കേരളീയ സമൂഹത്തില്‍ വിദ്വേഷവും അസഹിഷ്ണുതയും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി നടക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, കക്ഷിരാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇത് പൂര്‍വോപരി ശക്തിപ്പെടുത്തുമെന്ന സൂചനകളാണ് നേതാക്കളുടെ പ്രസ്താവനകളും സമൂഹ മാധ്യമങ്ങളും നല്‍കുന്നത്. വിദ്വേഷ പ്രചാരണത്തിലൂടെ വോട്ടുകള്‍ സമാഹരിക്കാനാകുമെന്ന നേതാക്കളുടെ കണക്കുകൂട്ടലുകള്‍ അണികള്‍ ഏറ്റെടുക്കുകയും അതിനനുസരിച്ച് അവര്‍ സമൂഹ മാധ്യമങ്ങളില്‍ ഉറഞ്ഞുതള്ളുകയും ചെയ്യുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മകളോടൊപ്പമുള്ള ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ആരംഭിച്ച കോലാഹലങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഈ ഫോട്ടോക്ക് ലഭിച്ച വൃത്തികെട്ട കമന്റും അതിനു ശേഷം സമൂഹ മാധ്യമങ്ങളില്‍ തുടരുന്ന വിദ്വേഷ പ്രചാരണവും സര്‍വ സീമകളും ലംഘിച്ചുകൊണ്ടുള്ളതാണ്.
ഇടതുമുന്നണി കണ്‍വീനറും സി.പി.എം നേതാവുമായ എ. വിജയരാഘവന്‍ വാ തുറന്നാല്‍ വര്‍ഗീയത വിളമ്പുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റു കോണ്‍ഗ്രസ് നേതാക്കളും നടത്തിയ വിമര്‍ശനത്തിനു മുമ്പും ശേഷവും സാമുദായിക ധ്രുവീകരണ പ്രചാരണങ്ങള്‍ നടക്കുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ സി.പി.എം മുസ്‌ലിം ലീഗിനോടൊപ്പമാണെന്ന കാര്യം വിസ്മരിച്ചുകൊണ്ട് കേരളത്തില്‍ യു.ഡി.എഫിന്റെ നേതൃത്വം മുസ്‌ലിം ലീഗ് ഏറ്റെടുക്കാന്‍ പോകുകയാണെന്ന സി.പി.എം നേതാക്കളുടെ പ്രസ്താവനകളെ ഒരു വിഭാഗം വര്‍ഗീയ മുതലെടുപ്പിനാണ് ഉപയോഗപ്പെടുത്തുന്നത്. തങ്ങള്‍ രാഷ്ട്രീയമാണ് ഉദ്ദേശിക്കുന്നതെന്ന് സി.പി.എം നേതാക്കള്‍ വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ സംഘ്പരിവാറുമായി ബന്ധപ്പെട്ടവര്‍ പച്ചയായ വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിച്ച് സി.പി.എമ്മില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും അണികളെ അടര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നത്.
പരസ്പര സ്‌നേഹവും സൗഹാര്‍ദവും നിലനില്‍ക്കണമെങ്കില്‍ മലയാളികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന് തോന്നിപ്പിക്കുന്നതാണ് വിഷലിപ്തമായ പ്രചാരണങ്ങള്‍. മലയാളികള്‍ക്കിടയില്‍ മാത്രമല്ല, ഇന്ത്യയിലും ആഗോള തലത്തില്‍ തന്നെയും മാനവികത നഷ്ടപ്പെടുത്തുന്ന വിഭാഗീയതയും വംശീയതയും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുണ്ട്. രാഷ്ട്രീയ അധികാരം പിടിക്കാന്‍ ഇത്തരത്തിലുള്ള ധ്രുവീകരണം വഴി സാധിക്കുമെന്ന് കണക്കുകൂട്ടുന്ന ലോക നേതാക്കളുടെ എണ്ണം വര്‍ധിച്ചുവരുന്നു.
അതേസമയം, മാനവിക മൂല്യങ്ങള്‍ വീണ്ടെടുക്കുന്നതിന് മുന്‍നിരയില്‍ നില്‍ക്കേണ്ട കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും സാഹിത്യകാരന്മാരും കുറ്റകരമായ അനാസ്ഥ തുടരുന്നുവെന്ന ഗൗരവതരമായ വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. മതസൗഹാര്‍ദത്തിന്റെ വിളനിലമെന്നൊക്കെ വിശേഷിപ്പിക്കാറുള്ള കേരളീയ സമൂഹത്തിനു നഷ്ടമാകുന്ന മാനവികതയും മൂല്യങ്ങളും വീണ്ടെടുക്കുന്നതിന് ആസൂത്രിത ശ്രമം ആവശ്യമാണെന്നാണ് പുതിയ കാലം വ്യക്തമാക്കുന്നത്.
സ്‌നേഹമാണഖിലസാരമൂഴിയില്‍, സ്‌നേഹത്തില്‍ നിന്നുദിക്കുന്നു ലോകം, സ്‌നേഹത്താല്‍ വൃദ്ധി നേടുന്നു ലോകം എന്ന മഹാകവി കുമാരനാശാന്റെ വരികള്‍ പാടിപ്പഠിച്ചവരാണ് നമ്മള്‍. എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരു ലോകം എന്ന നിലയിലേക്ക് മാറിപ്പോകരുതെന്ന് കവി കുഞ്ഞുണ്ണി മാഷും നമ്മെ ആവര്‍ത്തിച്ചു പഠിപ്പിക്കാന്‍ ശ്രമിച്ചു.
പരസ്പര സ്‌നേഹത്തിന്റെ മൂല്യങ്ങളെ കുറിച്ചാണ് കവികളും സാഹിത്യകാരന്മാരുമൊക്കെ നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്. ഇപ്പോള്‍ വൈവിധ്യങ്ങളുടെ നിറക്കൂട്ടില്‍നിന്ന് നമ്മെ അടര്‍ത്തിമാറ്റാന്‍ നടക്കുന്ന ശ്രമങ്ങളെ തിരിച്ചറിയുകയാണ് ഏറ്റവും പ്രധാനം.
സ്വാര്‍ഥതയുടെ പിടിയിലാണ് ലോകം. അതുകൊണ്ടു തന്നെ സ്‌നേഹ രാഹിത്യമാണ് അതിന്റെ മുഖമുദ്ര. കച്ചവട താല്‍പര്യങ്ങളും ലാഭ മോഹവും സ്വാര്‍ഥ താല്‍പര്യങ്ങളും ലോകത്തെയും നമ്മുടെ ജീവിതത്തെയും തകര്‍ത്തുകൊണ്ടിരിക്കുന്നു. വംശീയ വിദ്വേഷം, ജാതിസ്പര്‍ധ, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങളും യുദ്ധങ്ങളും, പട്ടിണിയും മഹാമാരികളും തുടങ്ങി മനുഷ്യ കരങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട ഒട്ടേറെ വെല്ലുവിളികളാണ് ആധുനിക മനുഷ്യന്‍ നേരിടുന്നത്. മനുഷ്യനെന്നത് സുന്ദരമായ പദമാണെങ്കിലും അവനെ സൃഷ്ടിച്ചിരിക്കുന്നത് മനോഹര പ്രകൃതിയിലാണെങ്കിലും മാനവികത ചോര്‍ന്നു പോയിക്കൊണ്ടിരിക്കുന്നു. വരുംതലമുറക്ക് പ്രകൃതി പോലും അവശേഷിപ്പിക്കാതെ നാം ചൂഷണം നടത്തിക്കൊണ്ടിരിക്കുന്നു. സ്‌നേഹവും കരുതലുമില്ലാത്ത ഒരു ലോകമാണ് ഭാവി തലമുറക്കും നമ്മുടെ കുഞ്ഞുങ്ങള്‍ക്കും വേണ്ടി നാം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
മനുഷ്യാവകാശങ്ങളെ കുറിച്ച് സെമിനാറുകളും സിമ്പോസിയങ്ങളും പത്രസമ്മേളനങ്ങളും ധാരാളം നടക്കുമെങ്കിലും അവയെ കുറിച്ച് പറയുന്നവര്‍ തന്നെ പൗരാവകാശങ്ങളുടെ ഘാതകരാകുന്നതാണ് ചരിത്രവും വര്‍ത്തമാനവും. മനുഷ്യരെ മോചിപ്പിക്കാനും സമത്വത്തിലും പുരോഗതിയിലുമെത്തിക്കാനും രംഗത്തു വന്ന പ്രത്യയശാസ്ത്രങ്ങള്‍ തന്നെ കോടിക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയതാണ് ചരിത്രം.
സോവിയറ്റ് യൂനിയും ചൈനയും യൂഗോസ്ലാവ്യയും അമേരിക്കയും അതുപോലെ അധിനിവേശ കോളനി ശക്തികളും യുദ്ധത്തിലും അല്ലാതെയും മനുഷ്യരെ കൊന്നൊടുക്കിയപ്പോള്‍ സമൂഹത്തിന്റെ പുരോഗമനം തന്നെയായിരുന്നു ലക്ഷ്യമായി പറഞ്ഞിരുന്നത്. ഇപ്പോഴും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി തന്നെയാണ് യുദ്ധങ്ങള്‍ സൃഷ്ടിക്കുന്നതും ആയുധങ്ങള്‍ വില്‍ക്കുന്നതും.
പ്രബുദ്ധ സമൂഹമെന്ന് അഹങ്കരിക്കുന്ന കേരളീയ സമൂഹത്തില്‍ മേനി പറയുന്നതിനപ്പുറം അനീതിയും അസ്വസ്ഥതയും വ്യാപിപ്പിക്കുന്നതില്‍ കക്ഷിരാഷ്ട്രീയം വലിയ പങ്കാണ് വഹിക്കുന്നത്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ക്കൊപ്പം അന്തസ്സും അഭിമാനവും അഭിപ്രായ സ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവുമൊക്കെ സംരക്ഷിക്കുന്നതിന് ഒന്നിച്ചുനില്‍ക്കേണ്ടവരെയാണ് കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരം വിവിധ കോണുകളിലാക്കുന്നത്. എതിര്‍പാര്‍ട്ടിയിലാണെന്നതു കൊണ്ടു മാത്രം തലയറുക്കുന്നു.
രാഷ്ട്രീയത്തിനപ്പുറം മാനവികതയും മൂല്യങ്ങളും പരസ്പര സ്‌നേഹവും ഉയര്‍ത്തിപ്പിടിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും മറ്റു സാമൂഹിക പ്രസ്ഥാനങ്ങളിലെയും ആളുകള്‍ മുന്നോട്ടു വരണമെന്നാണ് പുതിയ സാഹചര്യം ആവശ്യപ്പെടുന്നത്. മതസൗഹാര്‍ദ നാട്യങ്ങള്‍ക്കപ്പുറം സ്‌നേഹിക്കാനും പരസ്പരം മനസ്സിലാക്കാനുമുളള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടണം. സ്വന്തം അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നതിനോടൊപ്പം തന്നെ അപരന്റെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാനും അതിനായുള്ള ചുമതലകള്‍ നിര്‍വഹിക്കാനും തയാറാകുന്ന സമൂഹ നിര്‍മിതി സാധ്യമാകണം. സ്വാര്‍ഥത മുഖമുദ്രയായതോടെ കുടുംബങ്ങളില്‍ പോലും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല. ഒരേ പാര്‍ട്ടിയിലെ നേതാക്കളും അനുയായികളും പോലും അവകാശങ്ങള്‍ വകവെച്ചു കൊടുക്കുന്നില്ല. എല്ലാ മേഖലകളിലും സ്‌നേഹ രാഹിത്യവും വിദ്വേഷവും സ്വാര്‍ഥതയും പിടിമുറുക്കിയിരിക്കേ കവികള്‍ പാടിപ്പുകഴ്ത്തിയ നമ്മുടെ മാനവികതയും സൗഹാര്‍ദവും വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഏറ്റവും പ്രസക്തമാകുന്നത്. വിദ്വേഷ പ്രചാരണത്തിനു പകരം സ്‌നേഹം വളര്‍ത്താനും പരസ്പര വിശ്വാസം വളര്‍ത്താനും ഉതകുന്നതാകണം സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളും.