Sorry, you need to enable JavaScript to visit this website.

15 സീറ്റുകൾ ഇടതു മുന്നണിയോട് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം 


കോട്ടയം- നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ ഉൾപ്പടെ 15 സീറ്റുകൾ ഇടതു മുന്നണിയോട് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എമ്മിൽ ധാരണ. ഇടതുമുന്നണിയുമായുള്ള ഔദ്യോഗിക ചർച്ചകൾക്കു മുമ്പ് പാർട്ടി നേതാക്കളുമായി നടത്തിയ അനൗപചാരിക ചർച്ചകളിലാണ് കേരള കോൺഗ്രസ് എമ്മിന്റെ ജില്ലയിലെ സീറ്റുകളായ പാലായും, കടുത്തുരുത്തിയും, പൂഞ്ഞാറും, കാഞ്ഞിരപ്പള്ളിയും ആവശ്യപ്പെടാൻ തീരുമാനമായത്. ചങ്ങനാശ്ശേരി കേരള കോൺഗ്രസ് മണ്ഡലമാണെങ്കിലും സി.പി.എം മത്സരിക്കുന്ന സീറ്റുകളിലൊന്നായതിനാൽ ചോദിക്കില്ല. പകരം കോട്ടയം ആവശ്യപ്പെട്ടേക്കും. ചങ്ങനാശ്ശേരിയോ കോട്ടയമോ ഇതിൽ തീരുമാനം സി.പി.എം എടുക്കും. യുവത്വം തുളുമ്പുന്ന പുതുമുഖ സ്ഥാനാർഥികളെ അവതരിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. പാർട്ടി പിളർന്നപ്പോൾ മുതിർന്ന നേതാക്കൾ ജോസഫ് ഗ്രൂപ്പിലേക്ക് പോയതോടെ പുതുമുഖങ്ങൾക്ക് മത്സരിക്കാൻ അവസരംകിട്ടും. പക്ഷേ ഇടതു മുന്നണി എത്ര സീറ്റ് അനുവദിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും തുടർ നടപടികൾ.


യു.ഡി.എഫിൽ കേരള കോൺഗ്രസ് എമ്മിന് ലഭിച്ച അതേ സീറ്റുകളാണ് ഇടതുമുന്നണിയിലും ആവശ്യപ്പെടുക. 15 ചോദിക്കുമ്പോഴും 12 സീറ്റിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടെന്നാണ് ഇടതു മുന്നണി നൽകുന്ന സൂചന. 12 സീറ്റും രാജ്യസഭാ സീറ്റുമായിരിക്കും നൽകുക. 
കോട്ടയത്ത് ജോസ് വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റുകളെല്ലാം കിട്ടുമോയെന്ന് പാർട്ടിക്ക് ഉറപ്പില്ല. ജോസ് കെ. മാണി പാലായിലോ കടുത്തുരുത്തിയിലോ മത്സരിക്കുമെന്നാണ് നേതൃയോഗങ്ങളിൽ നൽകിയിരിക്കുന്ന വിവരം. കാഞ്ഞിരപ്പള്ളിയിൽ ഡോ. എൻ. ജയരാജ് തന്നെയാകും. ഈ സീറ്റ് സി.പി.ഐ വിട്ടുനൽകും. പൂഞ്ഞാറിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സെബാസ്റ്റ്യൻ കുളത്തിങ്കൽ സ്ഥാനാർഥിയായേക്കും. ചങ്ങനാശ്ശേരി ലഭിച്ചാൽ ജോബ് മൈക്കിളിന് സാധ്യതയുണ്ട്. മുമ്പ് രണ്ടുതവണ അദ്ദേഹത്തെ ഇവിടെ പരിഗണിച്ചിരുന്നു. കടുത്തുരുത്തിയിൽ പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, യുവനേതാവ് സിറിയക് ചാഴികാടൻ എന്നിവരാണ് പരിഗണനയിൽ.


പത്തനംതിട്ട ജില്ലയിൽ റാന്നി, തിരുവല്ല സീറ്റുകളിലൊന്ന് കിട്ടിയേക്കും. ഇവിടെ മത്സരിക്കാനും പുതുമുഖങ്ങൾ വേണ്ടിവരും. ജില്ലാ പ്രസിഡന്റ് എൻ.എം. രാജുവിന്റെ പേര് പ്രചരിക്കുന്നുണ്ട്. ജോസഫ് എ. പുതുശ്ശേരി ജോസഫ് വിഭാഗത്തിലേക്ക് പോയതോടെ ശക്തനായ സ്ഥാനാർഥിയെ തേടുകയാണ് ജോസ് വിഭാഗം. 
ഇടുക്കിയിൽ സിറ്റിംഗ് എം.എൽ.എ റോഷി അഗസ്റ്റിൻ തന്നെ മത്സരിക്കും. തൊടുപുഴ സീറ്റ് കിട്ടിയാൽ കർഷക യൂനിയൻ നേതാവ് റെജി കുന്നംകോട്ട്, മുതിർന്ന നേതാവ് കെ.ഐ. ആന്റണി എന്നിവരിൽ ഒരാൾ വന്നേക്കാം. കോഴിക്കോട് പേരാമ്പ്രയോ തിരുവമ്പാടിയോ കിട്ടിയേക്കാം. പേരാമ്പ്രയിൽ മുഹമ്മദ് ഇക്ബാലാണ് നേരത്തെ മത്സരിച്ചത്. ശക്തമായ മത്സരമാണ് അന്ന് കാഴ്ചവെച്ചത്. തിരുവമ്പാടിയിൽ സംസ്ഥാന സെക്രട്ടറി പി.ടി. ജോസിന് സാധ്യതയുണ്ട്.
തൃശൂരിൽ പാർട്ടി മത്സരിച്ചിരുന്ന ഇരിങ്ങാലക്കുട നിലവിൽ സി.പി.എം സിറ്റിംഗ് സിറ്റിംഗ് സീറ്റാണ്. ചാലക്കുടിയിലും അങ്ങനെതന്നെ. ഇതിൽ ഒരു സീറ്റ് കേരള കോൺഗ്രസിന് നൽകിയേക്കും. കണ്ണൂരിൽ ഇരിക്കൂർ ലഭിച്ചാൽ സ്റ്റിയറിംഗ് കമ്മിറ്റിയംഗം സജി കുറ്റിയാനിമറ്റം മത്സരിച്ചേക്കും.

 

Latest News