റിയാദ്- സൗദിയിലെ പള്ളികളില്‍ കോവിഡ് വ്യാപനത്തിനെതിരായ മുന്‍കരുതലുകളും ജാഗ്രതാ നിര്‍ദേശങ്ങളും പാലിക്കുന്നതിലെ വീഴ്ച ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇസ്‌ലാമിക കാര്യ, കോള്‍ ആന്റ് ഗൈഡന്‍സ് മന്ത്രാലയം പള്ളികളിലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി.
ഇസ്ലാമികകാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് അല്‍ ശൈഖ് പുറത്തിറക്കിയ സര്‍ക്കുലറില്‍ എട്ട് നിര്‍ദേശങ്ങളാണ് നല്‍കിയത്. പള്ളി പരിപാലിക്കുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അപര്യാപ്തതയെക്കുറിച്ചും വീഴ്ചകളെ കുറിച്ചും മന്ത്രാലയം ശ്രദ്ധ ക്ഷണിച്ചു. പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതില്‍ ഖതീബുമാരുടേയും ഇമാമുകളുടേയും മുഅദ്ദിനുകളുടേയും ഭാഗത്തും നമസ്‌കാരത്തിനെത്തുന്നവരുടെ ഭാഗത്തും വീഴ്ചകളുണ്ട്.
നടപടിക്രമങ്ങളും മുന്‍കരുതലുകളും കൃത്യതയോടെയും ശ്രദ്ധയോടെയും നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മന്ത്രാലയം ഊന്നിപ്പറഞ്ഞു. പള്ളി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനും നിയമലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും മന്ത്രാലയം നിരീക്ഷകര്‍ക്ക് നിര്‍ദേശം നല്‍കി.
പള്ളികളിലെത്തുന്നവര്‍ നമസ്‌കാര പടം കൊണ്ടുവരിക, വായയും മൂക്കും മൂടുന്ന തരത്തില്‍ മാസ്‌ക് ധരിക്കുക, ജുമുഅക്ക് ഒരു മണിക്കൂര്‍ മുമ്പ് പള്ളികള്‍ തുറക്കുകയും 30 മിനിറ്റിനുശേഷം അടക്കുകയും ചെയ്യുക, രണ്ട് പേര്‍ക്കിടയില്‍ ഒന്നര മീറ്റര്‍ അകലം ഉറപ്പുവരുത്തുക, വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ ആളുകള്‍ക്ക് ലഭിക്കത്ത വിധം ഉചിതമായ സ്ഥലങ്ങളില്‍ സൂക്ഷിക്കുക, പള്ളികളില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കുക, നമസ്‌കാരങ്ങള്‍ അവസാനിക്കുന്നതുവരെ ജനലുകളും വാതിലുകളും തുറന്നിടുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
എല്ലാ വാട്ടര്‍ കൂളറുകളും റഫ്രിജറേറ്ററുകളും നീക്കംചെയ്യാനും പ്രോട്ടോക്കോളില്‍ ആവശ്യപ്പെടുന്നു. പള്ളിയില്‍ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്യരുത്. ആളുകള്‍ പള്ളിയില്‍ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും തിരക്കുണ്ടാക്കരുതെന്നും മന്ത്രാലയം ഉണര്‍ത്തി. മസ്ജിദുകളിലെ ഉദ്യോഗസ്ഥര്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പ്രത്യേക പ്രതിരോധ നടപടികള്‍ മനസിലാക്കണമെന്നും അപ്‌ഡേറ്റുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സര്‍ക്കുലറില്‍ അഭ്യര്‍ഥിച്ചു.