രാജ്യഭാരം ഒഴിഞ്ഞ് വനവാസത്തിനും സന്ന്യാസത്തിനും പോയ പലരെപ്പറ്റിയും നമ്മൾ എത്രയോ കേട്ടിരിക്കുന്നു, അതൊക്കെ ഏറെയും പുരാണ സത്യം മാത്രമാണെങ്കിലും. ഭരണവും അധികാരവും നിലനിർത്താൻ മുപ്പത്തഞ്ചാമാണ്ടിലും മകനുമായി മല്ലടിച്ച അക്ബർമാരുടെ കഥകളാണ് നമുക്ക് കൂടുതൽ പരിചിതം. അതാണ് അധികാരത്തിന്റെ സ്വഭാവം. കൈവന്നാൽ കൂട്ടിക്കൊണ്ടുപോകാൻ നോക്കും, കൂടുന്തോറും കൈയാളുന്നവനെ നശിപ്പിക്കും. ആക്റ്റൺ പ്രഭുവിന്റെ വചനം. അതു പറയുന്നതിനു മുമ്പും പിമ്പും സാധുവായി നിൽക്കുന്നു.
കേരളത്തിലും പുറത്ത് പലയിടത്തും തെരഞ്ഞെടുപ്പു വരാനിരിക്കേ ഒന്നുകൂടി ഓർത്തുറപ്പിക്കാവുന്നതാണ് ആക്റ്റൺ വചനം. ആ നിലക്കുള്ള ചിന്തക്ക് വഴി കാട്ടിയിരിക്കുന്നു കെ.സി. ജോസഫ്. മധ്യതിരുവിതാംകൂറിൽനിന്ന് വടക്കൻ കേരളത്തിലേക്ക് മത്സരിക്കാൻ ചുവടു മാറ്റിപ്പോയ ആളാണ് ഇരിക്കൂറിന്റെ ഇരുത്തം വന്ന സ്ഥാനാർഥി കെ.സി. ജോസഫ്. മുപ്പത്തൊമ്പതു കൊല്ലമായി താൻ പ്രതിനിധാനം ചെയ്യുന്ന നിയോജക മണ്ഡലത്തെ ഇനി ഒരു ഇരിക്കൂറുകാരൻ തന്നെ പരിപാലിക്കട്ടെ എന്നാണ് ജോസഫിന്റെ ആഗ്രഹവും ആശീർവാദവും. ആർ എവിടെ തോൽക്കണം എന്ന ആലോചന തുടങ്ങും മുമ്പേ തന്റെ ഇംഗിതം വെട്ടിത്തുറന്നു പറഞ്ഞ ജോസഫ് നേരമ്പോക്ക് കാച്ചുകയാവില്ലെന്ന് അറിയാവുന്നവർക്കൊക്കെ അറിയാം.
ഒരിക്കൽ കയറിപ്പറ്റിയാൽ ആരും ഇറങ്ങിക്കൊടുക്കാത്തതാണ് നിയമസഭയിലെയും പാർലമെന്റിലെയും സ്ഥാനം. 'മതിയായി, ഞാനിനി മത്സരിക്കാനില്ല' എന്നു ശഠിച്ചവരിൽ ഒരാൾ സി. അച്യുതമേനോൻ ആയിരുന്നു. ബഹളമോ ധിറുതിയോ കാട്ടാത്ത അവധി സഞ്ചാരിയെപ്പോലെ ഒരു സ്യൂട്ട്‌കേസുമായി കേറിവന്ന അദ്ദേഹം പതിവിൽ കൂടുതൽ ഒരു കൊല്ലം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. പിന്നെ മതിയാക്കി, മത്സരിക്കാനില്ലെന്നു വെച്ചു. എം.എൻ. ഗോവിന്ദൻ നായരും തൽക്കാലം പിൻവാങ്ങി. അധികാര വിരക്തി കൊണ്ടല്ല, സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞ കെ. കരുണാകരന്റെ കാര്യസ്ഥതയിൽ പിഴക്കാൻ വയ്യെന്നു വെച്ചിട്ടാവം ഒഴിഞ്ഞുനിന്നത് എന്നു പറയുന്നവരും ഇല്ലാതില്ല. എന്തായാലും മറ്റുള്ളവർ സ്ഥാനത്തിനു വേണ്ടി സമരം ചെയ്യുകയും സ്വപ്‌നം കാണുകയും ചെയ്യുമ്പോൾ മത്സരിക്കാനില്ലെന്നു പ്രതിജ്ഞ എടുക്കുന്നവരുടെ കൂട്ടത്തിൽ അവരെ പെടുത്തണം. ഇപ്പോഴിതാ കെ.സി. ജോസഫിനെയും.
ഇനി സ്ഥാനാർഥിയാക്കരുത് എന്നു നിർബന്ധിക്കുന്നവർ എത്ര കുറഞ്ഞിരിക്കുന്നുവോ അത്ര കൂടിയിരിക്കും 'എന്നാലുമെനിക്കൊന്നു പുണർന്നേ മതിയാവൂ' എന്നു ജ്യേഷ്ഠ പത്‌നിയെ നോക്കി പറയുന്ന ഭാരത കഥാപാത്രത്തെപ്പോലെ എനിക്ക് ഇനിയും മത്സരിക്കണം എന്നു ശഠിക്കുന്ന ജനാധിപത്യ യോദ്ധാക്കൾ. മത്സരിക്കാൻ ഇടം നഷ്ടപ്പെടുന്നവരുടെ, അതായത്, സ്ഥാനാർഥിത്വം മോഹിച്ചു മോഹിച്ചു നടക്കുന്നവരുടെ, പെരുമാറ്റം കണ്ടാൽ കണ്ണീരും ചിരിയും ഒരുമിച്ചു വരും. സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കുന്നത് വലിയ ക്ലേശം തന്നെ. സീറ്റ് നിഷേധിക്കപ്പെടുന്ന ഓരോ യോദ്ധാവും നേതൃത്വത്തിനെതിരെ രാഷ്ട്രീയാന്യായം ഫയൽ ചെയ്യാനാണ് സാധ്യത. സ്ഥാനമോഹികളും മാധ്യമങ്ങളും പട്ടികക്കു വേണ്ടി വട്ടം പിടിച്ചിരിക്കും. ഒരിക്കൽ വൈകിവൈകിപ്പോകുന്ന കോൺഗ്രസ് പട്ടികക്കു വേണ്ടി എ.കെ. ആന്റണിയെ വിളിച്ചതോർക്കുന്നു. പതിവു കരുതലോടെ അദ്ദേഹം രണ്ടു വാക്യത്തിൽ കാര്യം പറഞ്ഞു: 'നിലവിലുള്ള നിയമസഭാംഗങ്ങളെല്ലാം വീണ്ടും മത്സരിക്കും -എം.പി. ഗംഗാധരനും തച്ചടി പ്രഭാകരനും.
ഗംഗാധരൻ കൂസിയില്ല. ഏതാണ്ട് പ്രതീക്ഷിച്ച പോലെ വന്നുവെന്നായിരുന്നു മൂപ്പരുടെ ഭാവം. 'തനിക്കിട്ട് ഇപ്പണി ചെയ്തത് ആർ' എന്നായി പത്രക്കാരെ എന്നും തന്റെ വലതുവശത്ത് നിർത്തിയിരുന്ന തച്ചടി. മണ്ഡലത്തിൽ മുഴുവൻ തച്ചടി വികാരം ആളിക്കത്തുന്നു എന്നായിരുന്നു ചിലരുടെ വിശ്വാസം. വികാരവും വിചാരവും എന്തായാലും അവർ സഭാംഗമോ മന്ത്രിയോ ആകേണ്ടിയിരുന്ന മുന്നണി മത്സര മാർഗത്തിൽ തട്ടിത്തടഞ്ഞുവീണു. മഷിയിട്ടു നോക്കിയിട്ടും സ്ഥാനാർഥി പട്ടികയിൽ പേർ കാണാഞ്ഞപ്പോൾ വാവിട്ടു കരയാൻ കെ.കെ. രാമചന്ദ്രൻ പത്രസമ്മേളനം വിളിച്ചു.
അങ്ങനെയൊന്നും കെ.വി. തോമസ് കഴിഞ്ഞയാഴ്ച കാണിച്ചില്ലെന്നേയുള്ളൂ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്നെ തഴഞ്ഞു; ഇപ്പോഴിതാ നിയമസഭാ തെരഞ്ഞെടുപ്പിലും തള്ളുന്നു -അതാണ് പലവട്ടം എം.പിയും എം.എൽ.എയും കേന്ദ്രത്തിലും കേരളത്തിലും മന്ത്രിയുമായ തോമസിന്റെ പരിദേവനം. കോളേജിൽ രസതന്ത്രം പഠിപ്പിച്ചിരുന്ന തോമസ് സ്‌നേഹ ബന്ധങ്ങളുടെ രസതന്ത്രത്തിൽ കൂടുതൽ ഇഷ്ണാതൻ ആയിരുന്നു. ലീഡർ കരുണാകരനുമായും കുടുംബവുമായും അടുപ്പമായി. പള്ളിയുടെ പിൻതുണ നേടി. എല്ലാം കൂടിയായപ്പോൾ എറണാകുളത്ത് ജയിക്കാൻ വേറെ ആളില്ലാത്ത സ്ഥിതി വന്നു. വേറെ ആളെ നോക്കുന്നുവെന്നു കേട്ടപ്പോൾ ബേജാറായി. ഞാൻ ഇപ്പം കമ്യൂണിസ്റ്റ് ആകും എന്നു പറയാൻ പത്രസമ്മേളനം വിളിച്ചു. സോണിയാ ഗാന്ധി കണ്ണുരുട്ടിയപ്പോൾ അതു റദ്ദാക്കി. എന്നാലും സൂര്യൻ കിഴക്കുദിക്കുന്ന കാലത്തോളം തന്നെ സ്ഥാനാർഥിയാക്കണമെന്ന പ്രാർഥന ചുണ്ടിൽ ചലിച്ചുകൊണ്ടിരിക്കും. കഴിഞ്ഞൊരു തെരഞ്ഞെടുപ്പിൽ വേറൊരു വാധ്യാർ ഇതു പോലെ പിറുപിറുത്തുകൊണ്ടിരുന്നു. പുള്ളിക്കാരനും കാണും ഇനിയും മത്സരിക്കാൻ.
പ്രായമായി എന്നതാണ് അവരെയൊക്കെ സീറ്റിൽ നിന്ന് അകറ്റിനിർത്താൻ തീരുമാനം എടുക്കുന്നവർ ഉന്നയിച്ച കാരണം. ഉമ്മൻ ചാണ്ടിക്കും അതു ബാധകമല്ലേ എന്നു പലരും ചോദിക്കുന്നു, ചോദിക്കാതെ. ഉത്തരം അല്ല എന്നു തന്നെ. പൊരുളറിയാത്ത ഏതോ വെളിപാടിന്റെ അടിസ്ഥാനത്തിൽ ഒരിക്കൽ ഹൈക്കമാണ്ട് ചാണ്ടിയെ കൊച്ചാക്കി. ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയായും സുധീരനെ പാർട്ടി മേധാവിയായും വാഴിക്കുമ്പോൾ ചാണ്ടിയെ നിർത്തിപ്പൊരിക്കുകയായിരുന്നു. പിന്നെ ആന്ധ്രയിലെ തളർച്ച തീർക്കാൻ തെലുങ്കുനാട്ടിൽ എട്ടും പൊട്ടും തിരിയാത്ത ചാണ്ടിയെ നിയോഗിച്ചപ്പോൾ കമാണ്ടിന്റെ ഉള്ളിലിരിപ്പ് വെളിപ്പെട്ടു. ഇപ്പോൾ ആർ മത്സരിക്കണം, ആർ പത്തി ചുരുട്ടി ഉറങ്ങണം എന്നു നിശ്ചയിക്കാൻ ചാണ്ടി തന്നെ വേണമെന്നു വരുമ്പോൾ 24 അക്ബർ റോഡിലെ പിടിപ്പുകേട് ആർക്കും ബോധ്യപ്പെടും.
പ്രായമായെന്ന ആരോപണം പലപ്പോഴും പ്രായമായവർ തന്നെ ഉന്നയിക്കും. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആകും വരെ പാകവും പക്വതയും ഇല്ലാത്ത വൈമാനികൻ എന്ന പേരുദോഷത്തിന് ഇരയായിരുന്നു. ചെറുപ്പത്തിന്റെ കൗതുകങ്ങളുമായി രാജീവ് അധികാരത്തിലേറിയപ്പോൾ, അതുവരെ കുറ്റം പറഞ്ഞിരുന്നവർ അട്ടഹസിച്ചു: ആത്മവിശ്വാസവും ആർജവവും ഉള്ള ഒരു പുതിയ മുഖം വിടർന്നിരിക്കുന്നു. വരണ്ടുണങ്ങിയ കിളവൻ വദനങ്ങൾ വഴി മാറിയിരിക്കുന്നു. യുവത്വമേ സ്വാഗതം.
പുതുമയും നന്മയും കുറഞ്ഞതുകൊണ്ടല്ല വേറെ ചിലർ ഗദ്ദിയിൽ കൊടി കുത്തിയിരുന്നത്. താൻ എന്താവുമെന്ന് രൂപമില്ലാതിരുന്ന മൻമോഹൻ സിംഗ് രണ്ടു തവണ പ്രധാനമന്ത്രിയായി. ആരൊക്കെയോ ആ പദവി വെച്ചുനീട്ടിയപ്പോൾ കൈയാളാൻ കഴിയാതിരുന്ന സഖാവ് ജ്യോതിബസു വൈരുധ്യാധിഷ്ഠിത ശൈലിയിൽ പറഞ്ഞു: അതൊരു ചരിത്രപരമായ മണ്ടത്തരം. മോഹിക്കാത്തതു കിട്ടാതെ പോയി എന്നു കരുതിയാൽ മതി.
അൾസൂരിലെ ഏതോ ശീതളിമയിൽ മയങ്ങുകയായിരുന്നു എച്ച്.ഡി. ദേവഗൗഡ, പ്രധാനമന്ത്രിയാവാൻ ദൽഹിക്കു വിളിച്ചുകൊണ്ടുള്ള സന്ദേശം എത്തുമ്പോൾ. മുട്ടുശാന്തിക്ക് ഒരു പ്രധാനമന്ത്രി ആയെങ്കിലും അതിനുള്ള രാഷ്ട്രീയ യോഗ്യതയോ സംഘടനാബലമോ ഉണ്ടായിരുന്ന ആളല്ല ചൗധരി ചരൺ സിംഗ്. അദ്ദേഹത്തെ കുരങ്ങു കളിപ്പിക്കാൻ കലശലായി മോഹിച്ചു സഞ്ജയ് ഗാന്ധി. വായ്ത്താരിക്കൊപ്പിച്ച് കുറച്ചിട അദ്ദേഹം ചാടിക്കളിക്കുകയും ചെയ്തു.
പ്രായം ഏറണോ കുറയണോ എന്നതല്ല ഇപ്പോഴത്തെ പ്രശ്‌നം. ജയസാധ്യതയുള്ള ആളാണോ സ്ഥാനാർഥി എന്നതാണ് പ്രശ്‌നം. സ്ത്രീകൾക്കും ചെറുപ്പക്കാർക്കും വേണ്ടത്ര പ്രാതിനിധ്യം വേണമെന്ന് മറ്റൊരു കൂട്ടർ. കിളവന്മാർ ഗുണം പിടിക്കില്ല എന്നതാണ് പൊതുവെയുള്ള ധാരണ. ചെറുപ്പക്കാരനായ മകൻ പുരുവുമായി പ്രായം കൈമാറ്റം ചെയ്ത വൃദ്ധനായ യയാതി മഹാരാജാവിന്റെ ഇംഗിതവും സങ്കടവും ഓർത്തോർത്തു മനസ്സിലാക്കാൻ ഇന്നും നേരം കാണാം.