കണ്ണൂർ- ഞാൻ എന്നും കോൺഗ്രസുകാരനാണ്. മരിച്ചാൽ ത്രിവർണ പതാക പുതപ്പിക്കണം. 1940ൽ ഗാന്ധിജി ആഹ്വാനം ചെയ്ത വ്യക്തി സത്യഗ്രഹത്തിൽ പത്താമത്തെ വയസിൽ പങ്കെടുത്തയാളാണ് ഞാൻ- പ്രമുഖ എഴുത്തുകാരൻ ടി പത്മനാഭൻ പറഞ്ഞു. തന്നെ സന്ദർശിച്ച എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസിയുടെ നൂറാം വാർഷികത്തിൽ പ്രമുഖ വ്യക്തികളെ ആദരിക്കുന്ന 'പ്രതിഭാദരം' ചടങ്ങിന്റെ ഉദ്ഘാനത്തിനായാണ് താരിഖ് അൻവറും കോൺഗ്രസ് നേതാക്കളും ഉച്ചയോടെ പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിലെത്തിയത്. 'കോൺഗ്രസ് ജയിക്കുമോ, എനിക്ക് അത്ര വിശ്വാസം പോര' എന്നാണ് പത്മനാഭൻ താരിഖ് അൻവറിനോട് പറഞ്ഞത്. 'ഞങ്ങൾ നന്നായി പരിശ്രമിക്കുന്നു' എന്ന് താരിഖ് അൻവർ ചിരിച്ചുകൊണ്ട് മറുപടിയും പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽ കുമാർ, കെപിസിസിയുടെ പ്രതിഭാദരം കോഡിനേറ്റർ എംഎ ഷഹനാസ് എന്നിവരും പങ്കെടുത്തു