കാച്ചി- സമര ദിനങ്ങള്‍ ശമ്പള അവധിയായി കണക്കാക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച നടപടിയില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 2019 ജനുവരി 8, 9 തീയതികളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് കോടതി റദ്ദാക്കിയത്. ആലപ്പുഴ കളര്‍കോട് സ്വദേശിയും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ജി.ബാലഗോപാല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഉത്തരവ് രണ്ടു മാസത്തിനകം നടപ്പാക്കണമെന്നും കോടതി അറിയിച്ചു.പണിമുടക്ക് ദിനങ്ങളില്‍ ശമ്പളം നല്‍കുന്നത് ഭരണഘടന വിരുദ്ധമാണ്, സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ഹാജര്‍ രജിസ്റ്റര്‍ പരിശോധിച്ച് നടപടിയെടുക്കാനും ശമ്പളം നല്‍കിയിട്ടുണ്ടങ്കില്‍ തിരിച്ചു പിടിക്കാനും കോടതി നിര്‍ദേശിച്ചു. സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.