മാനന്തവാടി- വയനാട്ടില്‍ പള്ളിയിൽ നമസ്‌കാരം നിര്‍വഹിക്കാനെത്തിയ മഹല്ല് പ്രസിഡന്‍റിന്‍റെ ചെരുപ്പിനകത്ത് പശ ഒഴിച്ച സംഭവത്തിൽ കേസെടുത്തതിനെ തുടർന്ന് വിശദീകരണവുമായി ഖത്തീബ് അബ്ദുൽ റഷീദ് ദാരിമി.
താൻ അറസ്റ്റിലായെന്ന വാർത്ത ശരിയല്ലെന്നും വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ദാരിമി സമൂഹമാധ്യമങ്ങളിൽ വിഡിയോയിലൂടെ പ്രതികരിച്ചു.
വ്യാജം പ്രചരിപ്പിക്കുന്നവർ പരലോകത്ത് മറുപടി പറയേണ്ടിവരും. ഞാനും മഹല്ല് പ്രസിഡന്‍റും ഒരുപ്രശ്നവുമുണ്ടായിരുന്നില്ല, പിന്നെ എന്തിനാണ് ഈ വാർത്തയെന്ന് അറിയില്ല. കഴിഞ്ഞ ഡിസംബർ 27ന് ഞാനും എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരും മദ്രസ വൃത്തിയാക്കുകയായിരുന്നു. അവിടുള്ള പൈപ്പ് പൊട്ടുകയും അത് നന്നാക്കാനായി ഞങ്ങൾ പശ വാങ്ങുകയും ചെയ്തിരുന്നു. പശ മുഴുവൻ തീർന്നതാണ്. അതിന്‍റെ പേരിൽ ചില കുബുദ്ധികൾ ദുരുദ്ദേശത്താടെ എന്നെ കരുവാക്കുകയാണ്. ഈ വ്യാജം പ്രചരിപ്പിക്കരുത്. പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടികൾ സ്വീകരിക്കും- അദ്ദേഹം പറഞ്ഞു.
ജനുവരി ഒന്നിന് വൈകീട്ട് മാനന്തവാടി എരുമത്തെരുവ് ഖിദ്മത്തുല്‍ ഇസ്ലാം പള്ളിയിലായിരുന്നു വിവാദ സംഭവം. മഗരിബ് നമസ്‌ക്കാരം നിർവഹിക്കാനെത്തിയ മഹല്ല് പ്രസിഡന്‍റ് കണ്ടങ്കല്‍ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് പശ ഒഴിച്ചത്. കാല്‍ ചെരുപ്പില്‍ ഒട്ടിപ്പിടിച്ചതോടെ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് ചെരുപ്പില്‍നിന്ന് കാല്‍ വേര്‍പ്പെടുത്താനായത്.
ഇതുമായി ബന്ധപ്പെട്ടാണ് പള്ളി ഖത്തീബ് അബ്ദുൽ റഷീദ് ദാരിമിക്കെതിരെ കേസെടുത്തത്. വ്യക്തിവിരോധത്തെ തുടർന്ന് ചെരിപ്പിൽ പശ ഒഴിച്ചുവെന്നാണ് പോലീസിന്‍റെ നിഗമനം. മഹല്ല് സെക്രട്ടറി മാനന്തവാടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.