Sorry, you need to enable JavaScript to visit this website.

നോർക്കയും പ്രവാസി ആനുകൂല്യങ്ങളും

കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക വളർച്ചയിൽ പ്രവാസികളുടെ പങ്ക് നിസ്തുലമാണ്. അതുകൊണ്ടു തന്നെ അവരുടെ ക്ഷേമവും സമയബന്ധിത സേവനങ്ങളും ഉറപ്പു വരുത്തുന്നതിനായി ആവിഷ്‌കരിച്ച സംവിധാനമാണ് സംസ്ഥാന സർക്കാരിന്റെ നോർക്ക റൂട്ട്‌സ്. ഇതിൽ അംഗമാകാതെയും അല്ലാതെയും  പ്രവാസികൾ ആനുകൂല്യങ്ങൾക്ക് അർഹരാണ്. ഓരോ ബജറ്റിലും ഇതിനായി തുക വകയിരുത്തുന്നുണ്ട്. എന്നാൽ അംഗമാകുന്നതിലും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിലും പ്രവാസികൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നതാണ് വാസ്തവം. നോർക്കയുടെ കണക്കു പ്രകാരം നാൽപതു ലക്ഷം മലയാളികൾ വിവിധ വിദേശ രാജ്യങ്ങളിലായുണ്ട്. അതുപോലെ മറ്റു സംസ്ഥാനങ്ങളിലായി 13,73,552 പേരുമുണ്ട്. എന്നാൽ 8,46,000 പേർ മാത്രമാണ് ഇതുവരെ നോർക്കയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയിട്ടുള്ളത്. നോർക്ക രൂപമെടുത്തിട്ട് ഏതാണ്ട് കാൽ നൂറ്റാണ്ടു കാലമായെങ്കിലും ഇന്നും നോർക്കയിൽ അംഗമാകുന്നതിനോ,  ആനുകൂല്യങ്ങൾ വാങ്ങുന്നതിനോ പ്രവാസികൾക്ക് വിമുഖതയാണ്. ഈ വകുപ്പിനെക്കുറിച്ചും  അതിന്റെ സേവനങ്ങളെക്കുറിച്ചുമുള്ള വേണ്ടത്ര അറിവില്ലായ്മയും ജോലി സ്ഥലങ്ങളിലെ പരിമിതികളുമാണ് ഇതിനു കാരണം. വിദേശ രാജ്യങ്ങളിലെ സംഘടനകൾ പലതും ആദ്യ കാലങ്ങളിൽ നോർക്കയോട് മുഖം തിരിഞ്ഞുനിന്നതും ഇതിനു കാരണമാണ്. സർക്കാർ കാര്യമായതിനാൽ വലിയ പ്രതീക്ഷകൾ പുലർത്തേണ്ടതില്ലെന്ന നിലപാടായിരുന്നു പലർക്കും നേരത്തെയുണ്ടായിരുന്നത്. എന്നാൽ ഇന്നു കാര്യങ്ങൾ മാറി വരികയാണ്. നോർക്കയിലുള്ള വിശ്വാസവും ആനുകൂല്യങ്ങൾ കൂടുതൽ  ഉണ്ടാവാനും തുടങ്ങിയതോടെ സംഘടനകൾ മുൻകൈ എടുത്ത് അംഗങ്ങളെ ചേർക്കുന്നതിന് ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ലക്ഷക്കണക്കിനു പേർ  ഇപ്പോഴും പുറത്തു തന്നെയാണ്. 


മാറിമാറി വരുന്ന ഓരോ സർക്കാരുകളും പ്രവാസി ക്ഷേമത്തിന് ഊന്നൽ നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ ആനുകൂല്യങ്ങൾ വർധിക്കുമെന്നുറപ്പാണ്. ഉദാഹരണത്തിന് പ്രവാസി പെൻഷൻ. പെൻഷൻ പദ്ധതിക്ക് തുടക്കമിടുമ്പോൾ ആയിരം രൂപയായിരുന്നു പ്രതിമാസ പെൻഷൻ. അതു പിന്നീട് 2000 രൂപയാക്കി. പുതിയ ബജറ്റിൽ അതു വീണ്ടും ഉയർത്തി പ്രതിമാസ പെൻഷൻ തുക 3500 ആക്കി വർധിപ്പിച്ചു. പ്രവാസി ക്ഷേമത്തിനായി നടപ്പു ബജറ്റിൽ 100 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ സമാശ്വാസത്തിനായി 30 കോടിയും പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പ്രവാസി ക്ഷേമത്തിന് ഈ സർക്കാർ ഇതുവരെ 180 കോടി രൂപ ചെലവഴിച്ചുവെന്നാണ് ധമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചത്. ഇതു നൽകുന്ന സൂചന ഓരോ വർഷവും പ്രവാസി ആനുകൂല്യങ്ങളിൽ വർധനയുണ്ടാവുമെന്നാണ്. അതിനാൽ ഇനിയും അംഗമാകാത്തവർ അംഗമാകുന്നതിനും ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവർ അതു സ്വീകരിക്കുന്നതിനും വൈമനസ്യം കാണിക്കരുത്. പ്രവാസികൾ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. അതിനു ചെറിയ തോതിലുള്ള പരിഹാരമെങ്കിലും സർക്കാരിന്റെ നോർക്ക റൂട്ട്‌സ് ഡിപ്പാർട്ട്‌മെന്റിന് നൽകാൻ കഴിയും. ഒട്ടേറെ പേർ ഇതിനകം ആനുകൂല്യങ്ങളും സഹായങ്ങളും സ്വീകരിച്ച് പലവിധ പദ്ധതികൾ ആവിഷകരിച്ച് ജീവിതം കരുപ്പിടിപ്പിച്ചിട്ടുമുണ്ട്. 


ഇത്തരം ആനുകൂല്യങ്ങൾക്ക് ഓരോ പ്രവാസിയും അർഹരാണെന്നതിനാൽ ആദ്യമായി നോർക്കയിൽ അംഗമാവുകയാണ് വേണ്ടത്. പെൻഷനും വായ്പാ സഹായങ്ങളും മാത്രമല്ല, ഇൻഷുറൻസ്, തൊഴിൽ വൈദഗ്ധ്യ പരിശീലനവും, സാന്ത്വന പദ്ധതി വഴിയുള്ള വിവിധ സഹായങ്ങളും നോർക്ക വഴി ലഭ്യമാണ്.  നോർക്ക നൽകുന്ന പ്രവാസി  ഐ.ഡി കാർഡ് പ്രവാസി മലയാളികൾക്കുള്ള ഒരു തിരിച്ചറിയൽ രേഖ കൂടിയാണ്. കാർഡുടമകൾക്ക് അപകടത്തെത്തുടർന്നുണ്ടാകുന്ന അംഗവൈകല്യങ്ങൾക്കും അപകട മരണങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. വിവിധ പ്രവാസി ക്ഷേമപദ്ധതികൾക്കായി ഉപയോഗിക്കാവുന്ന അടിസ്ഥാന രേഖ കൂടിയാണ് തിരിച്ചറിയൽ കാർഡ്. ഓൺലൈനിലൂടെ സ്വന്തമായും ഇപ്പോൾ തിരിച്ചറിയൽ കാർഡ് സ്വന്തമാക്കാവുന്നതാണ്. 


പ്രവാസി ആനുകൂല്യങ്ങളിൽ ഏറ്റവും  ആകർഷകമായുള്ളത് പെൻഷനാണ്. കേരള പ്രവാസി വെൽഫെയർ ബോർഡ് വഴിയാണ് പെൻഷൻ ലഭിക്കുക. കുറഞ്ഞത് 2 വർഷമെങ്കിലും കേരളത്തിന് പുറത്തോ വിദേശത്തോ ജോലി ചെയ്യണമെന്നതാണ് ഇതിൽ ചേരുന്നതിനുള്ള യോഗ്യത. വിദേശത്തുള്ളവർ മാസം 350 രൂപയും തിരികെ നാട്ടിലെത്തിയവർ മാസം 200 രൂപയും കുറഞ്ഞത് 5 വർഷം അടയ്ക്കണം. 60 വയസ്സ് പൂർത്തിയായാൽ മാസം 3000 രൂപ വെച്ചും 60 വയസ്സ് കഴിഞ്ഞും പ്രവാസി ആയി തുടരുകയാണെങ്കിൽ മാസം 3500 രൂപ വെച്ചും പെൻഷനായി ലഭിക്കും. 5 വർഷത്തിൽ കൂടുതൽ അടയ്ക്കുന്നവർക്ക് അടയ്ക്കുന്ന തുകക്ക് അനുസരിച്ച് പെൻഷനിലും വർധനയുണ്ടാവും. മിനിമം 5 വർഷം അടയ്ക്കണം എന്നതാണ് നിബന്ധന. 5 വർഷം അടച്ചാൽ മിനിമം പെൻഷനായ 3000 രൂപ  ലഭിക്കും. വയസ്സ് കുറഞ്ഞവർ നേരത്തെ അംഗമായി ചേരുകയും അഞ്ചു വർഷത്തിൽ കൂടുതൽ പെൻഷൻ അടച്ചിട്ടുമുണ്ടെങ്കിൽ ഓരോ വർഷത്തിനും മിനിമം പെൻഷൻ തുകയുടെ മൂന്നു ശതമാനം അധിക പെൻഷനായി ലഭിക്കും. വിദേശത്തുവെച്ച് പദ്ധതിയിൽ ചേർന്നവർ ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയാൽ പ്രതിമാസ അടവ് 200 ആയി കുറയുകയും ചെയ്യും. തിരിച്ച് നാട്ടിൽ എത്തിയത് നോർക്ക ഓഫീസിൽ രജിസ്റ്റർ ചെയ്താൽ ഈ ഇളവ് ലഭിക്കും. കെ.എസ്.എഫ്.ഇയുടെ 2500 രൂപയുടെ പ്രതിമാസ ചിട്ടിയിൽ ചേർന്നിട്ടുള്ളവരാണെങ്കിൽ ചിട്ടി കാലാവധി തീരുന്നതു വരെയുള്ള പെൻഷൻ തുക അടയ്‌ക്കേണ്ടി വരികയുമില്ല. 


പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസി എടുത്താൽ 18 നും 60 നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം വിദേശത്തു താമസിക്കുന്ന കുടുംബാംഗങ്ങൾക്കും 13 ഗുരുതര രോഗങ്ങൾക്ക് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി വഴി ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഒരു വർഷത്തേക്ക് 550 രൂപയാണ് പ്രീമിയം. മറ്റൊന്ന് തിരികെയെത്തിയ പ്രവാസികൾക്കുള്ള സാന്ത്വന പദ്ധതിയാണ്. ചികിത്സാ സഹായം, മരണാനന്തര സഹായം, വിവാഹ ധനസഹായം, അംഗവൈകല്യ പരിഹാര ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സഹായം എന്നിവ ഇതു വഴി ലഭിക്കും. കുറഞ്ഞത് രണ്ട് വർഷമെങ്കിലും പ്രവാസ ജീവിതം നയിച്ചവരും വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ലാത്തവർക്കും ഈ സഹായം ലഭിക്കും. പ്രവാസികളുടെ മൃതദേഹം നാട്ടിൽ കൊണ്ടുവരുന്നതിന് നിയമപരമായ അവകാശികൾക്ക് നൽകുന്ന മറ്റൊരു സഹായ പദ്ധതിയാണ് കാരുണ്യം. മടങ്ങിയെത്തിയ പ്രവാസികൾക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കാനുള്ള പുനരധിവാസ പദ്ധതിയിലൂടെ 30 ലക്ഷം രൂപ വരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴിൽ സംരംഭങ്ങൾക്ക് സബ്‌സിഡിയോടു കൂടിയ വായ്പയും നോർക്ക വഴി ലഭ്യമണ്. ഇങ്ങനെ വിവിധങ്ങളായ ക്ഷേമ, സഹായ പദ്ധതികൾ നോർക്ക റൂട്ട്‌സ് വഴി ലഭ്യമാണെന്നിരിക്കേ അതിന്റെ ഭാഗമാവാൻ പ്രവാസികൾ ഒറ്റക്കും കൂട്ടായുമുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. നാട്ടിൽ തിരിച്ചെത്തിയാൽ പ്രതിമാസം ചെറിയൊരു വരുമാനമെന്ന നിലയിൽ പെൻഷൻ ഏറെ ഉപകരിക്കുമെന്നതിനാൽ പദ്ധതിയുടെ ഭാഗമാവുന്നതിനുള്ള ശ്രമങ്ങൾ എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാവണം. 

Latest News