റിയാദ്- ജനുവരി അവസാനത്തെ കണക്കുകൾ പ്രകാരം സൗദി ഓഹരി വിപണിയിലെ വിദേശ നിക്ഷേപങ്ങൾ 211.5 ബില്യൺ റിയാലായി ഉയർന്നു. സൗദി ഓഹരി വിപണിയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിദേശ നിക്ഷേപമാണിത്. നവംബറിൽ ഷെയർമാർക്കറ്റിലെ വിദേശ നിക്ഷേപങ്ങൾ 211.7 ബില്യൺ റിയാലായി ഉയർന്നിരുന്നു. ജനുവരിയിൽ സൗദി ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർ 190 കോടി റിയാൽ അധികം നിക്ഷേപിച്ചു. കഴിഞ്ഞ വർഷം രാജ്യത്തെ ഓഹരി വിപണിയിൽ വിദേശികൾ 1,080 കോടി റിയാൽ നിക്ഷേപിക്കുകയും 890 കോടി റിയാൽ പിൻവലിക്കുകയും ചെയ്തു. ഡിസംബറിൽ വിദേശ നിക്ഷേപകർ പുതിയ നിക്ഷേപങ്ങളെക്കാൾ അധികമായി 60 കോടി റിയാലിന്റെ ഓഹരികൾ വിൽപന നടത്തി. മാർച്ചിനു ശേഷം ആദ്യമായാണ് വിദേശികളുടെ നിക്ഷേപത്തേക്കാൾ കൂടുതലായി വിൽപന ഉയരുന്നത്. കൊറോണ വ്യാപനത്തോടെ ഓഹരി വിപണി കൂപ്പുകുത്തിയ മാർച്ചിൽ 340 കോടി റിയാൽ സൗദി ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ പിൻവലിച്ചിരുന്നു.
ജനുവരിയിലെ കണക്കുകൾ പ്രകാരം സൗദി ഓഹരി വിപണി മൂല്യത്തിന്റെ 2.34 ശതമാനം വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിലാണ്. സൗദി ഓഹരി വിപണിയുടെ ആകെ മൂല്യം 9.05 ട്രില്യൺ റിയാലാണ്. 2020 ജനുവരിയിൽ ഒഹരി വിപണി 1.7 ശതമാനം ഇടിഞ്ഞിരുന്നു. ആ മാസം 200 കോടിയോളം റിയാലിന്റെ ഓഹരികൾ വിദേശികൾ അധികം വാങ്ങി. ഓഹരി വിപണി 7.5 ശതമാനം തകർച്ച നേരിട്ട ഫെബ്രുവരിയിൽ 250 കോടി റിയാലിന്റെയും ഓഹരികൾ വിദേശ നിക്ഷേപകർ വാങ്ങി. സൂചിക 14.7 ശതമാനം ഇടിഞ്ഞ മാർച്ചിൽ 340 കോടി റിയാലിന്റെ ഓഹരികൾ വിദേശികൾ വിൽപന നടത്തി. ഏപ്രിലിൽ ഓഹരി വിപണി 9.3 ശതമാനം തോതിൽ ഉയർന്നു. ഏപ്രിലിൽ 160 കോടി റിയാലിന്റെ ഓഹരികൾ വിദേശികൾ അധികം വാങ്ങി. മേയിൽ 280 കോടി റിയാലിന്റെയും ജൂണിൽ 490 കോടി റിയാലിന്റെയും ജൂലൈയിൽ 90 കോടി റിയാലിന്റെയും ഓഗസ്റ്റിൽ 310 കോടി റിയാലിന്റെയും സെപ്റ്റംബറിൽ 40 കോടി റിയാലിന്റെയും ഒക്‌ടോബറിൽ 240 കോടി റിയാലിന്റെയും നവംബറിൽ 200 കോടി റിയാലിന്റെയും ഓഹരികൾ വിദേശികൾ വാങ്ങിയിരുന്നു. ഡിസംബറിൽ 60 കോടി റിയാലിന്റെ ഓഹരികൾ വിദേശ നിക്ഷേപകർ അധികം വിൽപന നടത്തി.
കഴിഞ്ഞ വർഷം സൗദി ഓഹരി വിപണിയിൽ 1,870 കോടി റിയാൽ വിദേശികൾ നിക്ഷേപിച്ചിരുന്നു. 2015 ലാണ് സൗദി ഓഹരി വിപണിയിൽ വിദേശ നിക്ഷേപം അനുവദിച്ചത്. ഇതിനു ശേഷം സൗദി ഓഹരി വിപണിയിൽ വിദേശികൾ നടത്തിയ ഏറ്റവും ഉയർന്ന രണ്ടാമത്തെ വാർഷിക നിക്ഷേപമായിരുന്നു കഴിഞ്ഞ കൊല്ലത്തെത്. ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം എത്തിയത് 2019 ലായിരുന്നു. ആ വർഷം സൗദി ഓഹരി വിപണിയിൽ 9,120 കോടി റിയാൽ വിദേശികൾ നിക്ഷേപിച്ചിരുന്നു.