വൈത്തിരി- വയനാട്ടില്‍ വിനോദസഞ്ചാരി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. റിസോര്‍ട്ട് ഉടമകളായ റിയാസ്, സുനീര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ട് ഉടമകളാണ് ഇവര്‍. ഇവരുടെ റിസോര്‍ട്ടിലെത്തി ടെന്റില്‍ താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ (26) ആണ് കൊല്ലപ്പെട്ടത്.
ജനുവരി 23ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. റിസോര്‍ട്ടിലെ ടെന്റുകളിലൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോള്‍ ആന ഓടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടര്‍ന്നു. പിന്നീട് ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റിസോര്‍ട്ടിനു മൂന്നു വശവും കാടാണ്. ഇവിടെ മൊബൈല്‍ റെയ്ഞ്ച് ഇല്ല. ഷഹാന ഭക്ഷണത്തിനുശേഷം പുറത്തിറങ്ങി നില്‍ക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന 2 പേര്‍ ഓടി രക്ഷപ്പെട്ടു. ഷഹാന സംഭവസ്ഥലത്തു തന്നെ മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന.