Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ നെറ്റ് കോള്‍ കേന്ദ്രം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

കൊച്ചി- എറണാകുളം നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പോലീസ് കണ്ടെത്തി. വിവിധ കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ വണ്ണപ്പുറം സ്വദേശി മുഹമ്മദ് റസ്സലാണ് അറസ്റ്റിലായത്.

കൊച്ചി നഗരത്തില്‍ സമാന്തര എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി ടെലികോം വകുപ്പ് നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. തൃക്കാക്കരയ്ക്ക് സമീപം ജഡ്ജി മുക്ക് എന്ന സ്ഥലത്തെ വാടക കെട്ടിടത്തിലും കൊച്ചി നഗരത്തിലെ ഒരു ഫഌറ്റിലുമാണ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. തൃക്കാക്കരയില്‍ നിന്നും ഒരു കംപ്യൂട്ടറും രണ്ടു മോഡവും അനുബന്ധ ഉപകരണങ്ങളും കസ്റ്റഡിയില്‍ എടുത്തു.

വിദേശത്തു നിന്നും വരുന്ന ടെലിഫോണ്‍ കോളുകള്‍ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയാണ് ഇവരുടെ രീതി. തൊടുപുഴ വണ്ണപ്പുറം സ്വദേശിയാണ് ഇവിടെ സ്ഥാപനം നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട്, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.  കൊച്ചിയിലെ ഫഌറ്റില്‍ നടത്തിയ പരിശോധനയിലും വിവിധ  ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

വിദേശത്തു നിന്നും വരുന്ന ടെലിഫോണ്‍ കോളുകള്‍ ഇന്റര്‍നെറ്റ് സഹായത്തോടെ ലോക്കല്‍ നമ്പറില്‍ നിന്നും ലഭിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഏത് രാജ്യത്തു നിന്നുള്ള വിളിയാണെന്നു പോലും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളക്കടത്തിനും ഉപയോഗിച്ചാല്‍ പോലും കണ്ടെത്താന്‍ കഴിയില്ല. ഒപ്പം ഓരോ അന്താരാഷ്ട്ര കോളിനും സര്‍ക്കാരിന് ലഭിക്കേണ്ട നികുതിയും ടെലികോം കമ്പനികള്‍ക്ക് ലഭിക്കേണ്ട പ്രതിഫലവും നഷ്ടമാകും. തൃക്കാക്കരയില്‍ പിടിച്ചെടുത്ത കംപ്യൂട്ടര്‍  അടക്കമുള്ള ഉപകരണങ്ങള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.

 

Latest News