കൊച്ചി- മാസങ്ങൾക്ക് മുമ്പ് കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുവെന്ന കേസിലെ പ്രതിയായ യുവതിയും പരിക്കേറ്റ യുവാവും ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചു. തങ്ങൾ വിവാഹിതരാണെന്നും യുവതിക്കൊപ്പം താമസിക്കാനാണ് താൽപര്യമെന്നും യുവാവ് ഹൈക്കോടതിയെ അറിയിച്ചു. യുവാവ് ബന്ധുക്കളുടെ അന്യായ തടങ്കലിലാണെന്ന് പരാതിപ്പെട്ട് യുവതി സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിലാണ് യുവാവിനെ കോടതിയിൽ ഹാജരാക്കിയത്.
2017 ഏപ്രിൽ മാസത്തിൽ വിവാഹിതരായതിനു ശേഷം യുവാവ് ഗൾഫിൽ പോയിരുന്നു. മടങ്ങി വന്നതിനു ശേഷം കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു താമസിക്കുന്നതിനിടെയാണ് യുവാവിന് മുറിവേറ്റത്. യുവാവിന്റെ വീട്ടുകാർ ബന്ധത്തെ എതിർത്തതിനെ തുടർന്ന് ഒരുമിച്ച് താമസിക്കണമെന്നാവശ്യപ്പെട്ട് യുവതി കൈത്തണ്ട മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചെന്നും തടയാൻ ശ്രമിച്ച യുവാവിന് മുറിവേറ്റെന്നുമാണ് വിശദീകരണം. യുവാവിന് നേരെ അതിക്രമം കാട്ടിയതിന് യുവതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കേസ് റദ്ദാക്കണമെന്ന യുവതിയുടെ ഹരജിയിൽ കേസിന്റെ ജാമ്യവ്യവസ്ഥകളിൽ ഇളവ് അനുവദിക്കുകയും ചെയ്തു.