പാലക്കാട്- ഗജരാജന്‍ മംഗലാംകുന്ന് കര്‍ണ്ണന്‍ ചെരിഞ്ഞു. സിനിമാ താരങ്ങളുടെ മാതൃകയില്‍ സ്വന്തമായി ഫാന്‍സ് അസോസിയേഷന്‍ പോലുമുള്ള ഈ കൊമ്പന്‍ ഏറ്റവും കൂടുതല്‍ തലപ്പൊക്കമുള്ള ആനകളുടെ പട്ടികയില്‍ മുന്‍നിരക്കാരനാണ്. 60 വയസ്സ് പ്രായമായ ആന കുറച്ചു കാലമായി പ്രായാധിക്യം മൂലമുള്ള അസുഖങ്ങളാല്‍ ബുദ്ധിമ്മുട്ടിലായിരുന്നു. രാവിലെ അഞ്ചു മണിക്കാണ് ആനപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ ഗജരാജന്‍ ചെരിഞ്ഞത്. ഹൃദയാഘാതമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് രാവിലെ മുതല്‍ ആളുകളുടെ വലിയ ഒഴുക്കിനാണ് ചെര്‍പ്പുളേശ്ശരിക്കടുത്തുള്ള മംഗലാംകുന്ന് ഗ്രാമം സാക്ഷ്യം വഹിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഏറെ പാടുപെടേണ്ടി വന്നു. വൈകീട്ട് വാളയാര്‍ കാട്ടില്‍ ആനയുടെ ശരീരം സംസ്‌കരിച്ചു.
അഞ്ചു കൊല്ലം മുമ്പാണ് മംഗലാംകുന്ന് സഹോദന്മാരായ പരമേശ്വരനും ഹരിദാസും മനിശ്ശേരി ഹരിദാസില്‍ നിന്ന് കര്‍ണ്ണനെ വാങ്ങിയത്. വടക്കന്‍ പറവൂര്‍ ചക്കുമരേശ്ശരി ശ്രീകുമാര ഗണപതിക്ഷേത്രത്തിലെ പ്രശസ്തമായ മല്‍സരത്തില്‍ തലപ്പൊക്കത്തിന് തുടര്‍ച്ചയായി ഒമ്പതു വര്‍ഷം കിരീടം നേടിയ ഗജവീരന്‍ ഇത്തിത്താനം ഗജമേളയിലും വിജയിയായിരുന്നു. ഉല്‍സവപ്പറമ്പില്‍ തിടമ്പേറ്റിയാല്‍ അത് ഇറക്കുന്നതു വരെയുള്ള പ്രൗഢ ഗംഭീരമായ നില്‍പ്പാണ് ഈ കൊമ്പനെ ആനപ്രേമികള്‍ക്ക് പ്രിയങ്കരനാക്കിയത്. 302 സെന്റീമീറ്ററായിരുന്നു ഉയരം. 2019 മാര്‍ച്ചിലാണ് കര്‍ണ്ണനെ അവസാനമായി ഉത്സവത്തിന് എഴുന്നള്ളിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ആറ്റാശ്ശേരി നാരായണാണ് പാപ്പാന്‍.
സാധാരണയായി കേരളത്തിലെ ആനകളെ മാത്രം അംഗീകരിക്കുന്ന ശീലമുള്ളവരാണ് മലയാളികള്‍. എന്നാല്‍ കര്‍ണ്ണന്റെ ജനകീയത അതിന് അപവാദമായിരുന്നു. ബീഹാറില്‍ ജനിച്ച ആന വാരണസി ചന്തയില്‍ നിന്ന് 1991ലാണ് സംസ്ഥാനത്ത് എത്തിയത്. ശാന്ത സ്വഭാവവും ഏത് കൂട്ടത്തിലും വേറിട്ട് കാണാവുന്ന അമരവും വാലും ശ്രദ്ധ പിടിച്ചു പറ്റി. നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ള കൊമ്പനാണ് കര്‍ണ്ണനെന്ന് ഗജശാസ്ത്രം പഠിച്ചവര്‍ വിധിയെഴുതി. ഗജവീരനെ ചിട്ടവട്ടങ്ങള്‍ പഠിപ്പിക്കുന്നതില്‍ ആദ്യകാലത്തെ പാപ്പാന്‍ പാറേശ്ശരി ചാമി വലിയ പങ്കാണ് വഹിച്ചത്.
അറിയപ്പെടുന്ന ചലച്ചിത്രനടന്‍ കൂടിയാണ് മംഗലാംകുന്ന് കര്‍ണ്ണന്‍. മണിരത്‌നം സംവിധാനം ചെയ്ത ദില്‍സേ എന്ന സിനിമയിലെ പ്രശസ്തമായ 'ജിയജലേ' എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ഇന്ത്യ മുഴുവന്‍ പ്രശസ്തനായി ഈ കൊമ്പന്‍. ഷാരൂഖ് ഖാനും പ്രീതി സിന്റയുമാണ് ആ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മോഹന്‍ലാലിന്റെ സര്‍വ്വകാല ഹിറ്റായ നരസിംഹത്തിലും ജയറാം നായകനായ കഥാനായകനിലും കര്‍ണ്ണന്‍ അഭിനയിച്ചിട്ടുണ്ട്. ഗജവീരന്റെ ഫാന്‍സ് അസോസിയേഷനില്‍ ആയിരങ്ങള്‍ക്ക് അംഗത്വമുണ്ട്.