ഓയോ ഗ്രൂപ്പ് റീജ്യനൽ ആസ്ഥാനം റിയാദിൽ തുറക്കും
റിയാദ്- ഇന്ത്യൻ കമ്പനിയായ ഓയോ ഹോട്ടൽ ഗ്രൂപ്പ് റിയാദിലും സൗദിയിലെ മറ്റു നഗരങ്ങളിലും 50 ലേറെ ഹോട്ടലുകൾ നിർമിക്കുന്നു. 2030 ഓടെ ലോകത്തെ ഏറ്റവും മികച്ച പത്തു നഗരങ്ങളിൽ ഒന്നാക്കി റിയാദിനെ പരിവർത്തിപ്പിക്കാനുള്ള പദ്ധതി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചതിനു പിന്നാലെ തങ്ങളുടെ റീജ്യനൽ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റാനുള്ള താൽപര്യം നിരവധി ആഗോള കമ്പനികൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്പനിയായ ഓയോ ഗ്രൂപ്പും ഇക്കൂട്ടത്തിൽപെടുന്നു. റിയാദിലും സൗദിയിലെ മറ്റു നഗരങ്ങളിലും വൻ പദ്ധതികൾ നടപ്പാക്കുന്നതിന് ഓയോ ഗ്രൂപ്പ് സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായി ധാരണാപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്.
സോഫ്റ്റ് ബാങ്കിനു കീഴിലെ വിഷൻ ഫണ്ട് വലിയ തോതിൽ നിക്ഷേപങ്ങൾ നടത്തിയ ഓയോ ഗ്രൂപ്പ് റിയാദ് കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലാണ് പുതിയ റീജ്യനൽ ആസ്ഥാനം തുറക്കുന്നത്. കമ്പനിയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ റിയാദിലേക്ക് മാറും. ലോകത്തെ 230 നഗരങ്ങളിലായി ചെലവ് കുറഞ്ഞ 8,500 ലേറെ ഹോട്ടലുകൾ ഓയോ ഗ്രൂപ്പിനു കീഴിലുണ്ട്. റിയാദ്, ജിദ്ദ, ദമാം, മദീന, മക്ക എന്നിവിടങ്ങളിൽ കൊമേഴ്‌സ്യൽ ഫ്രാഞ്ചൈസി രീതിയിൽ 50 ലേറെ ഹോട്ടലുകൾ ഓയോ ഗ്രൂപ്പ് ആരംഭിക്കും. ഈ ഹോട്ടലുകളിൽ 3,000 ലേറെ മുറികളുണ്ടാകും. ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിൽ സൗദി യുവാക്കൾക്ക് പരിശീലനം നൽകുന്നതിന് റിയാദിലും ജിദ്ദയിലും ഇൻസ്റ്റിറ്റിയൂട്ടുകൾ സ്ഥാപിക്കാനും ഓയോ ഗ്രൂപ്പിന് പദ്ധതിയുണ്ട്.
നിലവിൽ ലോകത്തെ എൺപതു കമ്പനികൾ വഴി 12 ലക്ഷം ഹോട്ടൽ മുറികൾ ഓയോ ഗ്രൂപ്പ് മാനേജ് ചെയ്യുന്നു. ഇതിൽ 5,90,000 മുറികൾ ചൈനയിലാണ്. സമീപ കാലത്ത് അമേരിക്കൻ വിപണിയിൽ പ്രവേശിച്ച ഓയോ ഗ്രൂപ്പ് അമേരിക്കയിലെ 60 നഗരങ്ങളിൽ 7,500 ഓളം ഹോട്ടൽ മുറികൾ വഴി സേവനങ്ങൾ നൽകുന്നു. ലോകത്ത് ഇടത്തരം ചെലവുള്ള ഹോട്ടലുകളുടെ ബുക്കിംഗ് മേഖലയിൽ ഏറ്റവും വലിയ വളർച്ച കൈവരിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആണ് ഓയോ കമ്പനി. ഫ്രാഞ്ചൈസി സംവിധാനം വഴിയാണ് കമ്പനി പ്രവർത്തിക്കുന്നത്. 2023 ഓടെ ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായി മാറാൻ കമ്പനി ലക്ഷ്യമിടുന്നു.