തബൂക്കിലെ ഏറ്റവും വലിയ കോട്ടയാണ് അൽസരീബ് കോട്ട. ഒട്ടോമൻ തുർക്കികളുടെ കാലത്ത് അൽവജിന് കിഴക്ക് മഞ്ഞ മണൽ കല്ലുകൾ ഉപയോഗിച്ചാണ് ഈ കോട്ട നിർമിച്ചത്. സുൽത്താൻ അഹ്മദ് ഒന്നാമന്റെ കാലത്തായിരുന്നു ഇത്. നേരിയ ചരിവോടെ ചതുരാകൃതിയിൽ നിർമിച്ച കോട്ടയിൽ നാലു നിരീക്ഷണ ഗോപുരങ്ങളുണ്ട്. കോട്ടക്കകത്ത് നമസ്‌കാര സ്ഥലവും താമസത്തിനുള്ള മുറികളുമുണ്ട്. കോട്ടയുടെ തെക്കുകിഴക്ക് വിശാലമായ മുറിയുണ്ട്. കോട്ടയുടെ ഭരണാധികാരികൾ സഭ ചേരുന്നതിനാണ് ഈ മുറി ഉപയോഗിച്ചിരുന്നത്.
പശ്ചിമ, ഉത്തര സൗദിയിൽ തബൂക്ക് പ്രവിശ്യയിൽ ചെങ്കടൽ തീരത്തെ ഏറ്റവും വലിയ സബ് ഗവർണറേറ്റ് ആയ അൽവജ് പുരാവസ്തുക്കളാലും ചരിത്ര, പൈതൃക കേന്ദ്രങ്ങളാലും സമ്പന്നമാണ്. തബൂക്കിൽ നിന്ന് 325 കിലോമീറ്ററും ദിബായിൽ നിന്ന് 145 കിലോമീറ്ററും ദൂരെയാണ് അൽവജ്. സൗദിയിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ അൽവജിനു സമീപത്തെ പ്രകൃതിരമണീയമായ ദ്വീപുകളെ ഉൾപ്പെടുത്തിയാണ് ചെങ്കടൽ വിനോദ സഞ്ചാര പദ്ധതി യാഥാർഥ്യമാക്കുന്നത്. സൗദിയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര പദ്ധതിയാണിത്. ചെങ്കടലിൽ ഏറ്റവും മനോഹരവും ശുദ്ധ വെള്ളവുമുള്ള പ്രദേശവും അൽവജ് ആണ്.
അൽവജിന് കിഴക്ക് 20 കിലോമീറ്റർ ദൂരെ വാദി അൽസരീബിലെ അൽസരീബ് കോട്ട പ്രദേശത്തെ പുരാവസ്തുക്കളിൽ പ്രധാനമാണ്. പുരാതന കാലത്ത് ഈജിപ്തിൽ നിന്നുള്ള ഹജ് തീർഥാടകർ കടന്നുപോയിരുന്ന പാതയിലാണ് ഹിജ്‌റ 1026 ൽ ഈ കോട്ട നിർമിച്ചത്.
തബൂക്കിലെ ഏറ്റവും വലിയ കോട്ടയാണ് അൽസരീബ് കോട്ട. ഒട്ടോമൻ തുർക്കികളുടെ കാലത്ത് അൽവജിന് കിഴക്ക് മഞ്ഞ മണൽ കല്ലുകൾ ഉപയോഗിച്ചാണ് ഈ കോട്ട നിർമിച്ചത്. സുൽത്താൻ അഹമ്മദ് ഒന്നാമന്റെ കാലത്തായിരുന്നു ഇത്. നേരിയ ചരിവോടെ ചതുരാകൃതിയിൽ നിർമിച്ച കോട്ടയിൽ നാലു നിരീക്ഷണ ഗോപുരങ്ങളുണ്ട്. കോട്ടക്കകത്ത് നമസ്‌കാര സ്ഥലവും താമസത്തിനുള്ള മുറികളുമുണ്ട്. കോട്ടയുടെ തെക്കുകിഴക്ക് വിശാലമായ മുറിയുണ്ട്. കോട്ടയുടെ ഭരണാധികാരികൾ സഭ ചേരുന്നതിനാണ് ഈ മുറി ഉപയോഗിച്ചിരുന്നത്.
അൽവജിലെ പഴയ സൂഖ് ആയ അൽമനാഖയിൽ ഉയർന്ന പ്രദേശത്ത് തലയെടുപ്പോടെ നിൽക്കുന്ന മറ്റൊരു കോട്ടയാണ് അൽസൂഖ് കോട്ട. പ്രവാചകന്റെ കാലത്തിനു മുമ്പും ശേഷവും അറിയപ്പെട്ട അൽവജ് തുറമുഖവും അൽമനാഖയുടെ എല്ലാ ഭാഗങ്ങളും കാണാൻ സാധിക്കും വിധമാണ് കോട്ടയുടെ നിർമാണം. ഒട്ടോമൻ തുർക്കി കാലത്ത് ഹജ് തീർഥാടകർക്ക് സംരക്ഷണവും ആവശ്യമായ സേവനങ്ങളും നൽകുന്നതിന് ഹിജ്‌റ 1276 ലാണ് ഈ കോട്ട നിർമിച്ചത്. ഇത് ഗവർണറേറ്റ് കെട്ടിടത്തിനു സമീപമാണ്. ദീർഘചതുരാകൃതിയിൽ കല്ലുകൾ ഉപയോഗിച്ചാണ് കോട്ട നിർമിച്ചിരിക്കുന്നത്. നിരീക്ഷണ ടവറും മുറികളും അനുബന്ധ സൗകര്യങ്ങളും കോട്ടയിലുണ്ട്. പ്രധാന പ്രവേശന കവാടം കോട്ടയുടെ നടുമുറ്റത്തേക്ക് തുറക്കുന്നു. മംലൂക് ഭരണ കാലത്തും ഒട്ടോമൻ തുർക്കികളുടെ കാലത്തും മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമായിരുന്നു അൽമനാഖ. ഹജ് തീർഥാടകർ ഇതിലൂടെയാണ് കടന്നുപോയിരുന്നത്.
മുസ്‌ലിം, പാശ്ചാത്യ, പൗരസ്ത്യ സഞ്ചാരികളുടെ കൃതികളിൽ അൽസൂഖ് കോട്ടയെ കുറിച്ച പരാമർശങ്ങളുണ്ട്. 1297 ലെ ഹജ് യാത്ര എന്ന ശീർഷകത്തിൽ മുഹമ്മദ് സ്വാദിഖ് ബാഷ രചിച്ച കൃതിയിലും ഹിജാസ് യാത്ര എന്ന പേരിൽ ഹിജ്‌റ 1327 ൽ ഇബ്രാഹിം ബാഷ രചിച്ച കൃതിയിലും ഉമർ കഹാല, ഫിലിപ്പി എന്നിവരുടെ കൃതികളിലും ഈ കോട്ടയെ കുറിച്ച പരാമർശങ്ങളുണ്ട്. കോട്ടയിൽ രണ്ടു പീരങ്കികളുള്ളതായി ഇബ്രാഹിം ബാഷയുടെ കൃതിയിൽ പറയുന്നു.
അൽവജ് ലക്ഷ്യമാക്കി വരുന്ന കപ്പലുകൾക്ക് വഴി കാണിക്കുന്നതിന് ഹിജ്‌റ 1292 ൽ നിർമിച്ചതാണ് അൽവജ് ലൈറ്റ് ഹൗസ്. ഗവർണറേറ്റ് കൊട്ടാരം അൽവജിലെ പ്രധാന കോട്ടകളിൽ ഒന്നാണ്. അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് ഗവർണറേറ്റ് ആസ്ഥാനമായാണ് ഈ കോട്ട ഉപയോഗിച്ചിരുന്നത്. അൽവജിൽ പതിനേഴു പുരാതന കിണറുകളുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പഴയത് പതിനൊന്നു കിണറുകളാണ്. ഇവ അൽസരീബ് കോട്ടക്കു ചുറ്റുമാണ്. അവശേഷിക്കുന്ന കിണറുകൾ ഒട്ടോമൻ തുർക്കികളുടെ ഭരണത്തിന്റെ അവസാന കാലത്ത് കുഴിച്ചവയാണ്. വാദി അൽസൈൽ കിണറുകൾ എന്ന പേരിലാണ് ഇവ ഇന്ന് അറിയപ്പെടുന്നത്. ഇതിൽ ഏറ്റവും പ്രധാനം അൽമുവൈലിഹ, അൽഇമാറ, അൽഅജ്‌വ, അൽശാദൂഫ്, അൽമൻസലാവി, സബീൽ ഹദാജ്, അൽനഖീഅ, അൽസനൂസി കിണറുകളാണ്. അൽവജിന് തെക്കുകിഴക്ക് 50 കിലോമീറ്റർ ദൂരെ വാദി അൽഅർജയുടെ ഏറ്റവും മുകൾ ഭാഗത്ത് പുരാതന ഖനന വ്യവസായ കേന്ദ്രങ്ങളും ഖനികളുടെ അവശിഷ്ടങ്ങളും അക്‌റ കുളവും കാണാൻ സാധിക്കും.
അൽവജിലെ മറ്റൊരു പ്രധാന ചരിത്ര അടയാളമാണ് റോമൻ തുറമുഖം. അൽവജിന് തെക്ക് 45 കിലോമീറ്റർ ദൂരെയാണിത്. പുരാതന ആരാധനാലയത്തിന്റെ അവശിഷ്ടങ്ങൾ ഇവിടെയുണ്ട്. മഴവെള്ളം ശേഖരിച്ചു വെക്കുന്നതിന് പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന ഭൂഗർഭ ജലസംഭരണികൾ അൽവജിലെ മറ്റൊരു പ്രധാന ചരിത്ര അടയാളമാണ്. ഇത്തരത്തിൽ പെട്ട പതിനാലു ജലസംഭരണികളാണ് അൽവജിലുണ്ടായിരുന്നത്. പന്ത്രണ്ടു മീറ്റർ നീളവും അഞ്ചു മീറ്റർ വീതിയും അഞ്ചു മീറ്റർ ആഴവുമുള്ള ജലസംഭരണികളിൽ ഒന്നു മാത്രമാണ് ഇന്നും വലിയ കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നത്. മഴവെള്ളം ഒഴുകുന്ന പ്രദേശങ്ങളിലാണ് ജലസംഭരണികൾ നിർമിച്ചിരിക്കുന്നത്. മഴവെള്ളം കൂറ്റൻ ഭൂഗർഭ സംഭരണികളിൽ സൂക്ഷിച്ച് പിന്നീട് ആവശ്യാനുസരണം ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്.
അൽവജിന് കിഴക്ക് 72 കിലോമീറ്റർ ദൂരെ ബദാ ഗ്രാമത്തിൽ ഹിജ്‌റ രണ്ടും മൂന്നും നൂറ്റാണ്ടുകളിലെ മൺപാത്രങ്ങളുടെയും സെറാമിക്കിന്റെയും അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനു സമീപത്തായി കുളത്തിന്റെയും ജലസേചനത്തിനുള്ള കനാലുകളുടെയും അവശിഷ്ടങ്ങളും ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്.