റിയാദ് - ഒരു ലക്ഷം സൗദി വനിതകള്‍ക്ക് ടാക്‌സി ഡ്രൈവര്‍മാരായി തൊഴില്‍ നല്‍കുമെന്ന് ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ കരീം അറിയിച്ചു. സൗദിയില്‍ ജൂണ്‍ 24 മുതല്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി ലഭിക്കും.
ടാക്‌സി ഡ്രൈവര്‍മാരാകാന്‍ ആയിരക്കണക്കിന് വനിതകള്‍ ഇതിനകം അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. എല്ലാ പ്രവിശ്യകളിലുമുള്ള യുവതികള്‍ ടാക്‌സി ഡ്രൈവര്‍മാരായി ജോലി ലഭിക്കുന്നതിന് വിവിധ കമ്പനികള്‍ക്ക് അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. കരീം കമ്പനിക്കു കീഴില്‍ ടാക്‌സി ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നതിന് ആയിരക്കണക്കിന് യുവതികളെ രജിസ്റ്റര്‍ ചെയ്തതായി കമ്പനിയിലെ വനിതാ ട്രെയിനര്‍ റനീം അല്ലഹാം പറഞ്ഞു.
ടാക്‌സി ഡ്രൈവര്‍മാരാകാന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് പരിശീലനം തുടങ്ങിയതായി കരീം കമ്പനി പബ്ലിക് റിലേഷന്‍സ് വിഭാഗം മേധാവി മുര്‍തസ അലവി പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം യുവതികള്‍ക്ക് തൊഴില്‍ നല്‍കുകയാണ് ലക്ഷ്യം. ലേഡീസ് ടാക്‌സികള്‍ ആരംഭിക്കുന്നതിനു മുമ്പായി പതിനായിരം യുവതികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
സൗദി യുവതികളെ ഡ്രൈവര്‍മാരായി നിയമിക്കുമെന്നും കമ്പനി ജോലി സ്വീകരിക്കാന്‍ മുന്നോട്ടുവരുന്ന യുവതികള്‍ക്ക് ഡ്രൈവിംഗ് പഠിക്കുന്നതിന് ഡ്രൈവിംഗ് സ്‌കൂളുകളിലേക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്നും ഊബര്‍ കമ്പനിയും അറിയിച്ചിട്ടുണ്ട്.
വനിതാ ഡ്രൈവര്‍മാര്‍ക്കുള്ള സപ്പോര്‍ട്ടിംഗ് സെന്ററുകള്‍ കമ്പനി സ്ഥാപിക്കും. ഇക്കൂട്ടത്തില്‍ പെട്ട ആദ്യത്തെ സപ്പോര്‍ട്ടിംഗ് സെന്റര്‍ റിയാദിലാണ് തുറക്കുകയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കുന്നതിനുള്ള തീരുമാനം സെപ്റ്റംബറിലാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്. ഡ്രൈവിംഗ് അനുമതി ജൂണ്‍ 24 ന് പ്രാബല്യത്തില്‍വരും.