Sorry, you need to enable JavaScript to visit this website.

സംവരണ വിവാദം വീണ്ടും; ഭൂതത്തെ തുറന്നുവിട്ട് പിണറായി

കോഴിക്കോട് - മുന്നോക്ക സമുദായ സംവരണത്തിനുവേണ്ടിയുള്ള പിണറായി സർക്കാരിന്റെ നീക്കം വൻവിവാദത്തിലേക്ക്. സംവരണത്തിന്റെ അടിത്തറ തന്നെ തകർക്കുന്നതാണ് ഈ നീക്കമെന്ന് യുവ കോൺഗ്രസ് എം.എൽ.എ വി.ടി. ബൽറാമും കോടതിയിൽ ചോദ്യം ചെയ്യുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പറഞ്ഞു.
ദേവസ്വം ബോർഡ് നിയമനങ്ങളിൽ 10 ശതമാനം മുന്നോക്ക സമുദായത്തിലെ ദരിദ്രർക്ക് സംവരണം ചെയ്യുമെന്ന് അറിയിച്ച മുഖ്യമന്ത്രി പിണറായി, ഉദ്യോഗങ്ങളിൽ സാമ്പത്തിക സംവരണത്തിനായി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്.
മുന്നോക്ക സമുദായങ്ങളുടെ പിന്തുണ നേടാനായി സി.പി.എം കൊണ്ടുവന്ന ഈ നയം ഇടതുമുന്നണിയിൽ തന്നെ തർക്കങ്ങൾക്ക് ഇടയാക്കും. സംസ്ഥാനത്ത് ഇടക്കാലത്ത് നിർജീവമായ പിന്നോക്ക സമുദായ മുന്നണിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമവും ഉണ്ടായേക്കും. സാമൂഹ്യനീതി ഉറപ്പുവരുത്താതെ സാമ്പത്തിക സംവരണത്തിന് മുതിരുന്നത് ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കുടത്തിൽനിന്ന് തുറന്നുവിട്ട ഭൂതമാണ് സാമ്പത്തിക സംവരണമെന്നും കണ്ണടച്ചു തുറക്കുംമുമ്പ് അത് ജാതി സംവരണത്തെ ഇല്ലാതാക്കുമെന്നും വി.ടി. ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന മുന്നോക്ക സമുദായക്കാർക്ക് സംവരണം നൽകാൻ രാജസ്ഥാനിലും ഗുജറാത്തിലും ശ്രമം നടത്തിയത് ബി.ജെ.പി സർക്കാരുകളാണെങ്കിൽ ഇവിടെ ഇടതുസർക്കാരാണ് സാമ്പത്തിക സംവരണത്തിന് തുനിയുന്നത്.
കേരള ജനസംഖ്യയിൽ 26 ശതമാനം മാത്രമാണ് മുന്നോക്ക സമുദായക്കാർ. അതിൽതന്നെ 14 ശതമാനം മാത്രമാണ് മുന്നോക്ക ഹിന്ദുക്കൾ. പട്ടികജാതി പട്ടികവർഗക്കാരും ഈഴവരുമുൾപ്പെടെ മറ്റു പിന്നോക്കക്കാരുമാണ് 74 ശതമാനം. സംസ്ഥാനത്തെ സാമുദായിക സംവരണം 50 ശതമാനമാണ്. അതിൽ കൂടരുതെന്ന് സുപ്രീം കോടതി വിധിയുണ്ട്. ഇതിൽനിന്ന് വിപരീതമായി സംവരണം 69 ശതമാനത്തിൽ നിൽക്കുന്നത് തമിഴ്‌നാട്ടിലാണ്. ഇവിടെ സാമ്പത്തിക സംവരണമില്ല. സംസ്ഥാനത്തെ 26 ശതമാനം വരുന്ന മുന്നോക്ക സമുദായക്കാർക്ക് ഇപ്പോൾ തന്നെ സംസ്ഥാന സർക്കാർ സർവീസിൽ ഇരട്ടി പ്രാതിനിധ്യമുണ്ടെന്നാണ് കണക്ക്. പിന്നോക്ക സമുദായങ്ങൾക്ക് സംവരണാനുകൂല്യമുണ്ടായിട്ടും ജനസംഖ്യാനുപാതിക പ്രാതിനിധ്യം നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നിരിക്കെയാണ് മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവരെന്ന പരിഗണനയിൽ സംവരണത്തിന് സി.പി.എം ഒരുങ്ങുന്നത്.
ദേവസ്വം നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് കഴിയുമെന്നതുകൊണ്ടാണ് നയം ആദ്യം അവിടെ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. ദേവസ്വം നിയമനങ്ങളിൽ പിന്നോക്ക സംവരണം നടപ്പാക്കിയത് ഈയിടെയാണ്. പൂജാരിയായി ദളിതനെ നിയമിച്ചതടക്കമുള്ള കാര്യങ്ങളിൽ മുന്നോക്ക സമുദായക്കാർക്കുണ്ടായ അമർഷത്തെ തണുപ്പിക്കാനും മുന്നോക്ക സംവരണം ഉപകരിക്കുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. ദേവസ്വം ജോലികളിൽ മുന്നോക്ക സമുദായ പ്രാതിനിധ്യം സർക്കാർ സർവീസിലേതിനേക്കാൾ അധികമാണ്. ഇത് 10 ശതമാനം കൂടി വർധിക്കും. 
സാമ്പത്തിക സംവരണത്തിന് വേണ്ടി എന്നും സി.പി.എം നിലകൊണ്ടിരുന്നുവെങ്കിലും അത് നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. സംവരണത്തിൽ ക്രീമിലെയർ കൊണ്ടുവരുന്നതിനെ കേരളത്തിൽ അനുകൂലിച്ചത് സി.പി.എം മാത്രമാണ്. യു.ഡി.എഫിലെ കക്ഷികളും സി.പി.ഐ അടക്കം ഇടതുമുന്നണിയിലെ കക്ഷികളും ക്രീമിലെയറിനെ എതിർത്തപ്പോൾ നിയമസഭയിൽ സി.പി.എം മാത്രം അനുകൂലിച്ചു.
നായർ സർവീസ് സൊസൈറ്റിയെ കൂടെ നിർത്തുന്നതിന്റെ ഭാഗം കൂടിയാണിത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുന്നോക്ക സമുദായ കോർപറേഷൻ രൂപവൽക്കരിച്ചും അതിന്റെ ചെയർമാന് കാബിനറ്റ് പദവി നൽകിയും പ്രീണിപ്പിക്കാൻ ശ്രമിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നോക്കക്കാർക്കും സംവരണം ഏർപ്പെടുത്താൻ യുഡി.എഫ് സർക്കാർ ശ്രമിച്ചു.
സർക്കാരിന്റെ നീക്കത്തെ യു.ഡി.എഫോ ബി.ജെ.പിയോ എതിർക്കില്ലെന്നതാണ് പ്രത്യേകത. എന്നാൽ മുസ്‌ലിം ലീഗും എസ്.എൻ.ഡി.പിയും എതിർപ്പുമായി വരും. ഇതാകട്ടെ പഴയ പിന്നോക്ക സമുദായ മുന്നണിയെ പുനരുജ്ജീവിപ്പിക്കുന്നതിൽ എത്തിയേക്കാം.
 

Latest News