കൊച്ചി- കോവിഡ് വ്യാപനം രൂക്ഷമായ കേരളത്തിലേക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉന്നതതല സംഘങ്ങളെ അയക്കുന്നു.
രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട പൊതുജന ആരോഗ്യ നടപടികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സംസ്ഥാന ആരോഗ്യ അധികാര കേന്ദ്രങ്ങളെ സഹായിക്കുകയാണ് സംഘങ്ങളുടെ ലക്ഷ്യം. മഹാരാഷ്ട്രയിലും കേന്ദ്ര സംഘം എത്തും.
കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് തുടരുകയാണെന്നും രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ 70 ശതമാനത്തോളം ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കേന്ദ്രം പറയുന്നു. ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം തിരുവനന്തപുരം ആരോഗ്യ കുടുംബക്ഷേമ പ്രാദേശിക കാര്യാലയം, ന്യൂദല്‍ഹി ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ വിദഗ്ധരാണ് കേരളത്തിലേക്കുള്ള സംഘത്തിലുള്ളത്.
സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് വിദഗ്ധ സംഘം പ്രവര്‍ത്തനങ്ങള്‍ നടത്തും. താഴേത്തട്ടിലെ നിലവിലെ അവസ്ഥ പരിശോധിക്കാനും കേസുകള്‍ ഉയരുന്ന സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ നിര്‍ദേശിക്കാനും സംഘം സഹായം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.