ടിക്കറ്റ് തീർന്നപ്പോൾ കൗണ്ടർ അടിച്ചുതകർത്തു
കൊച്ചി- ഫിഫ അണ്ടർ 17 ലോകകപ്പിലെ ശുഷ്‌കിച്ച ഗാലറികളെ ഓർമയാക്കിമാറ്റി കലൂർ സ്റ്റേഡിയത്തിലേക്ക് പ്രവഹിച്ച പതിനായിരങ്ങൾ ഐ.എസ്.എൽ ആവേശത്തിന്റെ നേർക്കാഴ്ചയായി. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് -എ.ടി.കെ മൽസരം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ സ്റ്റേഡിയം മഞ്ഞക്കടലായി മാറിയിരുന്നു. ലോകകപ്പിന് ഉണ്ടായതു പോലുള്ള നിയന്ത്രണങ്ങൾ ഇല്ലാതിരുന്നതിനാൽ അടിച്ചു പൊളിക്കാൻ കണക്കാക്കി തന്നെയാണ് ആരാധകർ വാദ്യഘോഷങ്ങളുമായി എത്തിച്ചേർന്നത്.
ടിക്കറ്റുകൾ നേരത്തെ വിറ്റുതീർന്നത് രാവിലെതന്നെ എത്തി ക്യൂ നിന്ന ആരാധകരെ നിരാശരാക്കി. രോഷാകുലരായ കാണികൾ ടിക്കറ്റ് കൗണ്ടർ അടിച്ചു തകർത്തു. രാവിലെ മുതൽ ടിക്കറ്റിനായി കാത്തുനിൽക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പോലീസ് രംഗത്തെത്തിയെങ്കിലും ആരാധകരെ ശാന്തരാക്കാനായില്ല.
ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിനു സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപനയില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതറിയാതെ എത്തിയവരാണ് സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയവരിൽ അധികവും. അതേസമയം, ഉദ്ഘാടന മൽസരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വ്യാപകമായി ലഭ്യമായിരുന്നു.
ഓൺലൈനായി ടിക്കറ്റെടുത്തവർ അതു വൻവിലയ്ക്കു മറിച്ചു വിറ്റു. രണ്ടായിരം രൂപ മുതൽ നാലായിരം വരെയായിരുന്നു ഒരു ടിക്കറ്റിന്റെ കരിഞ്ചന്തവില. രണ്ടായിരത്തിനു ഓൺലൈനായി ടിക്കറ്റ് വാങ്ങിയവരാണ് നാലായിരത്തിനു മറിച്ചുവിറ്റത്.