കൊച്ചി- പുനര്‍നിര്‍മിക്കുന്ന പാലാരിവട്ടം മേല്‍പാലം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തുറന്നേക്കും. മുന്‍നിശ്ചയിച്ചതില്‍നിന്നു 2 മാസം മുമ്പ് മാര്‍ച്ചില്‍ തന്നെ പാലം ഗതാഗതത്തിനു തുറക്കാന്‍ കഴിയുന്ന നിലയിലാണു ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്നത്.
മാറ്റി സ്ഥാപിക്കേണ്ട 102 ഗര്‍ഡറുകളില്‍ 78 എണ്ണത്തിന്റെയും 17 സ്പാനുകളില്‍ 9 എണ്ണത്തിന്റെയും നിര്‍മാണം പൂര്‍ത്തിയായി.
പാലത്തിന്റെ 70 ശതമാനം ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 24 ഗര്‍ഡറുകളാണ് ഇനി സ്ഥാപിക്കേണ്ടത്. ഇവയുടെ കോണ്‍ക്രീറ്റിങ് കളമശേരി യാഡില്‍ തീര്‍ന്നിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ ടാറിംഗ് നടത്തി പാലം തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
9 മാസമാണു സംസ്ഥാന സര്‍ക്കാര്‍ പാലം നിര്‍മാണത്തിന് അനുവദിച്ചിരുന്ന സമയം. ഇതനുസരിച്ചു ജൂണ്‍ വരെ സമയമുണ്ടായിരുന്നെങ്കിലും മേയ് അവസാനത്തോടെ പാലം തുറക്കുമെന്നാണു മന്ത്രി ജി. സുധാകരന്‍ നേരത്തെ പ്രഖ്യാപിച്ചത്.
മാര്‍ച്ചില്‍ നിര്‍മാണം തീര്‍ക്കാന്‍ കഴിഞ്ഞാല്‍ 6 മാസം കൊണ്ടു തീര്‍ത്ത പദ്ധതിയെന്ന റെക്കോര്‍ഡാണു പാലാരിവട്ടം പാലത്തെ കാത്തിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണു ഡി.എം.ആര്‍.സിക്കു വേണ്ടി പാലം പുനര്‍നിര്‍മിക്കുന്നത്. പണി ഉടന്‍ പൂര്‍ത്തിയായാല്‍ അത് ഇടതുമുന്നണിക്ക് വലിയ തെരഞ്ഞെടുപ്പ് നേട്ടമാകും.