്സിൽ നിന്നുയർന്നുവരുന്ന സഞ്ചിത സംസ്‌കാരത്തിന്റേതാവാം.
ആകാശവാണിയിൽ പത്ത് ഇഷ്ടഗാനങ്ങൾ തെരഞ്ഞെടുത്ത് അവതരിപ്പിക്കേണ്ടിവന്നപ്പോൾ അവയിലേറെയും ബാബുരാജിന്റേതായിരുന്നുവെന്ന് എം.ടി വാസുദേവൻ നായർ എഴുതിയിട്ടുണ്ട്. മനഃപൂർവം ബാബുരാജിന്റെ ഗാനങ്ങൾ തെരഞ്ഞെടുക്കുകയായിരുന്നില്ല. എം.ടി. അബോധപൂർവമായുള്ള തെരഞ്ഞെടുപ്പായിരുന്നു. ഈ അബോധത്തിനു സാമൂഹികമായ ഒരു തലമുണ്ടാവണം.
അങ്ങനെ നോക്കുമ്പോൾ ഒരു പക്ഷേ, മലയാളി ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഗാനം 'താമസമെന്തേ' ആയിരിക്കാം. ആ പാട്ടിനു വർഷങ്ങൾക്കു ശേഷവും ലഭിക്കുന്ന സ്വീകാര്യതയ്ക്കു കാരണം ഭാസ്‌കരൻ മാസ്റ്ററുടെ ലാളിത്യവും കാവ്യഭംഗിയുമുള്ള വരികളാണോ? അതിനേക്കാൾ മനോഹരമായ ഗാനങ്ങളദ്ദേഹം എഴുതിയിട്ടില്ലേ? ബാബുരാജിന്റെ ഔത്തരാഹഭംഗിയാർന്ന ട്യൂണാണോ? അതിനേക്കാൾ മികച്ച സംഗീത രചനകൾ അദ്ദേഹം നടത്തിയിട്ടില്ലേ? ഗാന ചിത്രീകരണമോ അഭിനയമോ ആയിരിക്കുമോ? ഭാർഗവീനിലയം കാണാത്തവർ പോലും ആ ഗാനമിന്നും ഇഷ്ടപ്പെടുന്നുണ്ടല്ലോ. യേശുദാസിന്റെ യൗവനം തുടിച്ചുനിൽക്കുന്ന ശബ്ദം ഈ പാട്ടിനു മാത്രമല്ല നൽകിയിട്ടുള്ളത്.
ഇപ്പറഞ്ഞ പല ചേരുവകൾ നമുക്കായി, ഒരു പാട്ടിൽ ഒന്നിച്ചലിഞ്ഞു ചേർന്നതാവണം അതിന്റെ വിജയ കാരണം. അംഗോപാംഗപ്പൊരുത്തമാണ് ഏതൊരു കലാസൃഷ്ടിയുടെയും മികവ് നിർണയിക്കുന്നത്. അമൂർത്തമായ ഒന്നും പൊതുമാനദണ്ഡം കൊണ്ടളക്കാനാവില്ല. എല്ലാ ഇഷ്ടങ്ങളും ആപേക്ഷികവും വൈയക്തികവുമാണ്.
യേശുദാസിന്റെ ഗാനങ്ങളിൽ നിന്ന് ഇഷ്ടപ്പെട്ട ഒരെണ്ണം തെരഞ്ഞെടുക്കാൻ നിർദേശിക്കപ്പെട്ടാൽ പോലും കുഴഞ്ഞുപോവും. അത്രയധികം ഹൃദ്യമായ ഗാനങ്ങളദ്ദേഹം നമുക്കു തന്നിട്ടുണ്ട്.
താമസമെന്തേ വരുവാൻ (ഭാസ്‌കരൻ - ബാബുരാജ്) പ്രാണസഖി, ഞാൻ വെറുമൊരു (ഭാസ്‌കരൻ, ബാബുരാജ്)
സ്വർണച്ചാമരം വീശിയെത്തുന്ന (വയലാർ- ദേവരാജൻ)
ചക്രവർത്തിനീ നിനക്ക് (വയലാർ- ദേവരാജൻ)
സാഗരമേ ശാന്തമാകു നീ (ഒ എൻ വി-സലിൽ ചൗധരി)
സ്വർഗമെന്ന കാനനത്തിൽ (ശ്രീകുമാരൻ തമ്പി - വിശ്വനാഥൻ)
കണ്ണീരും സ്വപ്‌നങ്ങളും (ഭാസ്‌കരൻ-ബാബുരാജ്)
ആയിരം പാദസരങ്ങൾ (വയലാർ - ദേവരാജൻ)
മിഴിയോരം നനഞ്ഞൊഴുകും (ബിച്ചു- ജെറി)
അല്ലിയാമ്പൽ കടവിൽ (ഭാസ്‌കരൻ- ജോബ്)
പൊൻവെയിൽ മണിക്കച്ച (ശ്രീകുമാരൻ തമ്പി- ദക്ഷിണമൂർത്തി)
സുറുമയെഴുതിയ മിഴികളേ (യൂസുഫലി- ബാബുരാജ്)
വീണ പൂവേ (വയലാർ- വിശ്വനാഥൻ)
ദുഃഖമേ നിനക്ക് (ശ്രീകുമാരൻ തമ്പി - അർജുനൻ)
യദുകുലരതിദേവനെവിടെ (ശ്രീകുമാരൻ തമ്പി- അർജുനൻ)
ഹരിമുരളീരവം (ഗിരീഷ് പുത്തഞ്ചേരി- രവീന്ദ്രൻ)
ഇങ്ങനെ നിരത്തിയാൽ അത്ര പെട്ടെന്ന് അവസാനിക്കുന്നതല്ല ഞാനിഷ്ടപ്പെടുന്ന യേശുദാസ് ഗാനങ്ങൾ. എന്നാൽ ആ വലിയ ഗായകനെ കുറിച്ചോർക്കുമ്പോൾ എന്റെ മനസ്സിൽ ഉയർന്നുവരുന്നത് ഹാഫ് ടൗസറിട്ട്, മൈക്കിനു മുമ്പിൽ നിന്നു പാടുന്ന ദാസപ്പൻ എന്ന പയ്യനാണ്. മട്ടാഞ്ചേരി ഫയർ സർവീസ് സ്റ്റേഷൻ വാർഷികത്തോടനുബന്ധിച്ച് നടത്തിയിരുന്ന കലോൽസവങ്ങളിലെ സ്ഥിരം ഗായകനായിരുന്നു ദാസപ്പൻ. പശ്ചിമ കൊച്ചിയുടെ പ്രിയങ്കരനായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെ മകൻ. പിന്നെ ദാസേട്ടന്റെ വാലുപോലെ നടന്നിരുന്ന തക്യാവിലെ ഇമ്പിച്ചിക്കോയ തങ്ങളുടെ ചിത്രം ഇതെല്ലാം ഓർമയിലേക്ക് കൊളാഷ് പോലെ വരും.
എച്ച്. മെഹ്ബൂബിന്റെ പാട്ടു കേൾക്കുമ്പോൾ അവസാന നാളുകളിൽ കൊച്ചങ്ങാടിയിലെ എന്റെ വീട്ടിൽ പതിവായി വരാറുണ്ടായിരുന്ന ഭായിയുടെ ദീനമായ മുഖം ഓർമ വരും. ഭായി പറഞ്ഞ തമാശകൾ, കഥകൾ, മിമിക്രികൾ... എസ് ജാനകിയുടെ ഒട്ടേറെ പാട്ടുകൾ എനിക്കിഷ്ടമാണ്. എങ്കിലും ഞാനെഴുതി ജാനകിയമ്മ പാടിയ എൻ മൂകവിഷാദം ആരറിയാൻ എന്ന ഗാനത്തോട് സ്വാഭാവികമായും ഒരൽപം ഇഷ്ടമുണ്ട്. കപ്പലണ്ടിമുക്കിലെ അബ്ദുൽ ഖാദർ വക്കീലിന്റെ വീട്ടിൽ ജിതിൻ ശ്യാം എന്ന സംഗീത സംവിധായകൻ പറഞ്ഞുതന്ന ഹിന്ദിവരികൾ ടേപ്പിലാക്കി. ആശുപത്രിയിലെ ഏകാന്തതയിൽ കിടന്ന് എന്റെ ആദ്യത്തെ ആ മലയാള ഗാനം എഴുതിയത് തികച്ചും വൈയക്തികമായ ഓർമയാണ്.
'കായലരികത്ത്' പോലെ ചരിത്രം സൃഷ്ടിച്ച ഗാനങ്ങളുടെ ശിൽപിയായ രാഘവൻ മാസ്റ്ററുടെ ഓരോ പാട്ടു കേൾക്കുമ്പോഴും സിനിമയ്ക്കു വേണ്ടിയല്ലെങ്കിലും അദ്ദേഹം എന്റെ പാട്ടും ട്യൂൺ ചെയ്തിട്ടുണ്ടല്ലോ എന്ന ആഹ്ലാദം തിരതല്ലും. അർജുനൻ മാസ്റ്ററുടെ ഗാനങ്ങൾ കേൾക്കുമ്പോഴും നാടകങ്ങളിൽ ഒന്നിച്ചു പ്രവർത്തിച്ച കാലം ഓർമ വരും. എം ബി ശ്രീനിവാസന്റെ 'ഒരു വട്ടം കൂടി'യോ ശരദിന്ദുമലർദീപമോ' കേൾക്കുമ്പോൾ ചെന്നൈയിൽ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചു കേട്ട ബംഗാളി കൊയർ ആണ് സ്മൃതിയിൽ വരിക. ബാബുരാജിനെ ഒരിക്കലും കാണാൻ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും ഞാനിഷ്ടപ്പെടുന്ന മലയാളത്തിലെ ഏറ്റവുമധികം ഗാനങ്ങളുടെ സ്രഷ്ടാവ് അദ്ദേഹമാണെന്നു പറയാൻ രണ്ടാമതൊന്നാലോചിക്കേണ്ടിവരില്ല -അതുപോലെ ഗാനരചയിതാവ് ഭാസ്‌കരൻ മാസ്റ്ററാണെന്നും. ഗായകർ യേശുദാസും ജാനകിയും തന്നെ കൂടുതൽ പ്രിയങ്കരർ. ഏറ്റവും ഇഷ്ടപ്പെട്ട യുഗ്മഗാനം ദാസേട്ടനും ജാനകിയമ്മയും കൂടി പാടിയ അകലെ അകലെ നീലാകാശം തന്നെ. ദാസേട്ടനും മച്ചാട്ടു വാസന്തിയും ചേർന്നാലപിച്ച 'മണിമാരൻ തന്നതിനു' ഞാൻ രണ്ടാം സ്ഥാനം നൽകും.
'പാവം മാനവഹൃദയവും' 'കണ്ണുതുറക്കാത്ത ദൈവങ്ങളെ'യും പ്രേമകവിതകളെയും പാടിയ സുശീലയുടെ പല പാട്ടുകളും മറക്കാനാവില്ല. പി ലീലയുടെ സ്വപ്‌നങ്ങൾ സ്വപ്‌നങ്ങൾ, സ്വർണച്ചാമരം എന്നിവയാണ് ഓർമയിലേക്കു ഓടിയെത്തുന്നത്. പി ബി ശ്രീനിവാസന്റെ രാത്രി, രാത്രി യുഗാരംഭശിൽപി തൻ മാനസപുത്രി (സലിൽ ചൗധരി), ഗീതേ ഹൃദയസഖി ഗീതേ (ബാബുരാജ്) പലപ്പോഴും ഏകാന്തതയിൽ വിരുന്നുവരാറുള്ള ഗാനങ്ങളാണ്. ഉദയഭാനുവിന്റെ അനുരാഗ നാടകത്തിൻ, ചുടുകണ്ണീരാലെൻ ജീവിതകഥ.. അല്ലിയാമ്പൽ കടവിൽ... താമരത്തുമ്പീ വാവാ.... എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. സുഹൃത്തും സംഗീത സംവിധായകനുമായ മുരളിയുടെ 'ഓത്തുപള്ളി' എപ്പോൾ കേൾക്കാനും ഇഷ്ടമാണ്. വേണുഗോപാലിന്റെ 'ചന്ദനമണിവാതിൽ' മനസ്സിൽ എപ്പോഴും പാതി ചാരിത്തന്നെയിരിപ്പാണ്. യൂസഫലി സംസ്‌കൃതത്തിലെഴുതി നൗഷാദ് ഈണം നൽകിയ 'ജാനകീ ജാനേ' മറക്കാനാവുമോ? ധ്വനിയിൽ തന്നെ നൗഷാദ് ട്യൂൺ ചെയ്ത അനുരാഗലോലരാത്രി - എത്ര കേട്ടാലാണു മതിയാവുക?
ഇത്തരമൊരു ലേഖനത്തിൽ എല്ലാ ഗാന
രചയിതാക്കളെയും സംഗീത സംവി
ധായകരെയും ഗായകരെയും പേ
രെടുത്തു പറയുക എളുപ്പമല്ല.
ആ ലിസ്റ്റ് അനന്തമായങ്ങ
നെ നീണ്ടുപോവും.
ഒടുവിൽ എത്തേണ്ടത് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം എന്ന കേന്ദ്ര ബിന്ദുവിലേക്കാണല്ലോ. അത് തെരഞ്ഞെടുക്കാൻ രണ്ടാമതൊന്നാലോചിക്കേണ്ടിവരില്ല. ബാബുരാജ് സംഗീതം നൽകിയ ആദ്യ ചിത്രമായ മിന്നാമിനുങ്ങിനു വേണ്ടി പി. ഭാസ്‌കരൻ എഴുതി കോഴിക്കോട് അബ്ദുൽ ഖാദർ പാടിയ 'നീയെന്തറിയുന്നു നീലത്താരകമേ' എന്ന വിഷാദ സാന്ദ്രമായ ദാർശനിക ഗാനമാണത്.
എനിക്ക് പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോൾ കോഴിക്കോട്ട് നിന്ന് കൊച്ചിയിൽ ഹാരിസ് ഭായിയോടൊപ്പം വരാറുണ്ടായിരുന്ന മച്ചാട്ടു വാസന്തി പാടിയാണ് ഞാനത് ആദ്യമായി കേൾക്കുന്നത്. അന്നു വാസന്തിയും ബാലികയാണ്. വാസന്തി അന്നു പാടിയ രീതിയിൽ തന്നെയാണ് അതെന്റെ മനസ്സിൽ ഊറിക്കിടക്കുന്നത്. എന്തുകൊണ്ടാണ് അതെനിക്കേറെ ഇഷ്ടമായ ചലച്ചിത്രഗാനമായത് എന്നു ചോദിച്ചാൽ വിശദീകരിക്കാൻ പ്രയാസമാണ്. വെറുതെയിരിക്കുമ്പോൾ സ്വന്തക്കാരനെപ്പോലെ ഏകാന്തതയിൽ മനസ്സിൽ വിരുന്നിനെത്താറുള്ള ഗാനമാണത്. അതിലെ വരികളുടെ സാർവ ലൗകികതയെയും മാനവികതയെയും കുറിച്ച് ആലോചിക്കാനൊന്നും കഴിയാത്ത ചെറുപ്പകാലത്ത് കേട്ട ഗാനമാണ്. ഇപ്പോൾ അതേപ്പറ്റി എല്ലാം ചിന്തിച്ചുപോകും. എത്ര ലളിതമായാണ് ഭാസ്‌കരൻ മാസ്റ്റർ തന്റെ മാനവിക ദർശനം അതിൽ പറഞ്ഞുവെച്ചിരിക്കുന്നത്. ഒരുപക്ഷേ, മലയാള സിനിമയിലെ ഗസൽ സ്വഭാവമുള്ള ആദ്യ ഗാനം ഇതായിരിക്കാം.
നീയെന്തറിയുന്നു നീലത്താരകമേ
വാസന്തവാനത്തിൽ നീ ചിരിക്കുമ്പോൾ
മണ്ണിലുള്ള കണ്ണുനീരിൻ ചൂടറിയാമോ
മാനവന്റെ നെഞ്ചിലെഴും നോവറിയാമോ?
പൂ പോലെ പഞ്ചിരിക്കും താരേ..
നീ പോയി നിൽപപ്പതെത്ര ദൂരെ...?