റിയാദ് - ഡ്രൈവിംഗിനിടെ ഇയർ ഫോണിന്റെയും സ്പീക്കറിന്റെയും സഹായത്തോടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമ ലംഘനമല്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. സിഗ്നലുകളിൽ നിർത്തിയിടുന്ന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും നിയമ ലംഘനമല്ല. ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ കൈയിലെടുത്ത് ഉപയോഗിക്കുന്നതാണ് നിയമ ലംഘനം.
ഇങ്ങനെ ഫോൺ ഉപയോഗിച്ച് നിയമലംഘനം ആവർത്തിച്ചാൽ 24 മണിക്കൂർ ജയിൽ ശിക്ഷ ലഭിക്കും. നിയമ ലംഘനം ആവർത്തിക്കുന്നവർക്കാണ് തടവ് ശിക്ഷ ലഭിക്കുക. അല്ലാത്തവരുടെ പേരിൽ നിയമ ലംഘനത്തിനുള്ള പിഴ ചുമത്തും.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ രണ്ട് മാസം വൈകിയാൽ പിഴ ഒടുക്കേണ്ടിവരും. ലൈസൻസ് പുതുക്കുന്നതിനുള്ള മെഡിക്കൽ റിപ്പോർട്ട് ഓൺലൈൻ വഴി ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സിസ്റ്റത്തിലേക്ക് ആശുപത്രികൾ അയക്കുകയാണ് ചെയ്യുന്നത്. ഗതാഗത നിയമ ലംഘനങ്ങൾ സംബന്ധിച്ച് വിയോജിപ്പുള്ളവർ ഗതാഗത നിയമ ലംഘനങ്ങളിൽ തീർപ്പ് കൽപിക്കുന്ന അതോറിറ്റിയെ നേരിട്ട് സമീപിക്കുകയാണ് വേണ്ടത്. ഓൺലൈൻ വഴി വിയോജിപ്പ് അറിയിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി വരികയാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.