കല്‍പറ്റ- പെന്‍ഷന്‍ ആവശ്യത്തിനു സമര്‍പ്പിക്കേണ്ട പുനര്‍വിവാഹിതയല്ലെന്ന സാക്ഷ്യപത്രത്തിനു വില്ലേജ് ഓഫീസിലെത്തിയ മധ്യവയസ്‌കയ്ക്കു തിക്താനുഭവം. മേപ്പാടി പുത്തൂര്‍ സഫിയയ്ക്കാണ്(51) കോട്ടപ്പടി വില്ലേജ് ഓഫീസില്‍ ദുരനുഭവം. സാക്ഷ്യപത്രം നിഷേധിച്ചതിനു പുറമേ വില്ലേജ് ഓഫീസര്‍ ആക്ഷേപിക്കുകയും ചെയ്തതായി സഫിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന വിധത്തിലുള്ള ഇംഗ്ലീഷ് പദപ്രയോഗം നടത്തി ആക്ഷേപിച്ചതിനെതിരെ വനിതാ കമ്മീഷനും ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍, മേപ്പാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കും നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായില്ലെന്നു അവര്‍ പറഞ്ഞു.
പത്തുവര്‍ഷം മുമ്പു ഭര്‍ത്താവ് ഉപേക്ഷിച്ച സഫിയയ്ക്കു 2019 ഡിസംബര്‍ മുതല്‍ വിധവ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. പെന്‍ഷന്‍ മുടങ്ങാതിരിക്കുന്നതിനു നിശ്ചിത പദവിയിലുള്ള അധികാരി അനുവദിക്കുന്ന പുനര്‍വിവാഹിതയല്ലെന്ന സാക്ഷ്യപത്രം ഹാജരാക്കണം. സാക്ഷ്യപത്രത്തിനു അപേക്ഷിച്ചശേഷം 13 തവണ വില്ലേജ് ഓഫീസില്‍ എത്തിയെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് സഫിയയെ തിരിച്ചയച്ചു. പിന്നീട് ഓഫീസിലെത്തിയ സഫിയ, സാക്ഷ്യപത്രം അനുവദിക്കാത്തതിന്റെ കാരണം അപേക്ഷയുടെ പുറത്തു എഴുതി നല്‍കണമെന്നു ആവശ്യപ്പെട്ടു. ഇതിനു തയാറാകാതിരുന്ന വില്ലേജ് ഓഫീസര്‍ പലവിധത്തില്‍ ധനസമ്പാദനം നടത്തുന്ന സഫിയ പെന്‍ഷനു അര്‍ഹയല്ലെന്നു പറയുകയും മോശം പദപ്രയോഗത്തിലൂടെ അപമാനിക്കുകയുമായിരുന്നു.
സ്വന്തമായി വീടോ സ്ഥലമോ സഫിയക്കില്ല. മേപ്പാടിയില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. വിവാഹം കഴിഞ്ഞ ഏക മകള്‍ ഭര്‍ത്താവിനൊപ്പമാണ്. ക്വാര്‍ട്ടേഴ്‌സിലെ മറ്റു താമസക്കാര്‍ക്കു ഭക്ഷണം പാകംചെയ്തു നല്‍കിയും തുന്നല്‍പ്പണി ചെയ്തുമായിരുന്നു സഫിയയുടെ ഉപജീവനം. കണ്ണിനു കാഴ്ച കുറഞ്ഞതിനാല്‍ കുറച്ചുകാലമായി തുന്നല്‍പ്പണിയില്ല. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പാചകവൃത്തിയും നിര്‍ത്തി. പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ വരുമാനം. വില്ലേജ് ഓഫീസര്‍ നിഷേധിച്ച സാക്ഷ്യപത്രം മറ്റൊരു ഉദ്യോഗസ്ഥന്‍ അനുവദിച്ചു. അതിനാല്‍ പെന്‍ഷന്‍ മുടങ്ങിയില്ല. വില്ലേജ് ഓഫീസില്‍ നേരിടേണ്ടിവന്ന അവഗണനയും അപമാനവും മറ്റൊരു വിധവയ്ക്കും ഉണ്ടാകരുതെന്ന താത്പര്യത്തിലാണ് വിവരം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതെന്നു സഫിയ പറഞ്ഞു.