Sorry, you need to enable JavaScript to visit this website.

സി.പി.എം പ്രവർത്തകന് നേരെ ആക്രമണം; വെട്ടിക്കൊല്ലാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം- ജില്ലയിൽ വീണ്ടും സംഘട്ടനം. ഇന്ന് രാവിലെ ദേശാഭിമാനി പത്രം വിതരണം ചെയ്യുന്നതിനിനിടെ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. സി.പി.എം തൂങ്ങാംപാറ ബ്രാഞ്ച് അംഗവും ദേശാഭിമാനി ഏജന്റുമായ ശശികുമാറിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്ര വിതരണത്തിനിടയിൽ കാട്ടാക്കട ട്രക്കർ സ്‌റാന്റിനു സമീപത്താണ് സംഭവം. അക്രമത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. ശശികുമാറിനെ വെട്ടിക്കൊല്ലാൻ ശ്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ബൈക്കിൽ പോകുകയായിരുന്ന ശശികുമാറിനെ പിറകിൽ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. ബൈക്കിന്റെ പിറകിലിരുന്നയാളാണ് വെട്ടിയത്. നിലത്ത് വീണ ശശികുമാർ ഉടൻ ഓടിരക്ഷപ്പെട്ടു. ഇദ്ദേഹത്തിന് പിറകെ സംഘം ഓടിയെങ്കിലും അടുത്തുള്ള പെട്രോൾ പമ്പിൽ കയറിയാണ് ശശികുമാർ രക്ഷപ്പെട്ടത്. തിരിച്ചെത്തിയ അക്രമി സംഘം ശശികുമാറിന്റെ ബൈക്ക് അക്രമിക്കുന്നതും ബൈക്കിലുണ്ടായിരുന്ന പത്രക്കെട്ടുകൾ വലിച്ചെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. 
ശശികുമാർ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. എസ്.ഡി.പി.ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കുമാർ ആരോപിച്ചു. കാട്ടാക്കടയിൽ കഴിഞ്ഞദിവസം സി.പി.എം-എസ്.ഡി.പി.ഐ സംഘർഷമുണ്ടായിരുന്നു. സി.പി.എം പ്രവർത്തകരെ മുഖംമൂടിയിട്ട എസ്.ഡി.പി.ഐക്കാർ അക്രമിക്കുകായിരുന്നുവെന്നാണ് ആരോപണം. 

Latest News