കോഴിക്കോട്- സംവരണേതര വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം നൽകിയതുമായി ബന്ധപ്പെട്ട് കേരളത്തിൽ സാമുദായിക ധ്രുവീകരണമുണ്ടാക്കാൻ ലീഗ് ശ്രമിച്ചുവെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം. സംവരണേതര വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണം എന്നത് സി.പി.എമ്മിന്റെ പ്രഖ്യാപിത നയമാണെന്നും ഭരണഘടനാ വ്യവസ്ഥയായിരുന്നു അതിനു തടസ്സമെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി. അടുത്തകാലത്ത് കേന്ദ്ര സർക്കാർ ഭരണഘടന ഭേദഗതി ചെയ്തു. കേരളത്തിൽ സംവരണം നടപ്പാക്കാൻ തീരുമാനിച്ചു. നിലവിൽ സംവരണം ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഒരു നഷ്ടവും സംഭവിക്കാത്ത രീതിയിലാണ് ഇതു നടപ്പാക്കുന്നത്. കോൺഗ്രസും ഈ നയത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നാണ് നേതാക്കൾ പ്രഖ്യാപിച്ചത്. യുഡിഎഫ് പ്രകടനപത്രികയിൽ അങ്ങനെ വാഗ്ദാനം ചെയ്തിരുന്നുവെന്നുപോലും വിശദീകരിച്ചു. എന്നാൽ, വർഗീയ സംഘടനകൾ 10 ശതമാനം സംവരണത്തിനെതിരെ സമരരംഗത്തിറങ്ങി. മറ്റു സമുദായസംഘടനകളെ രംഗത്തിറക്കാൻ ശ്രമിച്ചു. അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ് ലീഗ് ശ്രമിച്ചത്. യുഡിഎഫിന്റെ നയമായിട്ടുപോലും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിഞ്ഞില്ല. ഇടതുപക്ഷത്തിന്റെയും എൽഡിഎഫ് സർക്കാരിന്റെയും വിട്ടുവീഴ്ചയില്ലാത്ത തീവ്രഹിന്ദുത്വ വിരുദ്ധ നിലപാടുകളുടെ വെളിച്ചമുള്ളതുകൊണ്ടാണ് കേരളത്തിൽ ബിജെപിക്ക് കടന്നുകയറാൻ കഴിയാത്തതെന്ന് മതനിരപേക്ഷ സമൂഹത്തിനറിയാം. എല്ലാത്തരം വർഗീയതകൾക്കും മതമൗലിക വാദത്തിനും എതിരായ പോരാട്ടവുമായി സിപിഎം മുന്നോട്ടുപോകുമെന്നും ലേഖനത്തിൽ വ്യക്തമാക്കി.
മതന്യൂനപക്ഷ ജനവിഭാഗങ്ങൾ കൂടുതലായി ഇടതുപക്ഷത്തോടടുക്കുന്നത് ജമാഅത്തെ ഇസ്ലാമി ഇഷ്ടപ്പെടുന്നില്ല. സംസ്ഥാനത്ത് മതനിരപേക്ഷത ശക്തിപ്പെടുന്നതിനെ അവർ ഭയപ്പെടുന്നു. ബിജെപി കേന്ദ്രാധികാരത്തെ ഉപയോഗപ്പെടുത്തി ഹിന്ദുത്വവർഗീയത ശക്തിപ്പെടുത്തുമ്പോൾ ന്യൂനപക്ഷവർഗീയത ശക്തിപ്പെടുത്താനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്. ഈ നിലപാട് കൂടുതൽ വിപുലപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. മതന്യൂനപക്ഷ വിഭാഗങ്ങൾ മതനിരപേക്ഷ ചേരിയോട് അടുക്കാതിരിക്കാൻ ന്യൂനപക്ഷ വർഗീയ ചേരിയുണ്ടാക്കുമെന്നാണ് അവർ പറയുന്നത്. ബിജെപിയെ സഹായിക്കുന്ന അത്യന്തം അപകടകരമായ നിലപാടാണ് ഇത്. സമൂഹത്തിൽ കൂടുതൽ മതാത്മക രാഷ്ട്രീയ ചേരിതിരിവ് രൂപപ്പെടുത്തുന്നതിനെയാണ് സിപിഎം വിമർശിക്കുന്നത്. അത് 'വർഗീയയവാദ'മാണെന്ന് വ്യാഖ്യാനിക്കുന്നവർ മലയാളിയുടെ ബോധനിലവാരത്തെയാണ് പുച്ഛിക്കുന്നതെന്നും വിജയരാഘവൻ വ്യക്തമാക്കി.