നോർത്ത് ഈസ്റ്റ് 0 ജംഷെഡ്പുർ 0
ഗുവാഹതി- ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ ഒരു ഗോളിനായുള്ള കാത്തിരിപ്പ് നീളുന്നു. കൊച്ചിയിലെ ഉദ്ഘാടന മത്സരത്തെ പോലെ ഇന്നലെ ഗുവാഹതിയിലും ഗോൾ പിറന്നില്ല. നോർത്തീസ്റ്റ് യുനൈറ്റഡും നവാഗതരായ ജംഷഡ്പുർ എഫ്.സിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർത്തീസ്റ്റിന്റെ മാഴ്സിഞ്ഞ്യോയാണ് ഹീറോ ഓഫ് ദി മാച്ച്.
78 ാം മിനിറ്റിൽ ജംഷഡ്പുരിന്റെ ആന്ദ്രെ ബിക്കെ ചുവപ്പ് കാർഡ് കണ്ടതോടെ അവർ പത്ത് പേരായി ചുരുങ്ങിയെങ്കിലും അവസരം മുതലാക്കാൻ ആതിഥേയർക്ക് കഴിഞ്ഞില്ല.
ഗോളിച്ചില്ലെങ്കിലും കളിയിൽ മേൽക്കോയ്മ നോർത്തീസ്റ്റിനായിരുന്നു. 56 ശതമാനമാണ് അവരുടെ ബാൾ പൊസഷൻ. 13 ഷോട്ടുകൾ അവർ എതിരാളികളുടെ വല ലക്ഷ്യമക്കി തൊടുത്തു. ജംഷഡ്പുർ ഒമ്പതും. നോർത്തീസ്റ്റിന് ഒമ്പത് കോർണറുകൾ ലഭിച്ചപ്പോൾ ജാംഷഡ്പുരിന് മൂന്ന്. പരുക്കൻ അടവുകൾ പുറത്തെടുക്കുന്നതിൽ ഇരു ടീമുകളും മോശമായില്ല. നോർത്തീസ്റ്റ് 16 ഫൗളുകളും ജംഷഡ്പുർ 15 ഫൗളുകളും കാട്ടി. ഒരു ചുവപ്പ് കാർഡിനു പുറമെ രണ്ട് മഞ്ഞക്കാർഡും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു.
നോർത്തീസ്റ്റ് നിരയിൽ രണ്ട് മലയാളി താരങ്ങളുണ്ടായിരുന്നു. ഗോളി ടി.പി. രഹ്നേഷും ഡിഫന്റർ അബ്ദുൽ ഹക്കുവും. മറുവശത്ത് സെന്റർ ബാക്ക് അനസ് എടത്തൊടിക ജംഷഡ്പുർ നിരയിലെ ഏക മലയാളിയായി. ഹക്കുവിന്റെ ആദ്യ ഐ.എസ്.എൽ മത്സരമായിരുന്നു ഇന്നലത്തേത്.
തുടക്കം മുതൽ തന്നെ നോർത്തീസ്റ്റ് എതിരാളികളെ സമ്മർദത്തിലാക്കി. മൂന്നാം മിനിറ്റിൽ കിട്ടിയ ആദ്യ കോർണർ. ഡുങ്കലും മാഴ്സിയോയും തുടരെ ജംഷഡ്പുരിന്റെ ഗോൾവലയം ആക്രമിച്ചു. പത്ത് മിനിറ്റിനുള്ളിൽ നാല് കോർണറുകൾ. എന്നാൽ ഇന്ത്യൻ ഗോൾ വലയം കാത്തുസൂക്ഷിച്ച ജംഷഡ്പുർ ഗോളി സുബ്രതോ പോളിനെ മറികടക്കാൻ അതിനൊന്നുമായില്ല. ആദ്യ 20 മിനിറ്റിനിടെ ഒരേയൊരു ശ്രമം മാത്രമായിരുന്നു ജംഷഡ്പുർ നടത്തിയത്. 27 ാം മിനിറ്റിൽ അസൂക്ക 30 വാര അകലെനിന്ന് പായിച്ച ഫ്രീകിക്ക് ബാറിനു മുകളിലൂടെ പറന്നു. അടുത്ത മിനിറ്റിൽ നോർത്തീസ്റ്റിന് തുടർച്ചായി രണ്ട് കനകാവസരങ്ങൾ. മാഴ്സിഞ്ഞ്യോയുടെ ആദ്യ ശ്രമം റീബൗണ്ട്. തുടർന്നു കിട്ടിയ പന്ത് ഒഡയർ പുറത്തേക്ക് അടിച്ചുകളഞ്ഞു.
ഇതിനിടയിലും ഫൗളുകൾക്കു പഞ്ഞമുണ്ടായില്ല. ഡിഡിക്കയെ പിന്നിൽ നിന്നും ഉന്തിവീഴ്ത്തയതിനു ജംഷഡ്പൂരിന്റെ മെമോയ്ക്ക് ആദ്യ മഞ്ഞക്കാർഡ്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജംഷഡ്പൂരിന് ഒരു സുവർണാവസരം കിട്ടി. ട്രീൻഡാഡെ ഗോൺസാൽവസ് ബോക്സിൽനിന്ന് നൽകിയ പാസ് സ്വീകരിച്ച ഇസു അസൂക്ക പായിച്ച ദുർബലമായ കാർപറ്റ് ഡ്രൈവ് ഗോളി രഹ്നേഷ് അനായാസം തട്ടിയകറ്റി.
രണ്ടാം പകുതിയിൽ ജംഷഡ്പുർ കൂടുതൽ ആക്രമിച്ചു. 50 ാം മിനിറ്റിൽ ജെറിയെ ലക്ഷ്യമാക്കി സമീഗ് ദൗതിയുടെ അളന്നു കുറിച്ച പാസ്. ചാടിവീണ ഹക്കു പന്ത് ക്ലിയർ ചെയ്തു.
54 ാം മിനിറ്റിൽ ഹാൻഡ് ബോളിനെ തുടർന്നു ബോക്സിനു പുറത്തുനിന്ന് ലഭിച്ച ഫ്രീ കിക്ക്. കിക്കെടുത്ത മാഴ്സീഞ്ഞ്യോയുടെ അടി മനുഷ്യ മതിലിൽ തട്ടിത്തെറിച്ചു. 60 ാം മിനിറ്റിൽ ഗോളി സുബ്രതോ പോൾ മാത്രം മുന്നിൽ നിൽക്കേ ഡാനിയേലോ പന്ത് പുറത്തേക്കടിച്ചു. ഇതിനിടെ ജംഷഡ്പുർ കോച്ച് സ്റ്റീവ് കോപ്പൽ മഹ്താബ് ഹുസൈനു പകരം ഫാറൂഖ് ചൗധരിയെയും ട്രിൻഡാഡെയ്ക്കു പകരം ആന്ദ്രെ ബിക്കെയെയും ഇറക്കി. നോർത്തീസ്റ്റ് ഡുഗലിനു പകരം ഹോളിചരൺ നർസറിയെ ഇറക്കി. 76 ാം മിനിറ്റിൽ ഹക്കു ക്ലിയർ ചെയ്ത പന്ത് സ്വന്തം പോസ്റ്റിലേക്കാണ് പോയതെങ്കിലും ഭാഗ്യത്തിന് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.