കൊച്ചി- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറാന്‍ തയാറാകുന്നില്ലെങ്കില്‍ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളുടെ ഗതി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പല എന്‍ജിനീയറിംഗ് സ്ഥാപനങ്ങളും ഇന്നില്ല. കുട്ടികളെ പല ശീലങ്ങളും പഠിപ്പിക്കേണ്ടതുണ്ടെന്ന് സിങ്കപ്പൂരില്‍ പോയ മൂന്ന് പ്രമുഖര്‍ ഉപയോഗിച്ച ടിക്കറ്റ് നിലത്തിട്ട അനുഭവം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാല വിദ്യാര്‍ഥികളുമായി ആരംഭിച്ച സംവാദ പരിപാടിയില്‍ വിദ്യാര്‍ഥികളുടെ നിര്‍ദേശങ്ങള്‍ കേട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ അഞ്ച് സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളുമായി നടത്തുന്ന സംവാദ പരിപാടിക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലാണ് തുടക്കം കുറിച്ചത്.
കുസാറ്റ്, ന്യുവാല്‍സ്, കെടിയു, ആരോഗ്യ സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
കേരളത്തെ ഒരു വിജ്ഞാന സമൂഹമായി വളര്‍ത്താന്‍ ഉതകുന്ന മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി ഗവേഷണനത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കണം. ഗവേഷണ തല്പരരായ വിദ്യാര്‍ത്ഥികള്‍ എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാകണം. അത്തരം ഗവേഷണങ്ങള്‍ വിവിധ മേഖലകള്‍ക്ക് കരുത്താകും. അത് സമ്പദ് ഘടനയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കി വികസന കുതിപ്പിലേക്ക് നയിക്കും ഇത്തരത്തിലുള്ള സമൂഹമാണ് വിജ്ഞാന സമൂഹം എന്നതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഗവേഷണത്തിന് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പായി പ്രതിമാസം ഒരുലക്ഷം രൂപ വീതം നല്‍കുന്ന പദ്ധതി എത്രയും വേഗം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ വിടവ് വിജ്ഞാന സമൂഹ നിര്‍മ്മിതിയ്ക്ക് തടസ്സമാകരുതെന്ന് സര്‍ക്കാരിന് നിര്‍ബ്ബന്ധമുണ്ട്. ഗവേഷണങ്ങളും ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളും മനുഷ്യജീവിതത്തില്‍ വലിയ മാറ്റം വരുത്തിയതാണ് ചരിത്രം.ഇന്റര്‍നെറ്റ് വരുത്തിയ മാറ്റം വലുതാണ്. മനുഷ്യജീവിതത്തിന്റെ ഗതിവിഗതികളെ വല്ലാതെ അത് മാറ്റി. വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ച ആശയവിനിമയം അതിവേഗത്തിലാക്കി. ഇന്റര്‍നെറ്റ് ചെലവ് കുറയുന്നുണ്ട്. എന്നാല്‍ വലിയഭാഗം ആളുകള്‍ക്ക് ഇന്നും ഇന്റര്‍നെറ്റ് അപ്രാപ്യമാണ്. ഇതാണ് ഡിജിറ്റല്‍ വിടവ്. കേരളസര്‍ക്കാര്‍ ഈ വിടവ് നികത്താന്‍ ശ്രമിക്കുന്നു. അതിനുള്ള ബൃഹദ് പദ്ധതിയാണ് കെ ഫോണ്‍. സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കും. എല്ലാവര്‍ക്കും ഈ സാങ്കേതികവിദ്യ ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നയം.കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്ല രീതിയില്‍ നടന്നു. ഈ സൗകര്യവും എല്ലാവര്‍ക്കും ലഭ്യമാക്കണം എന്ന നിലപാട് സര്‍ക്കാരിനുണ്ടായി. അതിനായി കെഎസ് എഫ് ഇ വഴി വിദ്യാശ്രീ പദ്ധതിയിലൂടെ ലാപ്പ് ടോപ്പ് ലഭ്യമാക്കി-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.