സ്വതന്ത്ര ഇന്ത്യയെ നടുക്കിയ, ജനകോടികളുടെ ഹൃദയത്തില്‍ തീരാവേദന നിറച്ച രക്തസാക്ഷിത്വത്തിന് 73 വയസ്സ്
1948 ജനുവരി 30 ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ശപിക്കപ്പെട്ട ദിവസമാണ്. അന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജി പ്രാര്‍ഥനാ സ്ഥലത്തുവെച്ച് വെടിയേറ്റു മരിച്ചത്. പതിവിലും വൈകിയാണ് ഗാന്ധിജി അന്ന് പ്രാര്‍ഥനാ സ്ഥലത്ത് എത്തിയത്. ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലുമായി ചില കാര്യങ്ങള്‍ സംസാരിച്ചിറങ്ങിയപ്പോള്‍ അല്‍പം വൈകി. പന്ത്രണ്ടു മിനിറ്റോളം വൈകിയെന്നാണ് കണക്ക്. സെക്കന്‍ഡുകളുടെ കണിശത പാലിച്ചിരുന്ന ഗാന്ധിജി വൈകിയതില്‍ വല്ലാതെ അസ്വസ്ഥനായിരുന്നു. അതുകൊണ്ടു തന്നെ ധിറുതിയിലാണ് അദ്ദേഹം വന്നത്.
അപ്പോഴാണ് നാഥുറാം ഗോഡ്‌സെ എന്നൊരാള്‍ വണങ്ങാനെന്ന വണ്ണം ഗാന്ധിജിയുടെ മുന്നിലേക്ക് വന്നത്. 'ബാപ്പു ഇന്നല്‍പം വൈകിപ്പോയി. ദയവായി താങ്കള്‍ മാറണേ, എന്ന് പറഞ്ഞുകൊണ്ട് ഗാന്ധിജിയുടെ സഹായി മനുബെന്‍ മുന്നോട്ടു വന്നു. ഇത് കണക്കിലെടുക്കാതെ ഗോഡ്‌സെ അവരെ തള്ളിമാറ്റിക്കൊണ്ട് ഗാന്ധിജിയെ തടഞ്ഞു നിര്‍ത്തി ആദരവ് പ്രകടിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഗാന്ധിജിയുടെ പ്രാര്‍ഥനാ മാലയും നോട്ടുബുക്കും നിലത്തു വീണു. മനുബെന്‍ അതെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗോഡ്‌സെ നിവര്‍ന്നു നിന്ന് ഗാന്ധിജിയുടെ വയറിലേക്ക് നിറയൊഴിച്ചു. എം 1934 ബെറേട്ടാ തോക്കില്‍ നിന്ന് മൂന്ന് വെടിയുണ്ടകള്‍ ഗാന്ധിജിയുടെ ശരീരത്തിലേക്ക് തുളച്ചു കയറി. ലോകത്തിന്റെ ആരാധ്യനായ നേതാവ് കുഴഞ്ഞുവീണ് എന്നന്നേക്കുമായി നിശ്ശബ്ദനായി.
ഹിന്ദു മഹാസഭയിലും ആര്‍.എസ്.എസിലും അംഗമായിരുന്ന നാഥുറാം വിനായക് ഗോഡ്‌സെ എന്ന മതതീവ്രവാദിയാണ് ആ കൊല നടത്തിയത്. എന്തിനു വേണ്ടിയാണ് അയാളത് ചെയ്തത്? ആര്‍ക്കു വേണ്ടിയാണ് അയാളത് ചെയ്തത്? ആരാണ് അയാളുടെ പിറകില്‍ പ്രവര്‍ത്തിച്ചത്? ആ ചോദ്യങ്ങളുടെ യഥാര്‍ഥ ഉത്തരമാണ് വര്‍ത്തമാനകാല ഇന്ത്യ ഇപ്പോള്‍ അറിഞ്ഞുകൊണ്ടിരിക്കുന്നത്. ഗാന്ധിജിയുടെ വധം ലക്ഷ്യം കണ്ടത് ഇന്നത്തെ ഇന്ത്യയിലാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ഏഴു പതിറ്റാണ്ടിലേറെക്കഴിഞ്ഞാണ് ആ കൊല പൂര്‍ത്തിയാക്കപ്പെട്ടത് എന്നര്‍ത്ഥം. അതുകൊണ്ടു തന്നെ ആ കൊലപാതകത്തെ ആഴത്തില്‍ മനസ്സിലാക്കിയാല്‍ മാത്രമേ ഇന്നത്തെ ഇന്ത്യയില്‍ നടക്കുന്ന രാഷ്ട്രീയത്തെ സംഭവ വികാസങ്ങളെ മനസ്സിലാക്കുവാന്‍ കഴിയൂ.
ആ കൊലപാതകത്തിനു പിറകില്‍ ഇങ്ങനെയൊരു ലക്ഷ്യമുണ്ടെന്ന് അന്നത്തെ ദേശീയ നേതാക്കള്‍ തിരിച്ചറിഞ്ഞിരുന്നുവോ? എന്തുകൊണ്ടാണ് രാഷ്ട്രപിതാവിന്റെ കൊലപാതകം അതാവശ്യപ്പെടുന്ന ചോദ്യങ്ങളിലേക്കും അവയുടെ ഉത്തരങ്ങളിലേക്കും എത്തിച്ചേരാതിരുന്നത്? ആധുനിക ഇന്ത്യയുടെ മുന്നിലെ വലിയൊരു ചോദ്യമാണത്. ആ ചോദ്യത്തില്‍നിന്ന് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാറി നടന്നതുകൊണ്ടാണ് ഗാന്ധിജിയുടെ ഇന്ത്യ ഇപ്പോള്‍ ഗോഡ്‌സെയുടെ ഇന്ത്യയായി മാറിക്കൊണ്ടിരിക്കുന്നത്. ഈ മാറ്റം പകല്‍ പോലെ സുവ്യക്തമാണിപ്പോള്‍.
ഗോഡ്‌സെയെ ആരാധിക്കുന്ന പാര്‍ലമെന്റംഗങ്ങളുളള ഇന്ത്യ, ഗോഡ്‌സേക്ക് പ്രതിമ നിര്‍മിക്കുന്ന ഇന്ത്യ. ഉത്തര്‍പ്രദേശിലെ മീറത്ത് ജില്ല അധികം വൈകാതെ 'പണ്ഡിറ്റ് നാഥുറാം ഗോഡ്‌സെ നഗര്‍' എന്ന പേരിലറിയപ്പെട്ടേക്കും. ഉത്തര്‍പ്രദേശിലെ ബി.ജെ.പി ഗവണ്‍മെന്റ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഗാന്ധിജിയുടെ ഘാതകന്‍ സ്വീകാര്യനും ആദരണീയനുമാവുന്ന ഇന്ത്യയാണ് പുതിയ ഇന്ത്യ. ഗോഡ്‌സെ ആദരണീയനാവുന്ന ഇന്ത്യയില്‍ ഗാന്ധിജിക്ക് എന്താണ് ഇനി പ്രസക്തി?
ഗാന്ധിജിയോടൊപ്പം വെടിയേറ്റത് അദ്ദേഹത്തിന്റെ ഇന്ത്യക്കു കൂടിയാണ്. ഹിന്ദുത്വത്തിന്റെ വെടിയാണ് ഇന്ത്യയുടെ ആത്മാവിലേക്ക് ഗോഡ്‌സെ അന്ന് ഉതിര്‍ത്തത്. ഗാന്ധിജിയുടെ നെഞ്ചിലൂടെ അത് ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ നെഞ്ചിലേക്ക് തുളച്ചു കയറി. അതിനെ പിഴുതു കളയുന്നതില്‍ ഒരു സമൂഹം എന്ന നിലയില്‍ നമ്മള്‍ പരാജയപ്പെട്ടു. വിഷലിപ്തമായ ഹിന്ദുത്വം ഇന്ത്യയെ ഇന്നിപ്പോള്‍ വരിഞ്ഞു മുറുക്കി മറ്റൊന്നാക്കി മാറ്റിയെടുക്കുകയാണ്. എന്തു കൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇത് സാധിച്ചു? ഉത്തരം കണ്ടെത്തേണ്ടത് ഗാന്ധി വധത്തിന്റെ പിന്നാമ്പുറത്തു തന്നെയാണ്.
ഗോഡ്‌സെയോ അദ്ദേഹത്തെ ആ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ച ഹിന്ദുത്വ നേതാക്കളോ അവരെന്തിനു വേണ്ടിയാണ് ഗാന്ധിജിയെ കൊന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ന് ഗോഡ്‌സെയെ ആരാധിക്കുന്ന ഹിന്ദു നേതാക്കളും ആ ചോദ്യത്തെ നേരിടാന്‍ തയാറല്ല. ആ ചോദ്യം നിരന്തരം ചോദിച്ചു കൊണ്ടിരുന്നാല്‍ മാത്രമേ അവര്‍ പ്രതിരോധത്തിലാവൂ. ആ ചോദ്യത്തിന്റെ ഉത്തരമാണ് ഇന്നത്തെ ഹിന്ദുത്വ ശക്തികള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഗാന്ധിജി അവരുടെ കൂടി നേതാവാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നത്. ഗാന്ധിജിയെ ഹിന്ദുത്വ വാദിയാക്കാന്‍ പോലും അവര്‍ മടിക്കില്ല. കൊല്ലപ്പെട്ട ഗാന്ധിജി ഇനി അവര്‍ക്കു തടസ്സമാവില്ല എന്ന തിരിച്ചറിവ് ഇപ്പോള്‍ അവര്‍ക്കുണ്ടായിരിക്കുന്നു. ആ കൊലപാതകത്തെ മറക്കുക എന്നാണ് അവര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കാരണം അത് ലക്ഷ്യം കണ്ടിരിക്കുന്നു.
ഗാന്ധിജി നിലകൊണ്ടത് മതമൈത്രിക്കു വേണ്ടിയാണ്. ഗാന്ധിജിയെ കൊന്നവര്‍ മതമൈത്രി ഇഷ്ടപ്പെടുന്നില്ല. 1945 മുതല്‍ 1948 വരെ ഇന്ത്യയില്‍ വര്‍ഗീയ വാദം അരങ്ങേറി. ഹിന്ദു-മുസ്‌ലിം കലാപങ്ങള്‍ ധാരാളം സംഭവിച്ചു. ഇതിനെതിരെ ഒറ്റയാള്‍ പട്ടാളം പോലെ പ്രവര്‍ത്തിച്ചയാളായിരുന്നു ഗാന്ധിജി.
ഹിന്ദു-മുസ്‌ലിം കലാപങ്ങള്‍ ആഗ്രഹിക്കുകയും അതിന് ആക്കം കൂട്ടുകയും ചെയ്തവരാണ് ഗാന്ധിജിയെ കൊന്നത്. മതഭ്രാന്തിനു മുന്നില്‍ ഭയം കൂടാതെ കടന്നു ചെന്ന ഗാന്ധിജിയാണ് അവര്‍ക്ക് അസ്വീകാര്യനായത്. ആ ധൈര്യത്തെയാണ് അവര്‍ വെറുത്തത്.
ആയിടക്ക് ഒരു ദിവസം പ്രാര്‍ഥനാ യോഗത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യരുതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് മൂന്ന് ദിവസം തന്റെ പ്രാര്‍ഥനാ യോഗം വേണ്ടെന്നുവെച്ചു. ഒടുക്കം പ്രാര്‍ഥനക്കു വരുന്നവര്‍ അഭിപ്രായം മാറ്റിയതിനു ശേഷമാണ് ഗാന്ധിജി പ്രാര്‍ത്ഥനാ യോഗങ്ങള്‍ പുനരാരംഭിച്ചത്. ഗാന്ധിജി ഖുര്‍ആന്‍ വായിക്കുന്നതില്‍ അനിഷ്ടമുള്ളവരാണ് ഗാന്ധിജിയെ വധിച്ചത്. മത സൗഹാര്‍ദത്തിനായി സ്വതന്ത്ര ഇന്ത്യയില്‍ ഗാന്ധിജി നിരാഹാര വ്രതം തുടങ്ങി. നെഹ്‌റുവും പട്ടേലും ആസാദുമൊക്കെ അപേക്ഷിച്ചിട്ടും അദ്ദേഹം പിന്മാറിയില്ല. അന്നത്തെ പ്രാര്‍ത്ഥനാ യോഗത്തില്‍ ഒരാള്‍ ചോദിച്ചു, 'ആരെ കുറ്റപ്പെടുത്താനാണ് ഈ നിരാഹാര സമരം?' 'ആരെയും കുറ്റപ്പെടുത്താനല്ല. ഹിന്ദുക്കളും സിക്കുകാരും കൂടി മുസ്‌ലിംകളെ ദല്‍ഹിയില്‍നിന്ന് ഓടിക്കുന്നത് ഇന്ത്യയെയും സ്വന്തം മതങ്ങളെയും നിന്ദിക്കലാണ്. ഈ വ്രതം മുസ്‌ലിംകള്‍ക്കു വേണ്ടിയാണെന്നു പറഞ്ഞു എന്നെ ചിലര്‍ കളിയാക്കുന്നുണ്ടെന്ന് എനിക്കറിയാം. ശരിയാണ്, ജീവിതം മുഴുവന്‍ ന്യൂനപക്ഷത്തിനും ബുദ്ധിമുട്ടുള്ളവര്‍ക്കും വേണ്ടിയാണ് ഞാന്‍ ചെലവഴിച്ചത്.
ഗാന്ധിജിയുടെ ഈ ഉത്തരം ആരെയാണോ അസ്വസ്ഥരാക്കിയത്, അവരാണ് ഗാന്ധിജിയെ കൊന്നുകളഞ്ഞത്.
വര്‍ഗീയ വിഷം ഇന്ത്യയിലാകമാനം ഇപ്പോള്‍ വ്യാപിപ്പിക്കുന്നതും അക്കൂട്ടരാണ്. അവരിന്നും ശ്രമിക്കുന്നത് ന്യൂനപക്ഷങ്ങളെ അകറ്റി നിര്‍ത്താനും അവഹേളിക്കാനുമാണ്. അതുവഴി ഒരു ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുക. അതിന് തടസ്സമായി ഇന്നും നിലകൊള്ളുന്നത് ഗാന്ധിജിയാണ് എന്നവര്‍ക്കറിയാം. ഇനി ഗാന്ധിജിയെ എന്ത് ചെയ്യും? ഒരു ഭാഗത്ത് ഗോഡ്‌സെയെ ആരാധിക്കുകയും അതേസമയം ഗാന്ധിജിയെ കൂടെ നിര്‍ത്തുകയും ചെയ്യാന്‍ ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കുന്നത് ഇപ്പോള്‍ കാണാം. ഇത് അവര്‍ ബോധപൂര്‍വം നടത്തുന്ന ഇടപെടലാണ്.
ഉറക്കെ പറയണം ഗാന്ധി ഘാതകന്‍ ഗോഡ്‌സെ തികഞ്ഞ ആര്‍.എസ്.എസുകാരന്‍ ആയിരുന്നുവെന്ന്. ഗാന്ധിജി വെടിയേറ്റ് വീണപ്പോള്‍ മധുരം വിതരണം ചെയ്ത ഒരേയൊരു പ്രസ്ഥാനം ആര്‍.എസ്.എസ് ആയിരുന്നുവെന്നും.