ന്യൂദൽഹി- പത്മാവതി സിനിമാ വിവാദത്തിൽ പഴയ രാജാക്കന്മാരെ വിമർശിച്ച കോൺഗ്രസ് എം.പി ശശി തരൂരിന് മറുപടിയുമായി കോൺഗ്രസ് യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ശശി തരൂർ എം.പി ചരിത്രം പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷുകാർ രാജ്യത്തെ ചവിട്ടി മെതിക്കുമ്പോൾ നമ്മുടെ പഴയ രാജാക്കൻമാർക്ക് അഭിമാനക്ഷതമൊന്നും തോന്നിയിരുന്നില്ല. എന്നാൽ ഇപ്പോൾ രാജാക്കൻമാരുടെ അഭിമാനം സംരക്ഷിക്കാനെന്ന പേരിൽ സിനിമക്കാരുടെ പിന്നാലെ ചിലർ നടക്കുകയാണെന്നായിരുന്നു തരൂരിന്റെ പ്രസ്താവന.
തരൂരിന്റെ വിമർശനത്തിന് മറുപടിയുമായാണ് ഗ്വാളിയോർ രാജകുടുംബാംഗമായ ജോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം. തരൂർ ചരിത്രം പഠിക്കണമെന്നും പൂർവ ചരിത്രത്തിൽ താൻ അഭിമാനിക്കുന്നുവെന്നും സിന്ധ്യ പറഞ്ഞു.
രാജാക്കൻമാർക്കെതിരായ വിമർശം വിവാദമായതോടെ തരൂർ നിലപാട് മയപ്പെടുത്തിയിരുന്നു. രജപുത്ത് വിഭാഗക്കാരെ മോശമാക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ചില ബി.ജെ.പി അനുഭാവികൾ ഇത്തരത്തിൽ ശ്രമിക്കുകയാണെന്നും തരൂർ വിശദീകരിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിശദീകരണം. തരൂരിന്റെ പ്രസ്താവനയെ പരിഹസിച്ച് ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയും രംഗത്തുവന്നു. രാജാക്കന്മാരെ വിമർശിക്കുന്ന തരൂരിന് മഹാരാജാവിനെക്കുറിച്ച് എന്തു പറയാനുണ്ട് എന്നായിരുന്നു രാഹുൽ ഗാന്ധിയെ പരോക്ഷമായി ഉദ്ദേശിച്ച് ഇറാനിയുടെ ചോദ്യം.