സ്വതന്ത്ര ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിഷേധങ്ങളും നാടകീയ രംഗങ്ങളുമാണ് 72 ാം റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാന നഗരിയിൽ അരങ്ങേറിയത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മാസമായി ദൽഹിയുടെ അതിർത്തികളിൽ സമാധാനപരമായി പ്രക്ഷോഭം നടത്തിവരികയായിരുന്ന കർഷകർ മുൻകൂട്ടി പ്രഖ്യാപിച്ച പ്രകാരം റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലി പൊടുന്നനെ അക്രമാസക്തമാവുന്നു. നൂറുകണക്കിന് ട്രാക്ടറുകളിൽ നഗരഹൃദയത്തിലേക്ക് ഇരച്ചെത്തിയ കർഷകർ പോലീസുമായി ഏറ്റുമുട്ടുന്നു. രാജ്യത്തിന്റെ അഭിമാന സൗധമായ ചെങ്കോട്ടക്കു മുകളിൽ കയറി ദേശീയ പതാകക്കൊപ്പം സിക്ക് മതത്തിന്റെ കാവി പതാകയും ഉയർത്തുന്നു. മണിക്കൂറുകളോളം നഗരത്തിലെ തെരുവുകൾ കർഷകരും സുരക്ഷാ സൈനികരും തമ്മിലള്ള ഏറ്റുമുട്ടലിൽ യുദ്ധക്കളമായി മാറുന്നു.
ഇത്രയും കാലം കർഷകരുടെ ന്യായമായ ആവശ്യങ്ങളെയും അവരുടെ പ്രക്ഷോഭത്തെയും പിന്തുണച്ചിരുന്ന സാധാരണ ജനങ്ങളെ പോലും അമ്പരപ്പിച്ച സംഭവങ്ങളായിരുന്നു അതെല്ലാം. അക്രമാസക്ത സമരത്തിന്റെ ദൃശ്യങ്ങൾ ചാനലുകൾ തൽസമയം കാണിച്ചതോടെ അവർ നെറ്റി ചുളിച്ചു. സമരത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പോലും സംശയിക്കുന്ന അവസ്ഥയുണ്ടായി. സമരത്തിന് കിട്ടുന്ന ജനപ്രീതി ഇല്ലാതാകണമെന്നും ജനങ്ങൾ പ്രക്ഷോഭകരെ തള്ളിപ്പറയണമെന്നും ആഗ്രഹിച്ചിരുന്ന കേന്ദ്ര സർക്കാരിനും ബി.ജെ.പി അടക്കമുള്ള ശക്തികൾക്കും സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു അതെല്ലാം. ആ ഒരു പകൽ അവസാനിച്ചപ്പോഴേക്കും കർഷക സമരത്തിനെതിരായ പ്രതികരണങ്ങളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. സർക്കാർ അനുകൂല ചാനലുകളും മാധ്യമങ്ങളും പ്രക്ഷോഭകർക്കെതിരെ അതിശക്തമായി രംഗത്തെത്തി.
എന്നാൽ ഇതെല്ലാം ഒരു തിരക്കഥ പ്രകാരം ആസൂത്രിതമായി നടപ്പാക്കിയതാണെന്ന വിവരം മണിക്കൂറുകൾക്കകം തന്നെ പുറത്തു വന്നു. കർഷകരുടെ ആത്മവീര്യം തകർക്കാനും അവരെ സമ്മർദത്തിലാക്കി സമരം പൊളിക്കാനും ആഴ്ചകളായി കേന്ദ്ര സർക്കാരും ബി.ജെ.പിയും സംഘപരിവാർ ശക്തികളും നടത്തിവന്ന എല്ലാ കുതന്ത്രങ്ങളും പരാജയപ്പെട്ടതോടെ പയറ്റിയ പൂഴിക്കടകനായിരുന്നു റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങളെന്ന് ലോകത്തിന് മുഴുവൻ ബോധ്യമായിരിക്കുന്നു. പ്രക്ഷോഭം നടത്തുന്ന യഥാർഥ കർഷകർക്ക് ഇത് നേരത്തെ മനസ്സിലായി. അതുകൊണ്ടാണല്ലോ, സംയുക്ത കർഷക സംഘടനയായ കിസാൻ എക്താ സമിതി അക്രമങ്ങളെ തള്ളിപ്പറഞ്ഞതും ചെങ്കോട്ടയിൽ സിക്ക് പതാക ഉയർത്തിയതിനെയടക്കം അപലപിച്ചതും.
പോലീസിനോട് ഏറ്റുമുട്ടിയതും ചെങ്കോട്ടയിൽ കയറി സിക്ക് പതാക ഉയർത്തിയതും ദീപ് സിദ്ദു എന്ന പഞ്ചാബി ഗായകനും യുവനടനും അയാളുടെ അനുയായികളുമാണെന്ന വിവരം പുറത്തുവന്നതോടെയാണ് അക്രമത്തിന് പിന്നിലെ ഗൂഢനീക്കം ലോകമറിഞ്ഞത്. ആരാണ് ഈ ദീപ് സിദ്ദു? സിക്കുകാരനെങ്കിലും നല്ല ഒന്നാം തരം സംഘ് പരിവാർ അനുകൂലി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഗുർദാസ്പുരിൽ ജയിച്ച ബി.ജെ.പി സ്ഥാനാർഥിയും ബോളിവുഡ് താരവുമായ സണ്ണി ദിയോളിനു വേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നയാൾ. സമധാനപരമായി നടത്താനിരുന്ന ട്രാക്ടർ റാലിയെ കർഷകർ പോലുമറിയാതെ അക്രമങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത് ഇയാളാണെന്ന വിവരം പുറത്തു വന്നതോടെയാണ് സിദ്ദുവിന്റെ ഡി.എൻ.എ ആളുകൾ അന്വേഷിച്ചത്. അവർക്ക് പെട്ടെന്നു തന്നെ കാര്യം മനസ്സിലായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും, ആഭ്യന്തര മന്ത്രി അമിത് ഷാക്കുമൊപ്പം ദീപ് സിദ്ദു സൗഹൃദം പങ്കുവെക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു. സമര രംഗത്തുള്ള പ്രമുഖ കർഷക സംഘടനകളെല്ലാം ദീപ് സിദ്ദുവിനെയും അയാളുടെ അനുയായികളെയും തള്ളിപ്പറഞ്ഞു. സിദ്ദു ആർ.എസ്.എസ് ഏജന്റാണെന്നാണ് കർഷകർ പറയുന്നത്.
കള്ളി പിടിക്കപ്പെട്ടതോടെ ഇയാൾ ന്യായീകരണവുമായി രംഗത്തെത്തി. പ്രതിഷേധ സൂചകമായാണ് താൻ സിക്ക് പതാകയായ നിശാൻ സാഹിബ് ചെങ്കോട്ടയിൽ ഉയർത്തിയതെന്നും, ദേശീയ പതാക അഴിച്ചുമാറ്റിയിട്ടില്ലെന്നും ഖലിസ്ഥാൻ പതാക കെട്ടിയിട്ടില്ലെന്നുമൊക്കെയാണ് ഇയാൾ ട്വിറ്റർ വീഡിയോയിൽ പറയുന്നത്. അയാളുടെ വാക്കുകൾ കർഷകരും ജനങ്ങളും വിശ്വസിച്ചിട്ടില്ലെന്നതിന് അതിന് താഴയുള്ള കമന്റുകൾ തന്നെ തെളിവ്.
വർഷങ്ങളായി സംഘപരിവാറുമായി അടുത്ത ബന്ധം നിലനിർത്തിയിരുന്ന ദീപ് സിദ്ദു പൊടുന്നനെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവർക്കൊപ്പം കൂടിയതു തന്നെ സംശയാസ്പദമാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച സാമൂഹിക പ്രവർത്തകർക്കും കലാകാരന്മാർക്കുമൊപ്പം കൂടുകയായിരുന്നു 36 കാരൻ. ദൽഹി - ഹരിയാന അതിർത്തിയിലെ ശംഭുവിലെത്തി പ്രക്ഷോഭത്തിൽ പങ്കാളിയായ ഇയാൾ പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ പ്രക്ഷോഭത്തിനു വേണ്ടി വ്യാപകമായി കാമ്പയിൻ നടത്തിവരികയായിരുന്നു. എന്നാൽ ഇയാളുടെ വരവിൽ ചില കർഷക സംഘടനാ നേതാക്കൾ നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചു.
പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ ഒരു ലക്ഷം ട്രാക്ടറുകൾ പങ്കെടുപ്പിച്ച് ദൽഹിയിലും പരിസരങ്ങളിലുമായി നൂറ് കിലോമീറ്റർ നീളുന്ന കൂറ്റൻ റാലി സംഘടിപ്പിക്കുമെന്ന് ആഴ്ചകൾക്കു മുമ്പേ കർഷകർ പ്രഖ്യാപിച്ചിരുന്നതാണ്. ഇതുവരെ നടത്തിവരുന്ന പ്രക്ഷോഭം പോലെ ട്രാക്ടർ റാലിയും സമാധാനപരമായിരിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ ആ ഉറപ്പുകളെല്ലാം ലംഘിച്ചുകൊണ്ട് സമരം പെട്ടെന്ന് അക്രമാസക്തമാവുകയും ചെങ്കോട്ടയിൽ സിക്ക് മതത്തിന്റെ പതാക ഉയർത്തുന്നതടക്കം പ്രകോപനമപരമായ നീക്കം നടക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അതൊരു ഗൂഢാലോചനയുടെ ഫലമാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണമടക്കം നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അതിശക്തമായ ഇന്റലിജൻസ് നിരീക്ഷണം നടത്താറുള്ള സാഹചര്യത്തിൽ, ഇത്തരമൊരു നീക്കം മുൻകൂട്ടി അറിയാതെ പോയെങ്കിൽ അത് ബോധപൂർവമുള്ള വീഴ്ച തന്നെയായിരിക്കും.
ഏതായാലും കേന്ദ്ര സർക്കാരിനെയും സംഘപരിവാറിനെയും മാത്രം സന്തോഷിപ്പിക്കുകയും കർഷകരെയും അവരെ അനുകൂലിക്കുന്നവരെയും പ്രതിരോധത്തിലാക്കുകയും ചെയ്ത റിപ്പബ്ലിക് ദിന അക്രമങ്ങളുടെ പിന്നാമ്പുറം ഇത്ര വേഗം പുറത്താവുമെന്ന് ഗൂഢാലോചനക്കാർ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല. കർഷക പ്രക്ഷോഭം കലാപത്തിലേക്ക് തിരിയുന്നതോടെ ഒരു വെടിക്ക് പല പക്ഷികളായിരുന്നു കേന്ദ്ര സർക്കാരിന്റെ ഉന്നം. സമരം പൊളിക്കുക എന്നതു മാത്രമല്ല, കർഷകരെ അക്രമികളായി മുദ്ര കുത്തി അവർക്കു കിട്ടുന്ന ജനപിന്തുണ ഇല്ലാതാക്കുക, ചെങ്കോട്ട കൈയേറിയതിന്റെ പേരിൽ കർഷക സംഘടനാ നേതാക്കളെ മുഴുവൻ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കുക എന്നതും ഗൂഢാലോചനക്കാരുടെ മനസ്സിലുണ്ടായിരുന്നിരിക്കണം. അതിനെല്ലാമുപരി കർഷകർക്കിടയിൽ മതരപരമായ വേർതിരിവുണ്ടാക്കി ഭിന്നിപ്പിക്കുക എന്ന അത്യന്തം അപകടകരമായ നീക്കവുമുണ്ടായി. ചെങ്കോട്ടയിൽ സിക്ക് പതാക ഉയർത്തിയതും അത് ഖലിസ്ഥാൻ പതാകയാണെന്ന് നിമിഷങ്ങൾക്കകം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതും അതിന്റെ ഭാഗമാണ്. ഇത് സമരത്തിൽ പങ്കെടുക്കുന്ന ഹിന്ദു കർഷകരെ ചൊടിപ്പിക്കുമെന്ന് സംഘപരിവാറിന് നന്നായറിയാം. തുടക്കത്തിൽ പഞ്ചാബിൽനിന്നുള്ള സിക്കുകാരായ കർഷകരാണ് പ്രക്ഷോഭവുമായി ദൽഹിയിലേക്ക് വന്നതെങ്കിൽ, പിന്നീട് പഞ്ചാബിലെ മാത്രമല്ല, ഹരിയാന, യു.പി, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹിന്ദുക്കളടക്കം ഇതര വിഭാഗ കർഷകരും പ്രക്ഷോഭത്തിൽ പങ്കാളികളായത് സർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.
പ്രക്ഷോഭകർക്കിടയിലേക്ക് ചാരന്മാരെ കയറ്റിവിട്ട് കർഷക സമരം പൊളിക്കാൻ സർക്കാർ നേരത്തെയും ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച സമരത്തിൽ പങ്കെടുക്കാനെന്നെ പേരിൽ എത്തിയ ഹരിയാന പോലീസ് ഉദ്യോഗസ്ഥനെ കർഷകർ പിടികൂടിയിരുന്നു. തോക്കുമായി എത്തിയ ഇയാളുടെ ലക്ഷ്യം ഏതാനും സമര നേതാക്കളെ വെടിവെച്ചു കൊല്ലുകയും അതുവഴി സംഘടനകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയുമായിരുന്നുവത്രേ. അതു പൊളിഞ്ഞതോടെയാണ് ദീപ് സിദ്ദുവിനെ മുന്നിൽ നിർത്തി റിപ്പബ്ലിക് ദിനത്തിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്. കണ്ണും കാതും ഇരുപത്തിനാല് മണിക്കൂറും തുറന്നിരിക്കുക എന്നു മാത്രമേ കർഷക സഹോദരങ്ങളോട് ഇപ്പോൾ പറയാനുള്ളൂ.