മലപ്പുറം- മലപ്പുറം ജില്ലയെ രാഷ്ട്രീയ സംഘർഷ ഭൂമിയാക്കാൻ സി.പി.എം ശ്രമിക്കുകയാണെന്ന് മുസ്്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മഞ്ചേരിയിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ പശ്ചാതലത്തിൽ പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഒരു ചെറുപ്പക്കാരന്റെ ജീവൻ രാഷ്ട്രീയത്തിന്റെ പേരിൽ പൊലിഞ്ഞിരിക്കുന്നുവെന്നത് അത്യധികം വേദനാജനകമാണ്. സമാധാനത്തിനും സ്വസ്ഥതക്കും ഏറെ കേളികേട്ടതാണ് മലപ്പുറത്തിന്റെ മണ്ണും, രാഷ്ട്രീയവും. മലപ്പുറത്തിനെ പതുക്കെ പതുക്കെ സംഘർഷത്തിന്റെ രാഷ്ട്രീയ ഭൂമിയാക്കാൻ സി പി എം നടത്തുന്ന ശ്രമത്തിന്റെ ഉദാഹരണമാണ് സമീറിന്റെ കൊലപാതകം. ഈ പ്രദേശം സി പി എം സംഘർഷഭരിതമാക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. മുസ്‌ലിം ലീഗ് നേതൃത്വം അധികാരികളുടെ ശ്രദ്ധയിലേക്ക് വിഷയത്തിന്റെ ഗൗരവം പലയാവർത്തി എത്തിച്ചിട്ടും ഭരണത്തിന്റെ ഹുങ്കിൽ സി പി എം മനപൂർവ്വം സംഘർഷങ്ങൾ സൃഷ്ടിച്ചതിന്റെ ദാരുണ ഫലമാണ് ഈ കൊലപാതകം. സമീറിന്റെ കൊലപാതകത്തിലൂടെ ഒരു കുടുംബത്തിന്റെ തീരാവേദനയാണ് സംഭവിച്ചത്. ഈ പാപത്തിൽ നിന്നും സി പി എമ്മിന് രക്ഷപ്പെടാനാവില്ല. ഈ കൊലപാതകത്തെ അത്യധികം വേദനയോടെയും ദുഃഖത്തോടെയും അപലപിക്കുകയാണ്. അടിക്കടിയായി ഉണ്ടാവുന്ന ഇത്തരം കൊലപാതകങ്ങൾ ആര് നടത്തിയാലും അതിനെയൊക്കെ ശക്തമായി ചെറുക്കേണ്ടതുണ്ട്. രാഷ്ട്രീയം രാജ്യത്തിന്റെ നന്മക്ക് വിനിയോഗിക്കേണ്ടതാണ്. അല്ലാതെ നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ളതല്ല. പലപ്പോഴും ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് സി പി എം കൈകൊള്ളാറുള്ളത്. അന്വേഷണ ഏജൻസികൾ വരുന്നത് ഭരണവും കോടതികളും ഉപയോഗിച്ച് തടയുക, അന്വേഷണത്തെ തന്നെ അട്ടിമറിക്കുക തുടങ്ങിയ സമീപനങ്ങളാണ് സ്വീകരിക്കാറുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ കുറ്റവാളികൾക്ക് രക്ഷപ്പെടാനും കുറ്റങ്ങൾ അവർത്തിക്കാനുമുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്. കുറ്റക്കാർക്കെതിരെ പെട്ടെന്നുള്ള നടപടികളാണ് ബന്ധപ്പെട്ടവരിൽനിന്നും ഉണ്ടാകേണ്ടത്. വളരെ വേഗത്തിൽ നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയാണ്.