പാലക്കാട് - സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്ട്രീയം തെരഞ്ഞെടുത്ത ഡോ. പി.സരിൻ ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും. കോൺഗ്രസിനകത്ത് 'ജൂനിയർ ശശി തരൂർ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ 36 കാരൻ ചെങ്കോട്ടയായ ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ വിള്ളൽ വീഴ്ത്തുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് പ്രവർത്തകർ. രാഹുൽ ഗാന്ധി ബ്രിഗേഡിന്റെ ഭാഗമായ സരിൻ നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. കോൺഗ്രസ് ഗവേഷണ വിഭാഗത്തിന്റെ ചുമതല രാഹുൽ ഗാന്ധി നേരിട്ടാണ് സരിന് നൽകിയിരിക്കുന്നത്. ഒറ്റപ്പാലത്തുകാരനായ ഈ യുവാവിനെ കളത്തിലിറക്കി കുറച്ചു കാലമായി സി.പി.എം കുത്തകയാക്കി വെച്ചിരിക്കുന്ന മണ്ഡലം തിരിച്ചു പിടിക്കാനാവുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ.
സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ അവസരത്തിൽ തന്നെ 555 ാം റാങ്ക് നേടി ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട് സർവീസിൽ കയറിയ ഡോ.സരിൻ എട്ടു വർഷത്തെ സേവനത്തിനു ശേഷമാണ് അത് മതിയാക്കി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിന് തീരുമാനിച്ചത്. കേരളത്തിലായിരുന്നു ആദ്യ നിയമനം. പിന്നീട് കർണാടകത്തിലെത്തിയ അദ്ദേഹം രാജിവെക്കുമ്പോൾ ആ സംസ്ഥാനത്തെ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ആയിരുന്നു. വീട്ടുകാരുടെ എതിർപ്പിനെയെല്ലാം അവഗണിച്ചായിരുന്നു 2016 ലെ രാഷ്ട്രീയ പ്രവേശനം. നല്ല ഒരു ജോലി കളഞ്ഞ് രാഷ്ട്രീയത്തിലെത്തുന്നതിൽ അധ്യാപകരായ രക്ഷിതാക്കൾ ആശങ്ക പ്രകടിപ്പിച്ചത് സ്വാഭാവികമായിരുന്നു. എന്നാൽ ഭാര്യ ഡോ.സൗമ്യ പിന്തുണയുമായി എത്തി. പാലക്കാട് ജില്ലയിലെ അറിയപ്പെടുന്ന പീഡിയാട്രിഷ്യനാണ് ഡോ.സൗമ്യ സരിൻ. 2018 ൽ പീഡിയാട്രിക്‌സിൽ രാഷ്ട്രപതിയുടെ അവാർഡും നേടിയിട്ടുണ്ട്.
പെട്ടെന്ന് ഉണ്ടായ തോന്നലിന്റെ അടിസ്ഥാനത്തിലൊന്നുമല്ല സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവർത്തനത്തിന് എത്തിയത് എന്ന് സരിൻ പറയുന്നു. 2001-07 കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിച്ചിരുന്ന അദ്ദേഹം കോളേജ് യൂനിയൻ ചെയർമാനായി പ്രവർത്തിച്ചു. അന്നു തൊട്ട് സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കാൻ താൽപര്യമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. രാഷ്ട്രീയത്തിൽ 'ഇറങ്ങുക' എന്ന പ്രയോഗത്തിൽ തന്നെ ഒരു മുൻവിധിയുണ്ടെന്നാണ് സരിന്റെ വാദം. സിവിൽ സർവീസ് രംഗത്തെ പരിചയം എക്‌സിക്യൂട്ടീവ് സംവിധാനത്തെ അടുത്തറിയാൻ ഏറെ സഹായിച്ചുവെന്നും പൊതുപ്രവർത്തന രംഗത്ത് അത് ഗുണകരമാണ് എന്നും അദ്ദേഹം കരുതുന്നു. നേതൃത്വത്തിൽ നിയമിതനായെങ്കിലും സമീപകാലത്ത് യൂത്ത് കോൺഗ്രസ് സമരത്തിനിടയിൽ ലാത്തിച്ചാർജിന് വിധേയനായതോടെയാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉൾപ്പെെടയുള്ളവർക്ക് മർദനമേറ്റ ലാത്തിച്ചാർജിൽ ഒരു സഹപ്രവർത്തകനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സരിന്റെ തലക്ക് അടിയേറ്റ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയി. പൗരത്വ ബില്ലിനെതിരേ രാജ്യത്ത് പ്രക്ഷോഭം നടക്കുമ്പോൾ ഒറ്റപ്പാലത്തെ വീടിനു സമീപമുള്ള പരിശോധനാ ബോർഡിൽ സരിന്റെയും സൗമ്യയുടെയും പേരുകൾ രേഖപ്പെടുത്തിയ ബോർഡിൽ പൗരത്വ ബില്ലിനെതിരായ മുദ്രാവാക്യം രേഖപ്പെടുത്തിയതും ശ്രദ്ധ നേടി.
2016 ലെ തെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ പതിനേഴായിരത്തിലധികം വോട്ടിന് തോറ്റ ഒറ്റപ്പാലത്ത് സരിൻ കടുത്ത വെല്ലുവിളിയുയർത്തുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. നേരത്തേ മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ ഉൾപ്പെെടയെുള്ളവരെ നിയമസഭയിലേക്ക് എത്തിച്ചിട്ടുള്ള മണ്ഡലം പക്ഷേ സമീപകാലത്ത് ഇടതുമുന്നണിയെ കലവറയില്ലാതെ പിന്തുണക്കുന്നതാണ് കണ്ടുവരുന്നത്.
ആരോഗ്യപരമായ കാരണങ്ങളാൽ നിലവിലുള്ള എം.എൽ.എ പി.ഉണ്ണി മൽസര രംഗത്ത് നിന്ന് പിന്മാറുമെന്നത് ഉറപ്പാണ്. സി.പി.എം ജില്ലാ സെക്രട്ടറി സി.െക.രാജേന്ദ്രനോ ഏതെങ്കിലും യുവനേതാക്കളോ എൽ.ഡി.എഫിനു വേണ്ടി കളത്തിലിറങ്ങുമെന്നാണ് സൂചന.