കൊച്ചി - വിദേശ ഡോളർ കടത്ത് കേസിൽ സംസ്ഥാന നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനിൽ നിന്ന് അടുത്തയാഴ്ച കസ്റ്റംസ് മൊഴിയെടുക്കും. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി മൊഴിയെടുക്കാനാണ് തീരുമാനം. സ്പീക്കറിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം പ്രതികളുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ നടപടികളുമായി കസ്റ്റംസ് മുന്നോട്ട് പോകും.
സ്പീക്കറെ ചോദ്യം ചെയ്യുന്നതിന് നിയമ തടസ്സമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. എന്നാൽ ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കറെ കൊച്ചിയിൽ നോട്ടീസ് നൽകി വിളിച്ചുവരുത്തുന്നത് കൂടുതൽ വിവാദങ്ങൾക്ക് ഇടയാക്കുമെന്നതിനാലാണ് ആദ്യം സ്പീക്കറെ അനൗദ്യോഗികമായി കണ്ട് അദ്ദേഹത്തിന്റെ ഭാഗം കേൾക്കാനുള്ള തീരുമാനം. തിരുവനന്തപുരം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥരാണ് സ്പീക്കറുടെ മൊഴിയെടുക്കുക.
യു.എ.ഇ കോൺസുലേറ്റിലെ മുൻ ചീഫ് അക്കൗണ്ട്‌സ് ഓഫീസർ ഖാലിദ് ഒന്നര കോടി രൂപയുടെ അമേരിക്കൻ ഡോളർ വിദേശത്തേക്ക് കടത്തിയ കേസിലാണ് സ്പീക്കർക്കെതിരെ മൊഴിയുള്ളത്. അട്ടക്കുളങ്ങര ജയിലിൽ സ്വപ്‌ന സുരേഷ് നൽകിയ മൊഴിയിൽ ഭരണഘടനാപദവി വഹിക്കുന്നവർക്കും ഉന്നത രാഷ്ട്രീയ നേതാക്കൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനു ശേഷം മറ്റൊരു പ്രതിയായ സരിത്തിന്റെ മൊഴിയെടുത്തപ്പോഴും സമാന വിവരങ്ങളാണ് കസ്റ്റംസിന് ലഭിച്ചത്.
ഗൾഫ് മേഖലയിൽ വിദേശ മലയാളികൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് നിക്ഷേപം ഉണ്ടെന്നും ഡോളർ കടത്തിന് ഇതുമായി ബന്ധമുണ്ടെന്നും പ്രതികൾ മൊഴി നൽകി. കസ്റ്റംസ് ഇത് രഹസ്യമൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴികളാണ് സ്പീക്കർക്കെതിരെ നിർണായകമായി മാറിയത്.
കേസിൽ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുല്ലയെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. നാസിന്റെ പേരിൽ എടുത്ത സിം കാർഡിൽനിന്ന് സ്പീക്കർ പ്രതികളെ വിളിച്ചിരുന്നെന്നും കസ്റ്റംസ് കണ്ടെത്തി. അതേ സമയം നയതന്ത്ര കള്ളക്കടത്ത് കണ്ടെത്തിയ ശേഷം ഈ സിം ഉപയോഗിച്ചിട്ടില്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും കസ്റ്റംസ് കരുതുന്നു.
ഒരു ചാനൽ അഭിമുഖത്തിൽ സ്പീക്കർ ഈ സിം ഉപയോഗിച്ചതായി സമ്മതിച്ചിരുന്നു. സിം കാർഡ് എടുക്കുമ്പോൾ തന്റെ കൈവശം തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് നാസിന്റെ പേരിലുള്ള തിരിച്ചറിയാൽ കാർഡ് ഉപയോഗിച്ച് സിം കാർഡ് എടുത്തതെന്നുമാണ് സ്പീക്കർ അഭിമുഖത്തിൽ പറഞ്ഞത്. തന്റെ സ്വകാര്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സിം ഉപയോഗിക്കുന്നതെന്നും ഒരു പക്ഷേ സ്വപ്‌ന ഉൾപ്പെടെയുള്ള പ്രതികളെ താൻ വിളിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.