ബി.ജെ.പിക്കാരെ ചിരി പഠിപ്പിക്കാൻ എന്താണ് വഴി? ഭരണകക്ഷിയാണ്. അത്യാവശ്യം സുഖഭോഗങ്ങളൊക്കെയുണ്ട്. എന്നിട്ടും പരസ്യമായി ചിരിക്കുന്നത് ഇന്ത്യയിൽ ആരും തന്നെ കാണുന്നില്ല. ചിരി ആരോഗ്യത്തിന് അത്യുത്തമമെന്ന് അറിയാത്ത ഏക വർഗം ഇപ്പോൾ മറ്റാരുമല്ലാതായി. പ്രിയങ്കാഗാന്ധി സഹോദര ഗാന്ധിയോടു പറഞ്ഞ സംഭവം സഹോദരൻ ഗുജറാത്തിൽ പൊട്ടിച്ചു. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ സമീപത്തെ സീറ്റുകളിൽ നാലു ബി.ജെ.പിക്കാരുണ്ടായിരുന്നു. ഒരു മണിക്കൂറിലേറെ അവർ തമ്മിൽ സംസാരിച്ചിരുന്നിട്ടും അതിലൊരാൾ പോലും ചിരിക്കുന്നത് കണ്ടില്ല.
പണ്ട് ഇടതുപക്ഷത്തിന് ഇതായിരുന്നു രോഗം. ഇപ്പോൾ കുറേശ്ശെ ചിരിച്ചു തുടങ്ങി. വൈകിപ്പോയോ എന്നു സംശയം. കേരളത്തിലും ത്രിപുരയിലും മാത്രമേ ചിരിക്കാനുള്ള വക ഇത്തിരിയെങ്കിലും കാണാനുള്ളൂ. മറ്റുള്ളിടത്തെല്ലാം പൊട്ടിക്കരച്ചിലാണ്. സ്വയം നോക്കി ചിരിക്കാൻ ശീലിച്ചാൽ അവർ രക്ഷപ്പെട്ടേക്കും. പക്ഷേ ബി.ജെ.പിക്ക് അങ്ങനെ ചിരിക്കാൻ അനുവാദമില്ല. ആദ്യം പൂ#െനയിൽ സർസംഘ്ചാലകന് ചിരിക്കണമെന്നു തോന്നണം. പിന്നെ താഴേക്ക് 'ഷെയർ ചെയ്ത് പാർട്ടി ശാഖകളിലെത്തുമ്പോൾ 25 വർഷം കൂടി കഴിയും. അതുവരെ കഠിനതപമാണ്, എ.ബി.വി.പി എന്ന വിദ്യാർഥി പരിഷത്തുകാർ പോലും ചിരിക്കാറില്ല. അവർക്ക് ചിരിക്ലബുകളിൽ പോയി ഹരിശ്രീകുറിക്കാൻ ഇനിയും സമയമുണ്ട്. സ്‌കൂളിലും കോളേജിലും കയറിയിരുന്നു നേരം കൊല്ലാറില്ലല്ലോ. മറ്റൊരു വഴിയുമുണ്ട്, കോൺഗ്രസ് നേതാക്കളെ ഇടക്കണ്ണിട്ടു ശ്രദ്ധിച്ചുകൊണ്ടിരിക്കുക.
ബസ് സ്റ്റോപ്പിൽ നമ്മുടെ പ്രായക്കാർ ചെയ്തുപോരുന്ന ആ 'കണ്ണുസാധകം'തന്നെ. കോൺഗ്രസ് നേതാക്കൾ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കും. സരിതാ നായർ ശ്രമിച്ചിട്ടുപോലും അതിന് ഫുൾസ്റ്റോപ്പ് ഇടാൻ കഴിഞ്ഞില്ല. ഇക്കൊല്ലം തന്നെ രാഹുൽഗാന്ധി കോൺഗ്രസ് പ്രസിഡന്റാകും എന്ന ആന്റണി മാഷിന്റെ പ്രസ്താവനയും ചിരിക്കാൻ കൊള്ളാം. ഇത് എത്രാമത്തെ തവണയാണ് അദ്ദേഹം പ്രസ്താവിക്കുന്നത്? നോട്ടു നിരോധിച്ച് ഇന്ത്യയിലെ കള്ളപ്പണത്തെ തവിട്ടുപൊടിയാക്കി എന്ന മോഡിയുടെ പ്രസ്താവനയും ചിരിക്കാൻ പഠിക്കുന്നവർക്ക് നല്ലൊരു പാഠമാണ്. ചിരിക്കാത്ത മറ്റൊരു പരിഷത്തുണ്ട്- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. അവരും ഒന്നും ചിരിച്ചുമാറാൻ ശ്രമിക്കുന്നതുനന്ന്. ഒരു തലമുറ നേരത്തെ കഴിഞ്ഞാൽ സംഗതി അന്യം നിന്നുപോകാതിരിക്കണമെങ്കിൽ അൽപം ലാഘവത്വം ശീലിക്കണം. ചിരി ആയുസ്സും വർധിപ്പിക്കുമെന്ന കാര്യം മറക്കരുത്. വെറുതെ തർക്കത്തിന് വരരുത്.
**** **** ****
മന്ത്രി തോമസ് ചാണ്ടി മുതലാളി മാധ്യമപ്പടയ്ക്കിടയിലൂടെ നടക്കുമ്പോൾ കൈയുയർത്തി 'രണ്ട്' എന്നു കാണിച്ചത് ഏവരെയും ആശയക്കുഴപ്പത്തിലാക്കി. രണ്ടുവർഷം കഴിഞ്ഞു രാജിവച്ചേക്കാം. എന്നൊരു ഫലിതവും അദ്ദേഹം പൊട്ടിച്ചു. ഇടതുമുന്നണി അഞ്ചുകൊല്ലവും ഭരിക്കും എന്ന മധുരോദാരമായ ധ്വനി പ്രയോഗം അദ്ദേഹത്തിലെ കവിയെയും പുറത്തുകൊണ്ടുവന്നു. പക്ഷേ, സ്ഥാനമോഹികൾ വിടില്ല, കുറുക്കന്മാരാണ്. ഒന്നു ചീഞ്ഞാൽ മറ്റൊന്നുവളം. ചാണ്ടിവീണാൽ ഹണി ട്രാപ്പ് ഫെയിം ശശീന്ദ്രൻ മന്ത്രിയാകും.; ആയേ തീരൂ. ഇന്ത്യയെട്ടാകെ തപ്പി നോക്കിയാലും വേറൊരിടത്തുമില്ല എൻ.സി.പി മന്ത്രി. അപ്പോൾ പാർട്ടിക്കു ഈ കസേര ഓക്‌സിജൻ സിലിണ്ടറാണ്. കുക്കിംഗ് ഗ്യാസിനു പോലും അടിവെച്ചടി വച്ച് വില കയറുന്ന ഇക്കാലത്ത് ഫ്രീയായി കിട്ടിയ ഈ സിലിണ്ടർ കൈവിട്ടാൽ, എൻ.സി.പിയുടെ ശേഷക്രിയ ശാന്തികവാടത്തിൽ നടത്തേണ്ടിവരും.
എങ്കിലും തോമസ് ചാണ്ടിയെ ഇത്ര വലിച്ചു നീട്ടേണ്ട കാര്യം മുഖ്യമന്ത്രിക്കില്ലായിരുന്നു! റബർ പന്തുപോലെയുള്ള ശരീര പ്രകൃതമായതിനാൽ, ലെയ്‌സൺ കമ്മിറ്റിക്ക് തന്നെ തട്ടിക്കളിക്കാൻ വിട്ടുകൊടുത്തതാണെന്നു ചാണ്ടി മുതലാളിക്കും മനസ്സിലായില്ല. ബുദ്ധിയുദിക്കാൻ ലേറ്റായി. 'രണ്ടിനു'പോയിട്ടുവന്നു മിണ്ടാം എന്നു വ്യംഗ്യം കരുതിയതാണെന്നു ആ ആംഗ്യഭാഷയ്ക്കു ചിലർ ടിപ്പണി ചമച്ചിട്ടുണ്ട്. ഏതായാലും ഹണിട്രാപ്പ് കേസ് സ്വയം പിൻമാറുന്നതോടെ ഉച്ചസ്ഥായിയിൽനിന്നു കഷ്ടകാലം മാറി ശശീന്ദ്രൻ ശശിലേഖ പോലെ മന്ദസ്മിതം തൂകിക്കൊണ്ട് കസേര ലാക്കാക്കി കുതിക്കുന്നത് കാണാം.
**** **** ****
ഇക്കാലത്ത് ജീവിതമൂല്യങ്ങൾക്കു വിലയിടിയുന്നത് പതിവാണ്. സരിതാ നായരുടെ ജീവിതകഥ നമ്മൾ നിർത്താതെ ചർച്ച ചെയ്യുന്നതാണ് ഒരു ലക്ഷണം. പണ്ട് നാലാൾ കൂടുന്നിടത്ത് ചങ്ങമ്പുഴയുടെ വാഴക്കുല, പിന്നീട് ചൈനീസ് ആക്രമണം, തുടർന്ന് നക്‌സലൈറ്റ് ശല്യം, കുറേക്കൂടി ചെന്നപ്പോൾ ഐ.വി. ശശി- സീമമാരുടെ 'അവളുടെ രാവുകൾ' ആയി ഇഷ്ട വിഷയം. കഴിഞ്ഞ പത്തുകൊല്ലമായി വഴിനീളെ കവിയരങ്ങുകൾ. അതും കടന്ന്, കുളിരു കോരിയിടുന്ന വിഷയമൊന്നും കിട്ടാതെ നാട്ടിലെ നരവംശം വേഴാമ്പലുകളെപ്പോലെ മാനത്തു നോക്കിയിരിക്കുമ്പോഴാണ് സരിത എസ്. നായർ ഒരു ബോംബായി അവതരിച്ചത്. യു ട്യൂബ് വഴി യുവമനസ്സുകളെ അമ്മാനമാടിയശേഷം, സംസ്ഥാനമുഖ്യമന്ത്രി തന്നെ ഊഞ്ഞാലാട്ടി. ഇന്ന് 24 പേജുകളുള്ള സരിതാ വിരവിചിതമായ കത്താണ് പലരുടെയും രാവുകളെ പകലുകളാക്കുന്നത്. കുറച്ചുകാലം സരിതയുടെ ഫയൽ ചുമന്നിരുന്ന വക്കീൽ ഫെനി ബാലകൃഷ്ണന്റെ നോട്ടത്തിൽ, സബ് ജയിലിൽ കിടന്ന് സരിത എഴുതിയ കത്തിന് 21 പേജേ ഉണ്ടായിരുള്ളൂ. വീരകേസരി മാരാരാശ്രീ മാടമ്പി കീയൂട്ടു രാമൻപിള്ള ബാലകൃഷ്ണപിള്ളയുടെ ബന്ധുവാണ് മൂന്നുപേജുകൾ തുന്നിയുണ്ടാക്കിയത്. ലൈംഗിക കഥകൾ കൂടി ചേർന്നപ്പോൾ ഓജസും തേജസുമൊക്കെ ഉണ്ടായി. കലാസൃഷ്ടിക്കു കമ്പോളമുണ്ടാക്കുന്നതിന് മസാല ചേർക്കുന്ന പതിവ് പണ്ടേയുണ്ട്. കുമാരസംഭവത്തിൽ പാർവതീവർണ്ണനയിൽ കാളിദാസൻപോലും ആ കൗശലം പ്രയോഗിച്ചിട്ടുണ്ട്. ജവഹർലാൽ നെഹ്‌റു ജയിലിൽ കിടന്നിട്ടാണ് നല്ല സാഹിത്യമെഴുതിയത്. ഗാന്ധിജിയും തഥൈവ! സത്യാന്വേഷിയായി മാറിയ മാനസാന്തരം വന്ന ഒരു യുവസുന്ദരി (രണ്ടു പ്രസവിച്ചുവെങ്കിലും) 21 പേജു എഴുതിയത് വായനക്കാരായ നമ്മെയൊക്കെ രോമാഞ്ചകഞ്ചുകം എടുത്തണിയിക്കും. സിനിമാനടനും നിർമാതാവുമായ ഗണേശിന് എല്ലാ ചേരുവകളും മർമ്മവിദ്യകളുമറിയാം. മൂന്നുപുറങ്ങളിൽ കാമശാസ്ത്രത്തിന്റെ അതീവാവശ്യമായ സംഭവങ്ങൾ ചേർക്കാതിരുന്നെങ്കിൽ കത്ത് വല്ല കിണറ്റിലും എറിഞ്ഞേനെ കമ്മീഷനദ്യേം. വായിച്ചു കേട്ട ഫെനി ബാലകൃഷ്ണൻ എന്തിനാണ് എതിർത്തതെന്ന് ആർക്കും മനസ്സിലായില്ല. ഒരു പക്ഷേ, അദ്ദേഹവും മാനസാന്തരപ്പെട്ടു സത്യാന്വേഷിയായോ? വക്കീലിന് പറഞ്ഞിട്ടുള്ളതല്ല ആ പണി. തെളിവു മാത്രം അന്വേഷിച്ചാൽ മതി. ഇനി എതിർപ്പിനുവേണ്ടിയുള്ള എതിർപ്പാണോ ആവോ! പക്ഷെ, ആരു നൊയമ്പു മുറിച്ചാലും കോഴിക്കാണ് കിടക്കപ്പൊറുതി ഇല്ലാതാകുന്നത് എന്നു പറഞ്ഞതുപോലെ, സൈ്വരമില്ലാതാകുന്നത് ഉമ്മൻചാണ്ടിക്കാണ്. കുറ്റാരോപിതരെല്ലാം കോൺഗ്രസുകാരായതു കൊണ്ടു പേരുകൾ പറയേണ്ടതില്ല. സ്വഭാവം ഒന്നു പോലെ ആയിരിക്കുമല്ലോ!
**** **** ****
കണ്ണൂരിലെ മൂന്നു ജയരാജന്മാരിൽ ഒരാൾക്ക് ഹാലിളകി. മറ്റൊരാൾക്ക് മുമ്പേ ബന്ധുജന സ്‌നേഹം ഇളകിയതിന്റെ പേരിൽ കാബിനറ്റ് റൂമിന്റെ പുറത്തു കാത്തുനിൽപാണ്. ഇപ്പോഴത്തെ കക്ഷി സർക്കാരിന് നാണക്കേടൊന്നും വരുത്തിയിട്ടില്ല. സ്വന്തം വടക്കൻ വീരഗാഥകൾ മ്യൂസിക് ആൽബമാക്കി ആരാധകർ പുറത്തിറക്കി. സ്വന്തം കട്ടൗട്ടും ഫ്‌ളെക്‌സും ബാനറും ബോർഡുമെല്ലാം നാട്ടുകാർ കെട്ടിപ്പൊക്കി. അതിനൊക്കെ ജയരാജൻ എന്തു പിഴച്ചു? മാർക്‌സിനും ഇ.എം.എസിനും ശേഷം ഇത്ര ജനപ്രിയനായൊരു നേതാവ് അവതരിച്ചതിൽ അഭിമാനം കൊള്ളേണ്ടവർ സഖാവിനെ ചവുട്ടിത്താഴ്ത്താൻ ശ്രമിക്കുന്നു! സഖാവിനെ ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുന്നു പോലും.
വിദ്യാർഥി ഫെഡറേഷന് വിദേശിയായ ചെഗുവേരയുടെ പടം വരയ്ക്കാത്ത ദിവസങ്ങളില്ല. അതു വ്യക്തിപൂജയല്ല. ആർ.എസ്.എസുകാർ രണ്ടു കൈകളും വെട്ടിയൊടിച്ച ജയരാജനാണ് ഇപ്പോൾ കുറ്റക്കാരൻ! അദ്ദേഹം ചെഞ്ചോരക്കതിരവനായി മാറുന്നതിൽ അസൂയപ്പെടാൻ രണ്ടുപേരേ മലബാറിലുള്ളൂ- ഒന്നു പിണറായി സഖാവ്, മറ്റേയാൾ കോടിയേരി സഖാവ്.
കോടിയേരി ഇപ്പോൾ സമയം കൊല്ലാൻ സെക്രട്ടറിയായി കഴിയുന്ന നിരുപദ്രവിയായ മനുഷ്യൻ. പിണറായിയാകട്ടെ, കഷ്ടകാലം പിടികൂടിയോ എന്നു സംശയിക്കപ്പെടുന്ന മുഖ്യമന്ത്രിയും.