ജിദ്ദ- ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി 72-ാം റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ടേബിൾ ടോക്ക് ശ്രദ്ധേയമായി. സാംസ്‌കാരിക വൈവിധ്യങ്ങളുടെ വിളനിലമായ ഇന്ത്യ അതിന്റെ എല്ലാവിധ തനിമയോടെയും നിലനിന്ന് കാണാനാണ് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നതെന്ന് പരിപാടിയിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.
നൂറുക്കണക്കിന് ഭാഷകളുടെയും നാനാജാതി മതങ്ങളുടെയും സങ്കേതമാണ് നമ്മുടെ രാജ്യം. ലോകത്തിനു തന്നെ പലരംഗത്തും മാതൃകയായ നമ്മുടെ പൈതൃകം നിലനിൽക്കുകയും വൈവിധ്യത്തിലധിഷ്ഠിതമായി വർണ വർഗ വ്യത്യാസമില്ലാതെ അനുഭവിക്കുമ്പോഴുമാണ് പൂർവ പിതാക്കന്മാർ അടിത്തറ പാകിയ ഇന്ത്യയെ നമുക്കും ഭാവിതലമുറക്കും കാണാനാവൂ എന്നും ടേബിൾ ടോക്കിൽ വിലയിരുത്തി.
മറ്റു ലോകരാജ്യങ്ങളുടേതിൽ നിന്നും വ്യത്യസ്തമായതും വിപുലവുമായ ഭരണഘടനയുള്ള നാം അതിന്റെ മൗലികത മനസ്സിലാക്കേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനും പൗരന്മാരുടെ ഉന്നമനത്തിനും വേണ്ടി ഭരണഘടനയിൽ വിഭാവനം ചെയ്തിട്ടുള്ള അവകാശങ്ങൾ ലഭിക്കുന്നതിനും വേണ്ടി ഒറ്റക്കെട്ടാകേണ്ട സമയമാണിതെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇ.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഡോ. പീറ്റർ റൊണാൾഡ് (പ്രിൻസിപ്പൽ, അൽവുറൂദ് സ്‌കൂൾ), ടേബിൾ ടോക്ക് ഉദ്ഘാടനം ചെയ്തു.
ഡോ. അഹമ്മദ് ആലുങ്ങൽ (എക്‌സി. ഡയറക്ടർ, അൽഅബീർ ഗ്രൂപ്പ്), മുഖറം ഖാൻ (മൈമാർ കമ്മിറ്റി, ബാംഗ്ലൂർ), മുഹമ്മദ് താരീഖ് (യു.പി), സലിം പർവേസ് (ബീഹാർ), ശൈഖ് മൂസ, അഷ്‌റഫ് മൊറയൂർ (ഐ.എസ്.എഫ് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്) തുടങ്ങി പ്രവാസി സമൂഹത്തിന്റെ വിവിധ മേഖലയിൽനിന്നുള്ളവർ ചർച്ചയിൽ പങ്കെടുത്തു. അബ്ദുൽ ഗനി മലപ്പുറം വിഷയാവതരണവും റിപ്പബ്ലിക്ദിന സന്ദേവും നൽകി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം സ്വാഗതവും മുജാഹിദ്പാഷ ബാംഗ്ലൂർ നന്ദിയും പറഞ്ഞു. നാസർ ഖാൻ നാഗർകോവിൽ, ഹംസ ഉമർ, ഫൈസൽ മമ്പാട്, റഊഫ് ജോക്കട്ടെ, ബീരാൻ കുട്ടി കോയിസ്സൻ എന്നിവർ നേതൃത്വം നൽകി.