Sorry, you need to enable JavaScript to visit this website.

ശിവശങ്കറിന്റെ ജാമ്യഹരജി വിധി പറയാന്‍ മാറ്റി

കൊച്ചി- സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. അതേസമയം, സ്വര്‍ണക്കടത്ത് കേസ് പ്രതി റബിന്‍സണിന്റെ റിമാന്റ് കാലാവധി നീട്ടി. ഫെബ്രുവരി 9 വരെയാണ് റിമാന്റ് നീട്ടിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സി.ജെ.എം കോടതിയാണ് ഇരുവരുടെയും കേസുകള്‍ പരിഗണിച്ചത്.
കസ്റ്റംസിന്റെ സ്വര്‍ണക്കടത്ത് കേസിലും ഇ.ഡിയുടെ കള്ളപ്പണ കേസിലും നേരത്തെ ജാമ്യം ലഭിച്ച ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍കൂടി ജാമ്യം കിട്ടിയാല്‍ പുറത്തിറങ്ങാം. ഡോളര്‍ കടത്തുമായി തനിക്ക് യാതൊരു പങ്കില്ലെന്നും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ആയിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. കസ്റ്റഡിയില്‍ ് പ്രതികള്‍ നല്‍കിയ മൊഴികള്‍ മാത്രമാണ് തനിക്കെതിരെയുള്ളത്. എന്നാല്‍, കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു.
വിദേശത്തേക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കര്‍ റിമാന്‍ഡിലാണ്. അടുത്ത മാസം 9 വരെയാണ് റിമാന്‍ഡ് കാലാവധി. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി.
യു.എ.ഇ കോണ്‍സുലേറ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിലായിരുന്നു കസ്റ്റംസിന്റെ നിര്‍ണായക നടപടികള്‍.

 

Latest News