തിരുവനന്തപുരം-ജില്ലാ പോലീസ് മേധാവികള്‍ക്ക് സ്ഥാനചലനം. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി.യായിരുന്ന പി.കെ. മധുവിനെ തിരുവനന്തപുരം റൂറല്‍ എസ്.പിയായി നിയമിച്ചു. റൂറല്‍ എസ്.പിയായിരുന്ന ബി. അശോകനെ തിരുവനന്തപുരത്ത് സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചു. പാലക്കാട് ജില്ലാ പോലീസ് മേധാവിയായിരുന്ന സുജിത് ദാസിനെ മലപ്പുറം ജില്ലാ പോലീസ് മേധാവിയായിയും അവിടെനിന്ന് യു. അബ്ദുല്‍ കരീമിനെ മലബാര്‍ സ്‌പെഷല്‍ പോലീസ് കമാണ്ടന്റായും മാറ്റി നിയമിച്ചു.
തിരുവനന്തപുരം സിറ്റി ഡി.സി.പിയായിരുന്ന ഡോ. ദിവ്യ വി. ഗോപിനാഥിനെ ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ആന്റ് ടെക്‌നോളജി (ഐ.സി.ടി) എസ്.പിയായി നിയമിച്ചു. ടെലികോം വിഭാഗം എസ്.പിയുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. ദിവ്യക്ക് പകരം പോലീസ് ആസ്ഥാനത്തെ എ.ഐ.ജിയായിരുന്ന ഡോ. വൈഭവ് സക്‌സേനയാണ് പുതിയ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമീഷനര്‍ (ഡി.സി.പി). വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇന്റലിജന്‍സ് വിഭാഗം എസ്.പിയായിരുന്ന എസ്. ഹരിശങ്കറെ കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായിരുന്ന ഡി. ശില്‍പയെ കോട്ടയം ജില്ലാ പോലീസ് മേധാവിയായാണ് മാറ്റി നിയമിച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന ജി. ജയ്‌ദേവിനെ ആലപ്പുഴയിലേക്കും അവിടെയുണ്ടായിരുന്ന പി.എസ്. സാബുവിനെ എറണാകുളം സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചിലേക്കും മാറ്റി.
എറണാകുളം സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് എസ്.പിയായിരുന്ന എന്‍. വിജയകുമാറിന് സ്റ്റേറ്റ് സ്‌പെഷല്‍ബ്രാഞ്ച് സെക്യൂരിറ്റി വിഭാഗം എസ്.പിയായാണ് നിയമനം. വയനാട് ജില്ലാ പോലീസ് മേധാവിയായിരുന്ന ജി. പുങ്കുഴലിയെ തൃശൂര്‍ റൂറലിലേക്കും അവിടെനിന്നു ആര്‍. വിശ്വനാഥിനെ പാലക്കാട് പോലീസ് മേധാവിയായും നിയമിച്ചു. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി (െഎ.സി.ടി) എസ്.പിയായിരുന്ന അരവിന്ദ് സുകുമാറാണ് വയനാട്ടിലെ പുതിയ പോലീസ് ജില്ലാ മേധാവി.
എ.ഡി.ജി.പി യോഗേഷ് ഗുപ്തയെ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ (ബെവ്‌കോ) ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണ് നിയമനം. നേരത്തെ ഇദ്ദേഹത്തെ എം.ഡിയാക്കാന്‍ തീരുമാനിച്ചെങ്കിലും ചെയര്‍മാന്റെ അധിക ചുമതല കൂടി നല്‍കിയാണ് നിയമനം.