പാലക്കാട്- സാമൂഹ്യ പ്രവര്‍ത്തക ബിന്ദു അമ്മിണിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ പിതാവ്. കര്‍ഷക സമരത്തില്‍ പങ്കെടുത്തു കൊണ്ടുള്ള ബിന്ദു അമ്മിണിയുടെ ഫോട്ടോ ഷെയര്‍ ചെയ്തു കൊണ്ടാണ് അധിക്ഷേപ പോസ്റ്റ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകള്‍ക്കെതിരെ അശ്ലീല കമന്റുണ്ടായപ്പോള്‍ ശക്തമായി പ്രതിഷേധിച്ച് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു.സന്ദീപ് വാര്യരുടെ പിതാവ് ഗോവിന്ദ വാര്യരുടെ സ്ത്രീ വിരുദ്ധ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ചു. പ്രൊഫൈല്‍ ലോക്ക് ചെയ്തിട്ടുണ്ട്.
കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കെ.സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ചതില്‍ ശക്തമായി നിലപാടെടുത്ത സന്ദീപ് വാര്യര്‍ അച്ഛന്റെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിക്കുമോയെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും ചോദിക്കുന്നത്.
സന്ദീപ് വാര്യര്‍ കെ.സുരേന്ദ്രന്റെ മകള്‍ക്കെതിരെയുള്ള പരാമര്‍ശത്തിലിട്ട പോസ്റ്റ്
'ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക് എക്കൗണ്ടില്‍ ഒളിച്ചിരുന്ന് പുലഭ്യം പറയുന്നവര്‍ എല്ലാ കാലത്തും സേഫ് സോണിലായിരിക്കും എന്ന് തെറ്റിദ്ധരിക്കരുത്. ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ വ്യക്തിഹത്യ നടത്തുമ്പോള്‍ നടപടിയെടുക്കാന്‍ കേരള പോലീസിന് മടിയാണ് . അതേ സമയം മുഖ്യമന്ത്രിക്കെതിരെ വരുന്ന ക്രിയാത്മക വിമര്‍ശനങ്ങളുടെ പേരില്‍ പോലും കേസും അറസ്റ്റും ഉണ്ടാവുന്നു. ഇത് ഇരട്ട നീതിയാണ്. ബിജെപി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പെണ്‍കുട്ടികളെ പോലും അങ്ങേയറ്റം മോശമായി ആക്ഷേപിക്കുന്ന സൈബര്‍ ഗുണ്ടായിസത്തിന് തടയിട്ടേ മതിയാകൂ. നേതാക്കളെ പറഞ്ഞാല്‍ ഞങ്ങള്‍ സഹിക്കും. വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാല്‍ വെറുതേ വിടാന്‍ പോകുന്നില്ല.' എന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.