കൊൽക്കത്ത- രണ്ടാം ദിവസവും മഴ കളിച്ച ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കൻ പെയ്‌സ് ബൗളിംഗിനുമുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര കൂപ്പുകുത്തി. ആദ്യ സെഷനിൽ കുറച്ചുനേരം മാത്രം കളി നടന്ന രണ്ടാം ദിവസം ആതിഥേയർ അഞ്ച് വിക്കറ്റിന് 75 എന്ന നിലയിലാണ്. ക്ഷമയോടെ പിടിച്ചുനിൽക്കുന്ന ചേതേശ്വർ പൂജാര (47 നോട്ടൗട്ട്) ഇല്ലായിരുന്നെങ്കിൽ സ്ഥിതി ഇനിയും വഷളായേനെ. വെളിച്ചക്കുറവ് മൂലം കളി അവസാനിപ്പിക്കുമ്പോൾ ആറ് റൺസുമായി വൃദ്ധിമാൻ സാഹയാണ് പൂജാരക്ക് കൂട്ട്.
വെറും 21 ഓവർ മാത്രം കളി നടന്ന ഇന്നലെ ഫാസ്റ്റ് ബൗളർ ദാസുൻ ഷനകയുടേതായിരുന്നു. രണ്ടാം ദിവസം വീണ രണ്ട് വിക്കറ്റും കരിയറിലെ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ഷനക സ്വന്തമാക്കി. മൂന്നിന് 17 എന്ന നിലയിൽ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് ആദ്യം നഷ്ടമായത് അജിങ്ക്യ രഹാനെയെ (4). 21 പന്തുകൾ നേരിട്ട രഹാനെയുടെ നിയന്ത്രണം പോയത് ഷനകയെ എഡ്ജ് ചെയ്തപ്പോഴാണ്. ലങ്കൻ വിക്കറ്റ് കീപ്പർ നിരോഷം ഡിക്ക്‌വെല്ലക്ക് അനായാസ ക്യാച്ച്. ആർ. അശ്വിനായിരുന്നു (4) ഷനകയുടെ അടുത്ത ഇര. കരുണരത്‌നെയാണ് ക്യാച്ചെടുത്തത്. സ്‌കോർ അഞ്ചിന് 50. പൂജാരക്ക് കൂട്ടായി സാഹ എത്തിയതോടെ കൂടുതൽ അപകടമൊഴിവായി. 102 പന്തുകൾ നേരിട്ട പൂജാര അസാധാരണ മെയ്‌വഴക്കത്തോടെയാണ് ബാറ്റ് വീശിയത്. ഒമ്പത് ബൗണ്ടറികൾ ആ ബാറ്റിൽനിന്ന് പിറന്നു.
ആദ്യ ദിവസം ആറ് ഓവർ എറിഞ്ഞിട്ടും ഒരു റൺ പോലും വിട്ടുകൊടുക്കാതിരുന്ന സുരാംഗ ലക്മൽ ഇന്നലെ റൺ വഴങ്ങി. എങ്കിലും 11 ഓവറിൽ ആകെ അഞ്ച് റൺസ് മാത്രം.
സ്‌കോർ ബോർഡ്
ഇന്ത്യ ഒന്നാമിന്നിംഗ്‌സ്
കെ.എൽ. രാഹുൽ സി ഡിക്‌വെല്ലെ ബി ലക്മൽ 0, ശിഖർ ധവാൻ ബി ലക്മൽ 8, സി. പൂജാര നോട്ടൗട്ട് 47, വിരാട് കോഹ്‌ലി എൽ.ബി.ഡബ്ല്യു ബി ലക്മൽ 0, രഹാനെ സി ഡിക്ക്‌വെല്ലെ ബി ഷനക 4, ആർ. അശ്വിൻ സി കരുണരത്‌നെ ബി ഷനക 4, സാഹ നോട്ടൗട്ട് 6. എക്‌സ്ട്രാസ് 5.
ആകെ അഞ്ച് വിക്കറ്റിന് 75.
വിക്കറ്റ് വീഴ്ച്ച: 1-0, 2-13, 3-17, 4-30, 5-50.
ബൗളിംഗ്: ലക്മൽ 11-9-5-3, ഷനക 8-2-23-2, കരുണരത്‌നെ 2-0-17-0.