കൊച്ചി - സാമുദായിക ധ്രുവീകരണത്തിലൂടെ അധികാരമെന്ന ഫാസിസ്റ്റ് അജണ്ടയാണ് അധികാര തുടർച്ചക്ക് കേരളത്തിൽ സി.പി.എം നടപ്പാക്കുന്നതെന്നും ഇതിനെതിരെ മതേതര കേരളം ജാഗ്രത പുലർത്തണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച വെൽഫെയർ പാർട്ടിയുടെ ജനപ്രതിനിധികൾക്ക് ഒരുക്കിയ സ്വീകരണത്തിലെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം കാത്തുസൂക്ഷിച്ച സാമുദായിക സൗഹാർദവും മതേതര ബോധവുമാണ് സംഘ്പരിവാർ ശക്തികൾക്ക് കേരളത്തിൽ അധികാരത്തിലെത്തുന്നതിന് തടസ്സമായത്. എന്നാൽ, അധികാര തുടർച്ചക്ക് സി.പി.എം സംഘ്പരിവാർ ശക്തികൾക്ക് മണ്ണൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വീകരണവും സംഗമവും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രമണി അറുമുഖം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 42 ജനപ്രതിനിധികൾ ജയിച്ചിടത്ത് ഇത്തവണ 65 പേർ ജയിച്ചത് ഏറെ സന്തോഷകരമാണെന്നും 2025 ൽ ഇത് 650 ലേക്ക് എത്തിക്കണമെന്നും സുബ്രമണി അറുമുഖം കൂട്ടിച്ചേർത്തു.
എറണാകുളം ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറിമാരായ റസാഖ് പാലേരി, ഇ.സി. ആയിഷ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ, ട്രഷറർ പി.എ. അബദുൽ ഹഖീം, സെക്രട്ടറി മിർസാദ് റഹ്മാൻ, എറണാകുളം ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂർ എന്നിവർ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി കെ.എച്ച്. സദഖത്ത് നന്ദിയും പറഞ്ഞു. രാവിലെ നടന്ന സെഷനിൽ ജനപ്രതിനിധികൾക്ക് സി.എച്ച്. സജീർ, ഗഫൂർ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം നൽകി.