Sorry, you need to enable JavaScript to visit this website.

മഞ്ഞപ്പട നനഞ്ഞ പടക്കമായി

ഗോൾരഹിത നിരാശ
കൊച്ചി- കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി കണ്ടപ്പോൾ കലിപ്പ് കയറിയത് സ്വന്തം ആരാധകർക്കുതന്നെയാണ്. കഴിഞ്ഞ സീസണിൽ ഫൈനൽ വരെയെത്തിയ ടീമിന്റെ നിഴലെന്ന് തോന്നിച്ച ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം അവരെ തീർത്തും നിരാശപ്പെടുത്തി. ഐ.എസ്.എൽ നാലാം സീസൺ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയോട് ഗോൾരഹിത സമനിലയെങ്കിലും നേടാനായത് ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ആശ്വാസമായി. നാൽപതിനായിരം വരുന്ന ഗാലറിയുടെ കലവറയില്ലാത്ത പിന്തുണയുണ്ടായിട്ടും പ്രതീക്ഷക്കൊത്തുയരാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞില്ല. കൂടുതൽ സമയം പന്ത് നിയന്ത്രണത്തിൽ വെക്കുകയും കൂടുതൽ ഗോളവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത എ.ടി.കെ ഏത് നിമിഷവും ഗോളടിക്കുമെന്ന് തോന്നിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഉറച്ചുനിന്നതും, ഗോളി പോൾ റാച്ചുബുക്കയുടെ അവസരോചിത ഇടപെടലുകളുമാണ് സ്വന്തം വലയിൽ പന്തുവീഴുന്നതിൽനിന്ന് ആതിഥേയരെ രക്ഷിച്ചത്. എങ്കിലും ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെയിൽനിന്ന് തോൽവി ഏറ്റുവാങ്ങാതെ ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടു. 
ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ ഡിഫൻഡർ പെസിച്ചാണ് ഹീറോ ഓഫ് ദി മാച്ച്. എന്നാൽ ഇംഗ്ലീഷുകാരനായ ഗോളി റാച്ചുബുക്കയായിരുന്നു ശരിക്കും ബ്ലാസ്റ്റേഴ്സിന്റെ രക്ഷകൻ.
മൂന്നാം മിനിറ്റിൽ മിലൻ സിംഗിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നീക്കം. തൊട്ടടുത്ത മിനിറ്റിൽ മിലൻ സിംഗ് തന്നെ പായിച്ച ബുള്ളറ്റ് ഷോട്ട് അൽപ്പം വ്യത്യാസത്തിൽ പുറത്ത്. വലതു വിംഗിൽ പ്രബീർ ദാസിലൂടെയായിരുന്നു എ.ടി.കെയുടെ ആദ്യ നീക്കം. കോർണർ വഴങ്ങി ബ്ലാസ്റ്റേഴ്സ് രക്ഷപ്പെട്ടു. ഒമ്പതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനു അനുകൂലമായി കിട്ടിയ ആദ്യ കോർണറും ഭീഷണി സൃഷ്ടിക്കാതെ കടന്നുപോയി.
13 ാം മിനിറ്റിൽ ഹിതേഷിന്റെ മനോഹര മുന്നേറ്റവും ഷോട്ടും പോൾ റച്ച്ബുക്ക കുത്തിയകറ്റി. 19 ാം മിനിറ്റിൽ സെക്യുഞ്ഞയുടെ മറ്റൊരു ശ്രമം ഷോട്ട് ദുർബലമായതിനാൽ ബ്ലാസ്റ്റേഴ്സ് രക്ഷപ്പെട്ടു. കളി മുന്നേറുംതോറും എ.ടി.കെ ആധിപത്യം നേടുകയായിരുന്നു. കൊൽക്കത്തക്കാർ കൂട്ടത്തോടെ ആക്രമിക്കുമ്പോൾ, ബ്ലാസ്റ്റേഴ്സിന്റേത് ഒറ്റപ്പെട്ട ആക്രമണങ്ങൾ മാത്രം. വിംഗുകളിൽനിന്ന് എ.ടി.കെ താരങ്ങൾ പറത്തിവിട്ട ക്രോസുകൾ ഗാലറി നിറഞ്ഞു കവിഞ്ഞ ആരാധകരുടെ നെഞ്ചിൽ ഇടിത്തീ വീഴ്ത്തിക്കൊണ്ടിരുന്നു.
മുന്നേറ്റ നിരയിൽ ബെർബതോവിനും ഇയാൻ ഹ്യൂമിനും ഒത്തിണക്കം കിട്ടാതെ പോയതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. വലതു വിംഗിൽനിന്ന് റിനോ ആന്റോയും സി.കെ. വിനീതും പായിച്ച ക്രോസുകൾ ഹ്യൂമിൽ എത്താതിരിക്കാൻ എ.ടി.കെ പ്രതിരോധനിരക്കാർ ബോക്സിനുള്ളിൽ ഭിത്തി കെട്ടി.
ആദ്യ പകുതിയിലെ ആധിപത്യം രണ്ടാം പകുതിയിലും നിലനിർത്താൻ എ.ടി.കെക്കായി. 50 -ാം മിനിറ്റിൽ ലിങ്ദോയെ മറികടന്നു വിനീതിന്റെ ഉശിരൻ ഷോട്ട് എ.ടി.കെ ഗോളി ദേബജിത് കുത്തിയകറ്റി. ഓടിയെത്തിയ പെർക്യൂസണു റീബൗണ്ട് പ്രയോജനപ്പെടുത്താനായില്ല. പ്രത്യാക്രമണം ശക്തമാക്കിയ കൊൽക്കത്തക്കാർ രണ്ടു കോർണറുകൾ തുടരെ നേടി. ഇതിൽ രണ്ടാമത്തെ കോർണറിൽ സ്പാനിഷ് താരം ജോർഡി മോണ്ടലിന്റെ ബുള്ളറ്റ് ഹെഡ്ഡർ അതി മനോഹരമായാണ് റാച്ച്ബുക്ക രക്ഷപ്പെടുത്തിയത്.
60 ാം മിനിറ്റിൽ ഹ്യൂമിനെ പിൻവലിച്ച് പകരം സിഫിനാസിനെ കോച്ച് റെനെ മ്യൂലെൻസ്റ്റീൻ ഇറക്കി. എ.ടി.കെ നിജാസി കുക്വിക്കുപകരം  റോബിൻ സിംഗിനെ ഇറക്കി. 67 ാം മിനിറ്റിൽ സിഫാനിസിന്റെ മനോഹര നീക്കം ബോക്സിനുള്ളിൽ ജോർഡി തടഞ്ഞതും മനോഹരമായാണ്. 70 ാം മിനിറ്റിൽ 30 വാര അകലെ നിന്ന് പോർച്ചുഗീസ് താരം സെക്യൂഞ്ഞ പായിച്ച ഷോട്ട് റാച്ചബുക്കയെയും മറികടന്നെങ്കിലും, പോസ്റ്റിൽ തട്ടിയകന്നു. റീബൗണ്ടായ പന്ത് നിയന്ത്രിക്കാൻ മുന്നിലുണ്ടായിരുന്ന മൂന്നു എ.ടി.കെ കളിക്കാർക്കും കഴിഞ്ഞില്ല.
ഇഞ്ചു ടൈമിൽ മിലൻ സിംഗിന്റെ കോർണറിൽ ബെർബതോവിന്റെ ഹെഡ്ഡർ എ.ടി.കെ ഗോളി ദേബജിത് കരങ്ങളിൽ ഒതുക്കിയതോടെ കളി ഗോൾ രഹിത സമനിലയായി. അവസാന മിനുറ്റുകളിൽ എ.ടി.കെ നോൺഗ്രാമിനു പകരം ബിപിനും, ബ്ലാസ്റ്റേഴ്സ് പെർക്യൂസനുപകരം ജാക്കി ചാന്ദിനെയും വിനീതിനു പകരം കന്നി മത്സരം കളിക്കാൻ കോഴിക്കോട്ടുകാരൻ കെ. പ്രശന്തിനെയും ഇറക്കി. 
 

Latest News