കണ്ണിനും മനസ്സിനും കുളിർമയേകി വാദി അൽ ഹറാർ. മക്ക - തായിഫ് റൂട്ടിലാണ് ഈ അതിമനോഹരമായ മലഞ്ചെരിവും വെള്ളച്ചാട്ടവും സ്ഥിതിചെയ്യുന്നത്. മലയാളികൾ അടക്കമുള്ള സന്ദർശകരുടെ ഇഷ്ട കേന്ദ്രമായി വാദി അൽ ഹറാർ മാറി. നിരവധി രാജ്യക്കാരാണ് ഇപ്പോൾ മരുഭൂമിയിലെ ഈ വെള്ളച്ചാട്ടം കാണാൻ മലമുകളിലേക്കെത്തുന്നത്. പട്ടണങ്ങളിൽ ജോലി ചെയ്യുന്നവരുടെ വാരാന്ത്യങ്ങൾ ആസ്വാദ്യമാക്കുന്നതാണ് പ്രകൃതിയുടെ ഈ വിരുന്ന്. മുങ്ങിക്കുളിക്കാൻ വെള്ളക്കെട്ടുകളും പർവത മുകളിൽ മനോഹരമായ വെള്ളച്ചാട്ടവും. മക്ക - തായിഫ് റൂട്ടിലാണ് മലഞ്ചെരിവിൽ അടിപൊളി വെള്ളച്ചാട്ടവും കൊച്ചരുവികളുമുള്ളത്. മക്ക - തായിഫ് റോഡിൽ ഉമ്മുൽ ഖുറാ യൂനിവേഴ്‌സിറ്റി കഴിഞ്ഞ് ആബിദയിൽ നിന്ന് വലത്തോട്ട് തിരിയണം. അതായത് മക്കയിൽ നിന്ന് 20 കി.മീ കഴിഞ്ഞാൽ പിന്നെ വലത്തോട്ട്. ഉദ്ദേശം അഞ്ചാറു കി.മീ ദൂരം കഴിഞ്ഞാൽ പിന്നെ ഇടതു ഭാഗത്തേക്ക് കുറെ വഴികൾ കാണാം. ഞങ്ങൾ ഒരു സംഘമായി വെള്ളിയാഴ്ച അതിരാവിലെ പുറപ്പെട്ടു. വിശാലമായ ഒരു കളി മൈതാനം കണക്കെ ഒരു മണൽപരപ്പിലെത്തി. ഇനി അങ്ങോട്ട് വാഹനങ്ങൾക്ക് കടക്കാൻ കഴിയില്ല. ഞങ്ങളുടെ വാഹനങ്ങൾ ഒരു വശത്തായി പാർക്ക് ചെയ്തു. കാറുകളിലും വാനുകളിലുമായിരുന്നു ഞങ്ങളുടെ യാത്രാ സംഘം സഞ്ചരിച്ചിരുന്നത്.
ബാഗുകൾ തോളിൽ തൂക്കി ഞങ്ങൾ ട്രക്കിംഗ് ആരംഭിച്ചു. തുടക്കത്തിൽ തന്നെ നല്ല ഉറവ പൊട്ടി താഴേക്കു പതിക്കുന്ന കൊച്ചു വെള്ളച്ചാട്ടവും വെള്ളക്കെട്ടുകളും കാണാൻ സാധിച്ചു. അതിൽ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെയും മുതിർന്നവരെയും കണ്ടു. മലയാളികൾക്കു പുറമെ വിവിധ ദേശക്കാരെയും അവിടെ കാണാൻ സാധിച്ചു.
കുത്തനെ ഉള്ള മിനുസമായ ഒരു പാറക്കെട്ട് കയറി വേണം മലകയറ്റം തുടങ്ങാൻ. അൽപം സാഹസികമായിത്തന്നെ ഞങ്ങൾ കയറ്റം ആരംഭിച്ചു . ചിലർ കയറുപയോഗിച്ച് കയറുന്നതും കാണാനായി. നല്ലൊരു വെള്ളക്കെട്ടും ചെറിയ വെള്ളച്ചാട്ടവും അവിടെയുണ്ട്. ഇനി മുകളിലോട്ട് പറക്കൂട്ടങ്ങളും മരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ പാതയാണ്. അങ്ങനെ ഞങ്ങൾ വലിയൊരു ഗുഹ പോലുള്ള ഒരിടത്തെത്തി. അതിനകത്തു കൂടി വേണം ഇനി മുകളിലെത്താൻ.
ഒരു ആഴമുള്ള വെള്ളക്കെട്ടിനടുത്തെത്തി. പാറക്കെട്ടുകളും ഇടക്ക് മരങ്ങളും നീർചാലുകളും. നിലമ്പൂരിൽ എത്തിയ പോലെ. അങ്ങനെ ഏതാണ്ട് ഒരു മണിക്കൂർ സമയമെടുത്ത് ഞങ്ങൾ പാറക്കൂട്ടങ്ങൾക്കു മുകളിലെത്തി. മനോഹരങ്ങളായ രണ്ട് വെള്ളച്ചാട്ടങ്ങൾ. തണുത്ത വെള്ളം ധാരധാരയായി ഞങ്ങളുടെ മേൽ പെയ്തിറങ്ങി. സൗദി ജീവിതത്തിനിടയിൽ ആദ്യാനുഭവമായിരുന്നു അത്. അതിനിടയിൽ ഞങ്ങളിൽ ചിലർ വെള്ളച്ചാട്ടത്തിനരികിൽ ഒപ്പന കളിച്ചും ചിരിച്ചും കഴിഞ്ഞു. അര മണിക്കൂർ നേരം ആ വെള്ളച്ചാട്ടങ്ങൾ ആവോളം ആസ്വദിച്ച് ഞങ്ങൾ തിരിച്ചിറങ്ങാൻ തുടങ്ങി. എല്ലാം കഴിഞ്ഞ് താഴെ തിരിച്ചെത്തിയപ്പോൾ ഉദ്ദേശം 11 മണി. എല്ലാവർക്കും നല്ല വിശപ്പും ക്ഷീണവുമുണ്ടായിരുന്നു. വളയിട്ട കൈകൾ കൊണ്ടു പാകം ചെയ്ത നല്ല ചിക്കൻ ബിരിയാണി ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു അവിടെ. ഭക്ഷണം കഴിക്കലും ജുമുഅയും കഴിഞ്ഞ് ആ മനോഹര താഴ്‌വരയോടു വിട പറഞ്ഞ് ഞങ്ങൾ മക്കയിലേക്കും ജിദ്ദയിലേക്കുമായി മടങ്ങി, പ്രവാസ ജീവിതത്തിനിടയിൽ ഒരിക്കലും വിസ്മരിക്കാനാവാത്ത മധുര സ്മൃതികളോടെ.