കണ്ണൂർ - സി.പി.എമ്മിന്റെ വർഗീയ പ്രചാരണം തുടങ്ങി വെച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയോടനുബന്ധിച്ച് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. സി.പി.എം പച്ചക്ക് വർഗീയത പറയുകയാണ്. ഇത് തുടങ്ങി വെച്ചത് സംസ്ഥാന സെക്രട്ടറി വിജയരാഘവനല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ്. തെരഞ്ഞെടുപ്പിൽ പരാജയം മണത്ത പിണറായി വിജയന്റെ അവസാനത്തെ അഭയമാണ് വർഗീയത പ്രചരിപ്പിക്കൽ. തെരഞ്ഞെടുപ്പ് വരും പോകും. എന്നാൽ മത സൗഹാർദം എക്കാലവും നില നിൽക്കേണ്ടതുണ്ട്. മത വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇതിനെതിരെ സമൂഹം ജാഗ്രത പാലിക്കണം.
സ്വർണ കളളക്കടത്ത് കേസ് അട്ടിമറിക്കാൻ സി.പി.എം - ബി.ജെ.പി ധാരണയായി. സി.പി.എം - ബി.ജെ.പി അന്തർധാര എല്ലാ മേഖലയിലും സജീവമാണ്. പിണറായി - മോഡി കൂട്ടുകെട്ട് കേസുകൾ അട്ടിമറിക്കാൻ ഇടപെട്ടു. കേരളത്തിലെ ബി.ജെ.പി നേതാക്കളാരും ഇപ്പോൾ സ്വർണ കള്ളക്കടത്തിനെക്കുറിച്ച് മിണ്ടുന്നില്ല. ആസൂത്രിത നീക്കത്തിന് പിന്നിൽ ഇരു പാർട്ടികളുടെയും നേതാക്കളാണ്.
കോൺഗ്രസിനെ ഇല്ലാതാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇതിൽ സി.പി.എം പങ്കുചേരുകയാണ്. കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള വോട്ട് കച്ചവടത്തിന്റെ പരീക്ഷണമായിരുന്നു തില്ലങ്കേരിയിൽ നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തില്ലങ്കേരി മോഡൽ എല്ലാ മണ്ഡലങ്ങളിലും ആവർത്തിക്കാൻ നീക്കം നടക്കുന്നുണ്ട്.
വിജയരാഘവനും കെ.സുരേന്ദ്രനും പറയുന്നത് ഒരേ കാര്യമാണെന്ന് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ വിറ്റുതുലക്കുന്ന ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. എൽ.ഐ.സിയെപ്പോലും കുത്തകകൾക്ക് തീറെഴുതാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്‌ലിം വർഗീയത ഉയർത്തി മത സാഹോദര്യത്തെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവന് മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തലശ്ശേരിയിൽ പറഞ്ഞു. യു.ഡി.എഫിലെ ഘടക കക്ഷിയായ ലീഗിന്റെ നേതാക്കളെ സന്ദർശിക്കാൻ കോൺഗ്രസ് നേതാക്കൾ ഇനിയും പോകും. എല്ലാവരും ആദരിക്കുന്ന പാണക്കാട് കുടുംബത്തെ കാണാൻ പോകുന്നതിൽ എന്ത് തെറ്റാണുള്ളത്. ഇത്രയധികം മുസ്‌ലിം വിരുദ്ധത പ്രോത്സാഹിപ്പിക്കുന്ന ഒരു ഭരണകൂടം ഇവിടെയുണ്ടായിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടിയുടെ രോമം തൊടാൻ പിണറായി വിജയന് കഴിയില്ല. ഐശ്വര്യ കേരള യാത്ര തിരുവന്തപുരത്തെത്തുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഭരണത്തിന് അന്ത്യം കുറിക്കും. അഞ്ച് വർഷക്കാലം കൊണ്ട് സ്വന്തം മണ്ഡലത്തിൽ പോലും വികസനമെത്തിക്കാൻ സാധിക്കാെത പിണറായി വിജയൻ കേരളത്തിൽ എന്ത് വികസനമാണ് ഇനി കൊണ്ടുവരിക. ഒരു രൂപയുടെ മൂലധന നിക്ഷേപം പോലും ഇവിടെയുണ്ടാക്കാൻ സാധിച്ചില്ല. 34 രാഷ്ട്രീയ കൊലപാതകങ്ങളും നാല് ലോക്കപ്പ് മരണങ്ങളും ഏഴ് മാവോയിസ്റ്റ് വേട്ടകളും നടത്തിയ സർക്കാരിന് എന്ത് വികസനമാണ് ചൂണ്ടിക്കാട്ടാനുള്ളത.് പിണറായി വിജയന്റെ വാക്കും കാലിച്ചാക്കും ഒരു പോലെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഇതു പോലെ ശാസ്ത്രീയമായ അഴിമതി നടത്തിയ ഭരണം ഇതുവരെ കേരളം കണ്ടിട്ടില്ല. രണ്ട് മാസം കഴിയുമ്പോൾ കേരള ജനത ഈ സർക്കാരിനോട് കടക്ക് പുറത്തെന്ന് വിളിച്ചു പറയും. അഹന്തയും ധിക്കാരവും ഏകാധിപത്യവും നടമാടുന്ന ഒരു ഭരണം ഇനിയും നമുക്ക് വേണോ. അഴിമതി നടത്തിയവരെ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ അഴിക്കുള്ളിലാക്കും. പി.എസ്.സിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും വഴിയല്ലാതെ പിൻവാതിൽ നിയമനം യു.ഡി.എഫ് നടത്തില്ല. വാളയാറിൽ രണ്ട് പെൺകുട്ടികളെ അരിവാൾ പാർട്ടിക്കാർ പീഡിപ്പിച്ചപ്പോൾ സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടാത്ത സർക്കാർ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസ് സി.ബി.ഐക്ക് വിടുകയാണെന്നും ചെന്നിത്തല പറഞ്ഞു. തന്നെ ആർ.എസ്.എസിന്റെ ട്രൗസറുടിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ കോടിയേരി ബാലകൃഷ്ണന്റെ മകൻ ഇപ്പോൾ കിടക്കുന്നത് അഗ്രഹാര ജയിലിലാണെന്ന കാര്യം മറക്കേണ്ട. കോടിയേരിയുടെ വീട്ടിലാണ് കേരളത്തിലെ മയക്കുമരുന്ന് കച്ചവടത്തിന്റെ പ്രധാന ഇടപാടുകൾ നടത്തിയത്. പിണറായി വിജയൻ എത്ര പി.ആർ ഏജൻസികളെ വെച്ച് മുഖം വെളുപ്പിക്കാൻ ശ്രമിച്ചാലും അത് നടക്കാൻ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.