Sorry, you need to enable JavaScript to visit this website.

കഥ / കനൽ

മുപ്പത്തിയഞ്ചു വർഷത്തിനു ശേഷം, ആരോ ചെയ്ത സുകൃതഫലമായി യദൃച്ഛയാ ഉണ്ടായ ക്ലാസ്‌മേറ്റ് സംഗമത്തിൽ വീണ്ടും അവളെ കണ്ടപ്പോൾ അയാളുടെ ഉള്ളിലൂടെ ഒരു വിറ പാഞ്ഞു. അവൾ പോലുമറിയാതെ, അവളെ പിൻതുടർന്ന്... അവൾ നടന്ന വഴിത്താരകളിൽ... സ്‌കൂൾ ഇടനാഴികളിൽ... ലൈബ്രറിയിൽ.
സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനായി പരിശീലിക്കുന്ന മുറിയുടെ പുറത്തുള്ള ജനലഴികൾക്കരികിൽ. അവൾ കളിച്ച സ്‌കൂൾ മൈതാനത്തിൽ.
അവളെ സാകൂതം നോക്കി, നോക്കി. ഒന്നു ചിരിക്കാനോ മിണ്ടാനോ കഴിയാതെ... എന്തെങ്കിലുമൊന്ന് പറയാൻ പോലും ധൈര്യമില്ലാതെ.


ഉള്ളിലെ കണ്ണ് കണ്ട ആദ്യത്തെ സൗന്ദര്യലഹരി ഒരു തീനാളമായി ഹൃദയത്തിൽ പറ്റിപ്പിടിച്ച നാളുകൾ. ആ സൗന്ദര്യ ശിൽപം വീണ്ടും ഒരു പരിക്കുമില്ലാതെ മുന്നിൽ വന്നു കണ്ടപ്പോൾ മൂന്നര പതിറ്റാണ്ടോളം കാലം ഉള്ളിൽ ചാരംമൂടിക്കിടന്ന കനൽ ഒന്നു തിളച്ചു. അവൾ പോലുമറിയാതെ ഉള്ളിൽ ലാവയായി ഉറഞ്ഞു കിടന്ന പ്രണയം...
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ പരസ്പരം സൗഹൃദങ്ങൾ കൈമാറുന്ന കൂട്ടത്തിൽ പലരിൽ ഒരാളായി അവളും വന്ന് കുശലാന്വേഷണം നടത്തിയപ്പോൾ. (ഈശ്വരാ, ഇത് അന്ന് ചെയ്തിരുന്നെങ്കിൽ...)


ജീവിത വഴികളിലെപ്പോഴോ, അവളെക്കുറിച്ചുള്ള ഓർമ്മകൾ കൊണ്ടാവണം ഒരു കവിയും കാൽപ്പനികനും പിറവിയെടുത്തിരുന്നു. കവിയും എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായി നാലാൾ അറിയുന്ന നിലയിലെത്തിയിട്ടും പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ
അവളുടെ മുന്നിൽ അയാൾ പണ്ടത്തെ സ്‌കൂൾ കുട്ടിയായി.. 
കടൽ കണ്ട അത്ഭുതം പോലെ വിറച്ചു നിന്നു.. ഇനി എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കാണാമെന്ന് പറഞ്ഞ് ആൾക്കൂട്ടത്തിലൊരാളോടെന്ന പോലെ കൈവീശി ഇന്നും കാത്തുസുക്ഷിക്കുന്ന ആ നിറപുഞ്ചിരിയുമായി അവൾ മാഞ്ഞു മാഞ്ഞു പോകവേ ഉള്ളിലെവിടെയൊക്കെയോ എന്തൊക്കെയോ ചതഞ്ഞരഞ്ഞ വേദന. മുറിവുകളിൽ നിന്ന് രക്തം പൊടിയുന്നുണ്ടായിരുന്നോ. ഉള്ളിലെ കനിലിനു തീ പിടിച്ചിരുന്നോ..
പക്ഷെ, അവൾ ഒന്നും അറിഞ്ഞിരുന്നില്ലല്ലോ, ഈശ്വരാ..

Latest News